Image

മാര്‍ ആലഞ്ചേരി പിടിച്ച പുലിവാല്! (ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ)

Published on 22 March, 2018
മാര്‍ ആലഞ്ചേരി പിടിച്ച പുലിവാല്! (ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ)
മാര്‍ ആലഞ്ചേരിക്കുണ്ടായ അനുഭവം വൈദികര്‍ക്കും ഇടവകകളില്‍ നേരിടേണ്ടിവരും എന്ന ശീര്‍ഷകത്തില്‍ വന്ന ശ്രീമാന്‍ ജോസഫ് വാഴക്കന്‍റ്റെ പ്രസ്താവം വായിക്കാനിടയായി. മുക്കാല്‍നൂറ്റാണ്ടിലധികമായി കേരളത്തിലെ കത്തോലിക്കാപ്പള്ളിയുടെ അംഗമെന്ന നിലയില്‍, കണ്ടതിന്‍റ്റെയും, കേട്ടതിന്‍റ്റെയും. അനുഭവിച്ചതിന്‍റ്റെയും വെളിച്ചത്തില്‍ പ്രതികരിക്കാതെ വയ്യ! 2011 സെപ്റ്റംബര്‍ പതിനൊന്നാം തീയതിയിലെ സംഭവത്തിനുശേഷം ന്യൂയോര്‍ക് നഗരത്തിലെ പൊതുസ്ഥലങ്ങളിലും പൊതു വാഹനങ്ങളിലും, പൊതുജനങ്ങളെ ജാഗ്രതയുള്ളവരാക്കുന്നതിനായി ഒരു സന്ദേശം കാണപ്പെട്ടു: "If you see something; say something!"

നമുക്ക് പ്രതികരണത്തിലേക്കു പ്രവേശിക്കാം. ലേഖനത്തിന്‍റ്റെ ശീര്‍ഷകത്തില്‍ പറയുന്നത്: "മാര്‍ ആലഞ്ചേരിക്കുണ്ടായ അനുഭവം വൈദികര്‍ക്ക് ഇടവകകളില്‍ നേരിടേണ്ടിവരുമെന്നാണ്." അത് സംശയമില്ലാത്ത കാര്യമാണ്. ഇന്ന് അല്ലെങ്കില്‍ നാളെ അത് സംഭവിച്ചിരിക്കും! കേരളത്തിലെ എല്ലാ കത്തോലിക്കാ ഇടവകകളിലും രൂപതകളിലും പതിറ്റാണ്ടുകളായി പുരോഹിതന്മാരും മെത്രാന്മാരും ചെയ്യുന്നത് മാത്രമാണ്

മാര്‍ ആലഞ്ചേരി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. പലനാള്‍ വിരുതന്‍ ഒരിക്കല്‍ വീഴുമെന്നാണല്ലോ പ്രമാണം. അതാണ് മാര്‍ ആലഞ്ചേരിക്ക് സംഭവിച്ചത്. വീണടത്തു കിടന്ന് മാര്‍ ആലഞ്ചേരി ഉരുണ്ടു കളിക്കുന്നു, വിദ്യ കാണിക്കുന്നു, വത്തിക്കാന്‍ തന്‍റ്റെ വരുതിയിലാണെന്നു വീമ്പടിക്കുന്നു. പ്രതികരണശേഷി ശോഷിച്ചു പോയ ചിലര്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കാന്‍ ഓടിക്കൂടുന്നു. ഇതാണ് ഇപ്പോഴത്തെ എറണാകുളം കാഴ്ച.

ചങ്ങനാശ്ശേരിയിലും പാലായിലും ഫരീദാബാദിലും മറ്റിടങ്ങളിലുമെല്ലാം എറണാകുളം ആവര്‍ത്തിക്കാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരുകയില്ല!

ലേഖനത്തില്‍ സൂചിപ്പിക്കുന്ന "ആത്മീയതയുടെ വക്താക്കളായ വൈദികര്‍" ആരെന്ന് മനസ്സിലായില്ല. കത്തോലിക്കാസഭയില്‍ മാത്രമല്ല, മറ്റെല്ലാ ക്രിസ്തീയ സഭകളിലും വൈദികര്‍ ആത്മീയതയോട് എന്നേ വിടപറഞ്ഞിരിക്കുന്നു. കണക്കില്ലാതെ, കാശ് വാരിക്കൂട്ടാവുന്ന വിദ്യാഭ്യാസം, ആശുപത്രി, അനാഥമന്ദിരം, കച്ചവടസമുച്ചയം, റിയല്‍എസ്‌റ്റേറ്റ് തുടങ്ങിയ രംഗങ്ങളിലാണ് വൈദികര്‍ ഇപ്പോള്‍ വിലസുന്നത്. അവരുടെ കാമാര്‍ത്തിയെ തൃപ്തിപ്പെടുത്താനും ഈ രംഗങ്ങളിലെ സാന്നിധ്യം സഹായിക്കുമെന്ന് ഫാ. റോബിന്‍ കാണിച്ചു തന്നിട്ടുണ്ടല്ലോ!

ലേഖനത്തില്‍ എടുത്തുപറയുന്ന മറ്റൊരു കാര്യം മര്യാദ ഇല്ലാത്ത ഏതാനും വൈദികരാണ് മാര്‍ ആലഞ്ചേരിയെ ചോദ്യം ചെയ്യുന്നതെന്നാണ്. മാര്‍ ആലഞ്ചേരി മര്യാദക്കാരനാണോ എന്നത് കാത്തിരുന്നു കാണാം.

മര്യാദയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍നില്‍കുന്ന വര്‍ഗ്ഗം എല്ലാമതങ്ങളിലെയും പുരോഹിതന്മാരാണ്. ആ വാക്ക് അവര്‍ക്കു വഴങ്ങുകയില്ല.

ഭൂമിയിടപാട് നടത്താന്‍ കര്‍ദ്ദിനാളിന് നിയമപരമായ അധികാരമുണ്ട്. വളരെ ശരിയാണത്. ഇന്നുവരെ ആരും അതിന് എതിരു പറഞ്ഞതായി കേട്ടില്ല. അധികാരം പ്രയോഗിച്ച രീതിയും അതിന്‍റ്റെ പരിണിത ഫലങ്ങളുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

കീഴിലുള്ളവര്‍ പറയുന്നിടത്തു കണ്ണടച്ച് ഒപ്പിടുന്ന സഭാദ്ധ്യക്ഷന്‍ ജയിലില്‍ പോകാന്‍ അര്‍ഹനാണ്. അതാണ് അദ്ദേഹത്തിന്‍റ്റെ കര്‍ത്തവ്യനിര്‍വഹണത്തിന്‍റ്റെ രീതിയെങ്കില്‍, ഭൂമിയിടപാടിലെ ഏക കുറ്റവാളി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മാത്രമാണെന്ന് പൊതുജനം വിചാരിച്ചെങ്കില്‍ അവരെ പഴിക്കാനാവില്ല.

തെറ്റു ചെയ്തിട്ടുള്ളവര്‍ക്കെതിരെ നടപടിവേണമെന്നുള്ള കാര്യത്തില്‍ ആര്‍ക്കു എതിരില്ല. അതുകൊണ്ടാണ് കാര്യങ്ങള്‍ ഇപ്പോള്‍ കോടതി പരിഗണിക്കുന്നത്. പക്ഷെ, താല്‍പര്യങ്ങള്‍ തമ്മിലുള്ള മത്സരം ഒഴിവാക്കാന്‍ ഉന്നത ന്യായാധിപന്‍ മാറിനില്‍ക്കുന്നത് ഉത്തമമായിരിക്കും.

ഭൂമിയിടപാടു മാത്രമല്ല, സ്കൂളുകളും മെഡിക്കല്‍ കോളേജുകളും ആശുപത്രികളും നടത്താനും അവയുടെ പേരില്‍ കൊള്ള നടത്താനും അവകാശവും അധികാരവും കേരളത്തിലെ കത്തോലിക്കാനേതൃത്വത്തിന് ഉണ്ടെന്നുള്ളത് കേരളത്തിലെ കുട്ടികള്‍ക്കുപോലും അറിയാം. ഇതിനുള്ള അധികാരവും അവകാശവും ഇല്ലെങ്കില്‍ വൈദികനായിട്ടെന്തു മെച്ചം! മെത്രാനോ കര്‍ദ്ദിനാളോ പോപ്പോ ആയിട്ടെന്തു നേട്ടം! പാപപുണ്യങ്ങളും മോക്ഷ നരകങ്ങളും അല്‍മേനിയെ സംബന്ധിച്ചുള്ളതാണ്. അല്‍മേനിയെ സര്‍വപ്രകാരേണ പിഴിഞ്ഞ് “സകല സൗഭാഗ്യങ്ങളും നന്മകളും” അനുഭവിച്ചുകൊണ്ട് മുടിയുംചൂടി നില്‍ക്കാനുള്ളവരാണ് കര്‍ത്താവിന്‍റ്റെ പ്രതിപുരുഷന്മാരെന്ന് സ്വയം അവകാശപ്പെടുന്ന പുരോഹിതവര്‍ഗ്ഗം.

ഭൂമിയിടപാടില്‍ മാര്‍ ആലഞ്ചേരിയെ പ്രതി ആക്കിയിരിക്കുന്നു എന്ന പരാതിയില്‍ കതിരിനേക്കാള്‍ കൂടുതല്‍ പാതിരാണെന്ന് പറയേണ്ടിയിരിക്കുന്നു. അബദ്ധം പറ്റുമ്പോഴും ജാഗ്രത കാണിക്കാത്തപ്പോഴും പ്രതിസ്ഥാനത്തു ചെന്നു പറ്റുന്നത് സാധാരണമാണ്. സഭയുടെ തലവന്‍ എന്ന നിലയില്‍ പാലിക്കേണ്ട ധാര്‍മ്മികതയും വിവേകവും ജാഗ്രതയും മാര്‍ ആലഞ്ചേരി പാലിച്ചില്ല. അതുകൊണ്ട് അദ്ദേഹം സ്വയം പ്രതിസ്ഥാനത്തു പ്രതിഷ്ഠിച്ചു.

മാര്‍ ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന ആവശ്യം ചിലര്‍ ഉന്നയിക്കുന്നുണ്ട്. കര്‍ത്തവ്യത്തില്‍ വീഴ്ച്ച വരുത്തിയെന്നു ബോധ്യപ്പെട്ടാല്‍ ചിലര്‍ സ്വമേധയാ സ്ഥാനം ഒഴിയാറുണ്ട്. ബെനഡിക്ട് മര്‍പ്പാപ്പാതന്നെ ഉത്തമ ഉദാഹരണം. തങ്ങള്‍ തെറ്റിന് അതീതരാണെന്ന് ചിലര്‍ ധരിച്ചുവച്ചിട്ടുണ്ട്. മാര്‍ ആലഞ്ചേരിയെ അക്കൂട്ടത്തില്‍ പെടുത്തുന്നതില്‍ പിശകില്ല. അങ്ങനെയുള്ളവര്‍ക്ക് മാനസാന്തരമുണ്ടാക്കാന്‍ ശക്തമായ ബാഹ്യസമ്മര്‍ദ്ദം കൂടിയേതീരൂ. “ അത് ന്യായവും യുക്തവുമാണ്.”

വൈദികരല്ല; വിശ്വാസികളാണ് സഭയുടെ ശക്തി! അതുകൊണ്ട് സഭയുടെ ശക്തികേന്ദ്രമായ വിശ്വാസികളെ തഴഞ്ഞുകൊണ്ടുള്ള കത്തോലിക്കാസഭയുടെ ഇപ്പോഴത്തെ പോക്കില്‍ കര്‍ദ്ദിനാളും മെത്രാന്മാരും വൈദികരും അനുഭവിക്കേണ്ടിവരും. മാര്‍ ആലഞ്ചേരിക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അതിന്‍റ്റെ ആരംഭം മാത്രമാണ്.

നല്ല രീതിയില്‍ കാര്യങ്ങള്‍ തീരാന്‍വേണ്ടി ചിലര്‍ മൗനം ദീക്ഷിക്കുന്നു എന്ന് ലേഖനത്തില്‍ വായിക്കുന്നു. കാര്യങ്ങള്‍ക്ക് നല്ലരീതിയില്‍ തീര്‍പ്പുണ്ടാക്കുന്നത്തിനു മിണ്ടാതിരിക്കുക എന്ന മാജിക് ഫലപ്രദമാണെന്നുള്ള അറിവ് വിചിത്രമായിരിക്കുന്നു. ചര്‍ച്ചകളാണ് പ്രശ്‌നപരിഹാരത്തിനുള്ള ഉത്തമ പോംവഴി എന്നാണ് മുക്കാല്‍ നൂറ്റാണ്ടായി മനസ്സിലാക്കിയിരുന്നത്. അത് തിരുത്തി മനസ്സിലാക്കണമെന്നോ? കര്‍ദ്ദിനാള്‍ മൗനം ദീക്ഷിക്കുന്നതുപോലെ മറ്റുള്ളവരും ചെയ്തിരുന്നെങ്കില്‍ പ്രശ്‌നം നീതിപീഠത്തിന്‍റ്റെ പരിഗണക്ക് എത്തുമായിരുന്നോ?

മെഴുകുതിരി റാലിയും ജപമാല റാലിയും ആകാമെങ്കില്‍ സാദാ പ്രകടനത്തില്‍ എന്താണ് പിശക്. പിന്നെ, സഭക്കകത്തു പ്രശ്‌നം കൈകാര്യം ചെയ്യേണ്ടിയിരുന്നു എന്ന നിര്‍ദ്ദേശം ഇന്നത്തെ വിശ്വാസികള്‍ ചെവിക്കൊള്ളുകയില്ല. കത്തോലിക്കാസഭയില്‍ നിയമനിര്‍മ്മാണവും, നിയമനിര്‍വഹണവും, നിയമ വ്യാഖ്യാനവും സഭാധികൃതര്‍ തന്നെ നടത്തുന്നു. അവിടെ നീതിക്കെവിടെ ഇടം?, നിഷ്പക്ഷത പ്രതീക്ഷിക്കാമോ? യൂറോപ്യന്‍ രാജ്യങ്ങളില്‍ പള്ളികള്‍ അടച്ചു പൂട്ടുന്നതുപോലെ അരമനക്കോടതികള്‍ക്കും അന്ത്യം സംഭവിച്ചിരിക്കുന്നു.

ളോഹ, ളോഹധാരികള്‍, ളോഹയുടെ പേരില്‍ നടത്തുന്ന അലോഹ്യങ്ങള്‍ എന്നിവയെല്ലാം ലോകത്തിന്‍റ്റെ മുക്കിലും മൂലയിലും ഇന്ന് ഒരു മുഖ്യ ചര്‍ച്ചാവിഷയമായിട്ടുണ്ട്. എന്തും മറച്ചുവക്കാനുള്ള ളോഹയുടെ അപാരമായ കഴിവ് പാരിടമാകെ ഇന്ന് പരിചയമാണ് – പാട്ടാണ്. ളോഹയിടുന്നവരുടെ ചെയ്തികള്‍ മലയാളത്തിലെവിടെയും അങ്ങാടി പാട്ടാണ്. ളോഹയിടുന്നവര്‍ക്ക് വലിയ ഒരു ബഹുമാനം കൊടുക്കുന്നുണ്ട് എന്ന പ്രസ്താവം തള്ളാതെ വയ്യ! ഇന്ന് ളോഹയിടുന്നവര്‍ ആത്മരക്ഷക്കുവേണ്ടി നാളെ ളോഹ വലിച്ചെറിയേണ്ടിവരും! ളോഹക്കകത്തുനിന്നും ഏതു നിമിഷവും പുറത്തുവരാവുന്ന അപകട സാധ്യതകള്‍ ജനങ്ങളെ ജാഗ്രതയുള്ളവരാക്കിയിരിക്കുന്നു. ളോഹധാരികള്‍ ഇതൊരു താക്കീതായി എടുത്താല്‍ നന്ന്.

അഭിഷിക്തരെയും, മുതലാവായന്‍ തൊപ്പിയേയും അംശവടിയെയും ഭയപ്പെടുന്ന വിശ്വാസികള്‍ ഇന്ന് തുലോം കമ്മിയാണ്. മതാദ്ധ്യക്ഷന്മാര്‍ക്കെതിരെ വേണ്ടിവന്നാല്‍ വായ് തുറക്കാനും കോടതി കയറാനും ഇന്നത്തെ വിശ്വാസികള്‍ക്ക് മടിയില്ല. മാര്‍ ആലഞ്ചേരിക്ക് അത് മനസ്സിലായിക്കാണും.

മലയാറ്റൂര്‍ സംഭവത്തില്‍ മരിച്ച വൈദികന്‍റ്റെ കുടുംബാംഗങ്ങളും സഭയും പെട്ടെന്ന് എല്ലാം മറക്കുകയും പൊറുക്കുകയും ചെയ്തു എന്ന് പറയുമ്പോള്‍ അതിന്‍റ്റെ പിന്നില്‍ ഉണ്ടായിരിക്കാവുന്ന 'അജണ്ട' പെട്ടെന്ന് മണ്ടയിലേക്കു ഉരുണ്ടു കയറുന്നു. ആകസ്മികമായി, സീറോമലബാര്‍ സഭക്ക് ഒരു വിശുദ്ധ പദവിക്കുള്ള യോഗം വീണു കിട്ടിയിരിക്കുന്നു. വത്തിക്കാന്‍റ്റെ വര്‍ദ്ധിതമായ വിഹിതമടച്ചെന്നാല്‍ കാര്യം സുഗമമായി. പഴയപോലുള്ള കാലതാമസവും കാത്തിരിപ്പും ഇപ്പോളില്ല. രണ്ട് അത്ഭുതങ്ങള്‍ വേണമല്ലോ എന്നോര്‍ത്തും ആകുലപ്പെടേണ്ട. അത് വത്തിക്കാന്‍ കൈകാര്യം ചെയ്തുകൊള്ളും. സഭക്ക് ഭൂമിയിടപാടിലുണ്ടായ നഷ്ടത്തിന്‍റ്റെ പതിന്മടങ്ങു് വര്‍ഷാവര്‍ഷം പുതിയ വിശുദ്ധന്‍ നേടിക്കൊടുക്കും. കയ്യില്‍ കിട്ടിയ കാര്‍ഡ് കത്തോലിക്കാനേതൃത്വം സമര്‍ത്ഥമായി കളിച്ചിരിക്കുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരളസഭക്ക് കേവലം മൂന്നു വിശുദ്ധരെയാണ് സൃഷ്ടിക്കാന്‍ സാധിച്ചതെന്നു പരിതപിച്ച ഡോക്ടര്‍ ജേക്കബ് തോമസിനും സന്തോഷിക്കാന്‍ വകയായി. അജണ്ട കളിക്കുന്നവര്‍ കണ്ടു പഠിക്കട്ടെ!

മറ്റുള്ളവരുടെ അജണ്ടയെപ്പറ്റിയും അസൂയയെപ്പറ്റിയും വിലപിക്കുന്നത് തന്‍റ്റെ കുറ്റം മറ്റുളളവരുടെ ചുമലില്‍ വച്ച് കെട്ടാനുള്ള വിലകുറഞ്ഞ ശ്രമമാണ്. ഒരു സഭയുടെ തലവന് അത് ഭൂഷണമല്ല. പരിശുദ്ധാന്മാവിന്‍റ്റെ പ്രത്യേക വരം ലഭിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു കര്‍ദ്ദിനാളിന് അത് ഒട്ടും ഭൂഷണമല്ല. ലേഖനത്തില്‍ "അജണ്ടയുടെ" അതിപ്രസരം ഉണ്ടെന്ന് പറയാതെ വയ്യ. അജണ്ട എന്ന് പറയുന്നത് മോശം കാര്യമല്ല. എല്ലാ അജണ്ടകളും നല്ലാതായിരിക്കണമെന്നില്ല; ചീത്തയായിരിക്കണമെന്നുമില്ല. 1950കളില്‍ തെരഞ്ഞെടുപ്പു കാലത്ത്: “അജണ്ടയില്ലാത്ത സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയെ ഒറ്റപ്പെടുത്തുക.” എന്ന മുദ്രാ വാക്യം മുഴങ്ങിക്കേട്ടത് ഓര്‍മ്മിക്കുന്നു.

മലയാറ്റൂരില്‍ കുത്തേറ്റു മരണമടഞ്ഞ വൈദികന്‍റ്റെ വിഷയത്തില്‍ കോട്ടയത്തെ കപ്പൂച്ചിന്‍ സെമിനാരിയിലെ ദൈവശാസ്ത്രാധ്യാപകനായ ഫാ. ജിജോ കുര്യന്‍റ്റെ പ്രസ്താവം ശ്രദ്ധിക്കുക: "സഭ ഒന്ന് പറയും; മറ്റൊന്ന് പ്രവര്‍ത്തിക്കും." ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പായുടെ “റേരും നോവേരും” എന്ന തിരുവെഴുത്ത് സഭാധികാരികള്‍ക്ക് വെറും നേരമ്പോക്കാണ്. അവര്‍ സാമൂഹ്യ നീതിയെപ്പറ്റി വാചാലരാകും. അതിനുശേഷം അദ്ധ്വാനിക്കുന്നവന്‍റ്റെ വിയര്‍പ്പിന്‍റ്റെ വിലയില്‍ ഒരുഭാഗം സ്വന്തം കീശയിലാക്കും. സഭയുടെ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന മാലാഖാമാര്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ സമൃദ്ധമായി പ്രതിഫലം കിട്ടുമെന്നാണ് സഭയുടെ വാഗ്ദാനം. യേശുവില്‍ വിശ്വാസവും കീശയില്‍ ആശ്വാസവുമായി അവര്‍ ഉല്ലസിച്ചും ഉന്മാദിച്ചും വിലസുന്നു.

വടക്കനച്ചന്‍റ്റെ "എന്‍റ്റെ കുതിപ്പും കിതപ്പും" വായിച്ചാല്‍ എല്ലാം വിശദമാകും.

ഭൂമിയിടപാടില്‍ സഭക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനുപരിയായി വഞ്ചന, വിശ്വാസവഞ്ചന, നികുതിവെട്ടിപ്പ്, ഒളിച്ചുകളി എന്നിങ്ങനെ പലകാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അന്വേഷിക്കേണ്ടിയിരിക്കുന്നു. പള്ളിയെ പേടിച്ചിട്ടായിരിക്കാം അന്വേഷണക്കാര്യത്തില്‍ സര്‍ക്കാരിന് മടി ഉള്ളതായി തോന്നുന്നു. കോടതി അക്കാര്യം എടുത്തു പറയുകയുണ്ടായി. കോടതിവിധിയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും അംഗീകരിക്കാന്‍ പറ്റാത്തതാണെന്നു പറയുന്നു. വിധി അംഗീകരിച്ചില്ലെങ്കില്‍ കോടതിക്ക് മാനക്കേടില്ല. അംഗീകരിക്കാത്തവരെ കൈകാര്യം ചെയ്യുവാനും കോടതിക്ക് കരുത്തുണ്ട്.

പണ്ടുകാലത്തെ ചില പാപ്പാമാര്‍ക്ക് പട്ടാളമുണ്ടായിരുന്നു, രാജ്യഭരണമുണ്ടായിരുന്നു, കോടതികളുണ്ടായിരുന്നു, വെപ്പാട്ടിമാരുണ്ടായിരുന്നു. അവയെല്ലാം പഴയകഥകള്‍. ഇന്നത്തെ മാര്‍പ്പാപ്പാ നൂറേക്കറിന്‍റ്റെ ഉടമയാണ്. കേരളത്തിലെ മിക്ക മെത്രാന്മാരും മാര്‍പ്പാപ്പായെ വെല്ലുന്ന ജന്മിമാരാണ്. അതിനു പുറമെ കുരിശൂനാട്ടി കാടു കയ്യേറാന്‍ വിശ്വാസികളെ ഇളക്കിവിടുന്നു. അവര്‍ വസിക്കുന്നത് ബ്രഹ്മാണ്ഡമായ അരമനകളില്‍. സഞ്ചരിക്കുന്നത് ചലിക്കുന്ന കൊട്ടാരങ്ങളില്‍. കൂട്ടുകെട്ട് കോടിപതികളുമായി. വിദേശയാത്ര അവര്‍ക്കു ഹരമാണ്. ഫസ്റ്റ്കഌസില്‍ മാത്രമേ പറക്കുകയുള്ളു. മോതിരം മുത്തണമെന്നത് നിര്‍ബന്ധമാണ്. മോതിരക്കൈ എപ്പോഴും ആറിഞ്ചു മുന്നില്‍ പിടിച്ചിരിക്കും തിരുവയറിനൊപ്പം. പള്ളിക്ക് കാശു കൊടുക്കുന്നതില്‍ വിശ്വാസപറ്റങ്ങള്‍ക്കു പിശുക്കില്ല. പിന്നെ തങ്ങള്‍ എന്തിനു പിശുക്കണം. വിദേശ യാത്രക്ക് മറ്റിടയന്മാര്‍ക്കു മാതൃക മാര്‍ ആലഞ്ചേരി തന്നെ.

ഇക്കാലത്തെ ഇടയന്മാര്‍ക്ക് ആടിന്‍റ്റെ ഗന്ധമില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ പരിതപിച്ചു. കേരളത്തിലെ ഇടയന്മാര്‍ക്ക് ആടിന്‍റ്റെ ഗന്ധമില്ലെങ്കിലും ആടുബിരിയാണിയുടെ മണം ഉണ്ടായിരിക്കും..

മാര്‍ട്ടിന്‍ ലൂഥറിന്‍റ്റെ മതനവീകരണ വിപ്ലവത്തെ പ്രധിരോധിക്കുന്നതിനു പ്രാരംഭമായി പോള്‍ മൂന്നാമന്‍ മാര്‍പ്പാപ്പാ, 1545 ല്‍, ലാറ്ററന്‍ നഗരത്തില്‍ ഒരു സൂനഹദോസ് വിളിച്ചുകൂട്ടി. "ദൈവം എനിക്ക് പാപ്പാ സ്ഥാനം നല്‍കിയിരിക്കുന്നത് സുഖിക്കാനാണ്; ഞാന്‍ സുഖിക്കട്ടെ!" ഇതായിരുന്നു സൂനഹദോസില്‍ അദ്ദേഹം നടത്തിയ ആദ്യ പ്രസ്താവന. സഭക്കുള്ളില്‍ മാറ്റങ്ങള്‍ ആവാം; പക്ഷെ എന്നെ തൊട്ടു കളിക്കേണ്ട എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നും, എല്ലായിടത്തും സഭാധികാരികളുടെ മനോഭാവം ഇതാണെന്നുള്ള കാര്യം ആട്ടിന്‍പറ്റങ്ങള്‍ അറിഞ്ഞിരിക്കണം.

ബാലപീഡകരായ പുരോഹിതരെ പരിപാലിച്ചതിന് അമേരിക്കയിലെ ബോസ്റ്റണ്‍ കര്‍ദിനാളായിരുന്ന ലോ(ഘമം)യെ വിശ്വാസികള്‍ പമ്പ കടത്തി. കര്‍ദിനാള്‍ 'ലോ'ക്ക് ബോസ്റ്റണ്‍ വിടേണ്ടിവന്നത് വിശ്വാസികളുടെ സമ്മര്‍ദ്ദവും, നേര്‍ച്ചപ്പെട്ടിയില്‍ കാശ് വീഴാത്തതുമൂലവുമായിരുന്നു. അതിസമ്പന്നമായിരുന്ന അതിരൂപതയെ പാപ്പരാക്കുന്നതിനും അത് കാരണമായി. മേല്‍പറഞ്ഞതെല്ലാം ആലഞ്ചേരിക്ക് അറിയാവുന്ന കാര്യങ്ങളാണ്.

സഭാസ്വത്തുക്കള്‍ കൈകാര്യം ചെയുന്നതിലെ സുതാര്യതയില്ലായ്മ, സ്കൂളുകള്‍ കോളേജുകള്‍ ആശുപത്രികള്‍ അനാഥശാലകള്‍ എന്നിവയില്‍ നടക്കുന്ന കള്ളക്കച്ചവടം കവര്‍ച്ച അനാശ്യാസങ്ങള്‍, എന്നിവക്ക് വൈദേശികമായ കാനോന്‍ നിയമം കൂട്ട് നില്‍ക്കുന്നെങ്കില്‍ അതിന് തടയിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

തെണ്ടപ്പണംകൊണ്ടു പത്രം നടത്താന്‍ നാണമില്ലാത്തവരാണ് കേരള കത്തോലിക്കാസഭയെ നയിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിശുദ്ധ ഗര്‍ഭം സമ്മാനിച്ചശേഷം കാനഡായിലേക്കു കടക്കാന്‍ ശ്രമിച്ച കര്‍ത്താവിന്‍റ്റെ പ്രതിപുരുഷന് കരുണാപൂര്‍വം കരുതല്‍ നല്‍കിയ സഭയാണ് കേരളത്തിലെ കത്തോലിക്കാസഭ. തൃശൂര്‍ മെത്രാന്‍റ്റെയും, ഇടുക്കി മെത്രാന്‍റ്റെയും ഇടുങ്ങിയ മനസ്സുകളില്‍ ഉദിക്കുന്ന നികൃഷ്ട ആശയങ്ങള്‍ വിളിച്ചുകൂവുന്നത് വിശ്വാസികളെ നാണംകെടുത്തുന്നത് അവര്‍ കൂട്ടാക്കുന്നില്ല. കര്‍ത്താവിന്‍റ്റെ പുതുമണവാട്ടിയുടെ ഘാതകരെ നാനാപ്രകാരേണ വിശുദ്ധ സഭ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.

”കേരളത്തിലെ ഒരു വലിയ പ്രസ്ഥാനമാണ് കത്തോലിക്കാസഭ” എന്നതിനേക്കാള്‍ കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പുപ്രസ്ഥാനമാണ് സഭ എന്നു പറയുന്നതല്ലേ ശരി?

ക്ഷമയുടെയും ത്യാഗത്തിന്‍റ്റെയും നോയമ്പു കാലവുമായി ഇത് എഴുതുന്നവന് 70 വര്‍ഷക്കാലത്തെ പരിചയമുണ്ട്. നോയമ്പു കാലത്തു തട്ടിപ്പും വെട്ടിപ്പും ആരെങ്കിലും നടത്തിയാല്‍ കണ്ണടക്കവും നാവടക്കവും പാലിക്കണമെന്ന് “വേദപാഠമമ്മ” പഠിപ്പിച്ചിട്ടില്ല. ആരുകല്‍പിച്ചാലും ചെവിക്കൊള്ളാന്‍ തീരുമാനിച്ചിട്ടുമില്ല!

പ്രിയപ്പെട്ട സഹോദരിമാരെ! സഹോദരന്മാരെ! ഉണരുക! കണ്ണു തുറന്നു കാണുക. സഭാധികാരികളുടെ തൊഴി വരുമ്പോള്‍ തൊഴുതും തൊലിച്ചും നില്‍ക്കുന്നത് നിറുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അവരുടെ തട്ടിപ്പിലും വെട്ടിപ്പിലും ഇനിയെങ്കിലും വീഴാതെ സൂക്ഷിക്കുക. വിശ്വാസികളാണ് സഭയുടെ കാതല്‍ എന്ന് അവര്‍ തിരിച്ചറിയട്ടെ!

അങ്കമാലിപ്പള്ളിയുടെ കല്ലറയില്‍ കബറടങ്ങിയിരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ ഇവരുടെ തട്ടിപ്പില്‍ പെട്ടുപോയ രക്തസാക്ഷികളാണ് നമുക്കുവേണ്ടി രക്തസാക്ഷികളായവര്‍.

ആ രക്തസാക്ഷികളെ സ്മരിച്ചുകൊണ്ട്, കേരളം മുഴുവന്‍ മുഖരമാക്കിക്കൊണ്ട് ഏക സ്വരത്തില്‍ നമുക്ക് വിളിച്ചു പറയാം:

അങ്കമാലി കല്ലറയില്‍
ഞങ്ങളുടെ സോദരരാണെങ്കില്‍
ആ കല്ലറയാണേല്‍ കട്ടായം
ഞങ്ങളുടെ സഭയെ ഞങ്ങളുടേതാക്കും!
Join WhatsApp News
catholic Vayanakkaran 2018-03-22 12:20:41
Powerful message. I agree with you. Mar. Alancherry should reisign or must be removed. Also he and his Gundas must be investigated and arrested. Also many other Bishops and p riests must be investigated. The police and goverment must take action. The laity people must take all control on a democrativ basis. Rise up laity.
Thomas kannadan 2018-03-22 19:10:08
sir   ,  you  have done  a great job  . this is  nothing but  truth  .  very  educative  
proud of you  sir  

Thomas  kannadan  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക