Image

യു.പി ബലാത്സംഗം: അന്വേഷണം സി.ബി.ഐക്ക്‌, എം.എല്‍.എക്കെതിരെ കേസെടുത്തു

Published on 12 April, 2018
യു.പി ബലാത്സംഗം:  അന്വേഷണം സി.ബി.ഐക്ക്‌, എം.എല്‍.എക്കെതിരെ കേസെടുത്തു


ലഖ്‌നൗ: ഉന്നാവ്‌ ബലാത്സംഗത്തില്‍ കുറ്റരോപിതാനായ ഉത്തര്‍പ്രദേശ്‌ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ്‌ സിങ്‌ സെനഗറിനെതിരെ കേസെടുത്തു. ഇരയുടെ നിരന്തര പ്രതിഷേധത്തിനൊടുവിലാണ്‌ കേസെടുത്തത്‌. ബലാത്സംഗ കേസിന്റേയും, കേസിലെ ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണത്തിന്റേയും അന്വേഷണം സി.ബി.ഐക്ക്‌ വിടാനും യു.പി സര്‍ക്കാര്‍ തീരുമാനിച്ചു.

പോക്‌സോ കുറ്റമടക്കം ചുമത്തി ഇന്ന്‌ പുലര്‍ച്ചയാണ്‌ ഉന്നാവ്‌ മാഖി പൊലിസ്‌ സ്‌റ്റേഷനില്‍ എം.എല്‍.എക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

ഏറെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബുധനാഴ്‌ച അര്‍ദ്ധ രാത്രിയാണ്‌ കേസ്‌ സി.ബി.ഐക്ക്‌ വിടാനുള്ള തീരുമാനമുണ്ടായത്‌. നൂറോളം അനുയായികള്‍ക്കൊപ്പം ബുധനാഴ്‌ച അര്‍ദ്ധരാത്രിയോടെ കുല്‍ദീപ്‌ സിങ്‌ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്റെ വീട്ടിലെത്തയത്‌ ഏറെ നാടകീയത സൃഷ്ടിച്ചു. കീഴടങ്ങനാണ്‌ എം.എല്‍.എ എത്തിയതെന്നായിരുന്നു ഏവരും കരുതിയിരുന്നത്‌.

എന്നാല്‍ താന്‍ ഇവിടെ തടിച്ചുകൂടിയ മാധ്യമങ്ങളെ കാണാനാണ്‌ വന്നതെന്നായിരുന്നു കുല്‍ദീപ്‌ സിങ്‌ പ്രതികരിച്ചത്‌. താന്‍ ഒളിവിലല്ലെന്ന്‌ ബോധ്യപ്പെടുത്താനാണ്‌ എത്തിയതെന്നു അദ്ദേഹം വിശദീകരിച്ചു.

ഇതിന്‌ ശേഷമാണ്‌ സി.ബി.ഐ അന്വേഷണത്തിന്‌ സര്‍ക്കാര്‍ ഉത്തരവിട്ടത്‌. ബലാത്സംഗ കേസിനൊപ്പം പെണ്‍ക്കുട്ടിയുടെ പിതാവ്‌ കസ്റ്റഡിയില്‍ മരിച്ച സംഭവവും സി.ബി.ഐ അന്വേഷിക്കും. പിതാവിന്റെ കസ്റ്റഡി മരണത്തില്‍ നേരത്തെ എം.എല്‍.എയുടെ സഹോദരനെ പൊലിസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക