Image

മകനേ, നിനക്കു വേണ്ടി(കവിത : മാര്‍ഗരറ്റ് ജോസഫ് ))

മാര്‍ഗരറ്റ് ജോസഫ് Published on 26 March, 2018
മകനേ, നിനക്കു വേണ്ടി(കവിത : മാര്‍ഗരറ്റ് ജോസഫ് ))
മകനേ, നിനക്കു വേണ്ടി, 
അമ്മ മനസ്സില്‍ താരാട്ട്;
അമ്മിഞ്ഞപ്പാല്‍ക്കടലായി,
സ്‌നേഹത്തിരയാല്‍ താരാട്ട്,
ജന്മം നിര്‍വൃതിദായകമായ്,
വാത്സല്യത്തില്‍ താരാട്ട്;
ദര്‍ശനപുണ്യം വരമായി,
സ്പര്‍ശനമെന്നില്‍ കുളിരായി,
കൊഞ്ചല്‍ കാതില്‍ ഗീതകമായ്,
ആനന്ദത്തിന്‍ താരാട്ട്;
സര്‍വംസഹയായ്, ക്ഷമയില്‍ ഞാന്‍,
നിറകുടമായ്, കാരുണ്യത്തില്‍,
വിളനിലമായി, ത്യാഗത്തിന്‍,
ഹൃദയത്തുടിയില്‍ താരാട്ട്,
അമ്മത്തൊട്ടിയില്‍ വിട്ടൊരുനാള്‍,
അരുമക്കുഞ്ഞിന് മണ്‍തൊട്ടില്‍;
ഊട്ടിയുറക്കി വളര്‍ത്തി ഞാന്‍,
കൈകള്‍ പിടിച്ചു നടത്തി ഞാന്‍,
ആര്‍ദ്രതയോടെ ലാളിച്ച്,
അക്ഷരദീപം തെളിയിച്ച്,
ജീവിതയാത്രയിലിന്നോളം,
തായ്മരമായി തണലേകി;
മകനേ, നിനക്കു വേണ്ടി,
സുഖദുഃഖത്തിന്‍ താരാട്ട്;
കാലത്തിന്‍ ഘടികാരത്തില്‍,
പ്രായം പതിനെട്ടായിട്ടും,
മുത്തം തന്നൊരു മുത്തല്ലേ?
പ്രിയപ്പെട്ട നിധിയല്ലേ?
മുന്‍ജന്മത്തിലെ ശത്രുക്കള്‍,
മക്കള്‍, ജനനിക്കീ ജന്മം;
സാര്‍ത്ഥമാക്കിയീ ചൊല്ല്
സാഹസമെന്‍നേര്‍ക്കോ? കഷ്ടം!
പെറ്റമ്മ, മൃതി,യിവരണ്ടും,
മര്‍ത്ത്യന്‍ മണ്ണില്‍ സത്യങ്ങള്‍;
നല്‍ക്കണിയേകിയ പൈതല്‍ നീ,
ദുഷ്‌ക്കര്‍മ്മങ്ങളിലേര്‍പ്പെട്ട്,
നിന്നുണ്‍മയ്ക്കു സമര്‍പ്പിച്ച,
മാംസളപാത്രമുടയ്ക്കുന്നോ?
ലഹരിയിലുന്മാദം പൂണ്ട്,
കൊലവിളിയോടെ പാഞ്ഞെത്തി,
കലിതുള്ളുന്ന പിശാചായി,
ബന്ധം വെട്ടിമുറിക്കുന്നോ?
എന്‍മിഴിവാതിലടയ്ക്കട്ടെ!
നിശ്ചലവേദി തുറക്കട്ടെ!
സഹനം പട്ടട തീര്‍ക്കട്ടെ!
മന്നിന് വിസ്തൃതിയാകട്ടെ.
മകനേ, നിനക്കുവേണ്ടി,
മരണത്തുടിയില്‍ താരാട്ട്.



മകനേ, നിനക്കു വേണ്ടി(കവിത : മാര്‍ഗരറ്റ് ജോസഫ് ))
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക