Image

സ്‌നേഹത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ്പുകള്‍ (വാല്‍ക്കണ്ണാടി: കോരസണ്‍)

Published on 13 April, 2018
സ്‌നേഹത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ്പുകള്‍ (വാല്‍ക്കണ്ണാടി: കോരസണ്‍)
2018 മാര്‍ച്ച് 29 വെള്ളിയാഴ്ച ഫ്രാന്‍സിലെ ഒരു ദുഃഖവെള്ളിയാഴ്ച്ച തന്നെയായിരുന്നു. അന്നും പതിവുപോലെ തെക്കന്‍ ഫ്രാന്‍സിലെ ട്രെബിസിലുള്ള ഒരു സാധാരണ സൂപ്പര്‍യു സൂപ്പര്‍മാര്‍കെറ്റില്‍ ആളുകള്‍ നിയോപഗ സാമഗ്രികള്‍ വാങ്ങുന്ന തിരക്കിലായിരുന്നു. മൊറോക്കന്‍ വംശജനായ 26 വയസ്സുകാരനായ, ഇസ്ലാമിക ഭീകരത തലക്കുപിടിച്ച, ലക്ടിം ഒരു കാര്‍ കാര്‍ക്കാസോണില്‍ നിന്നും തട്ടിയെടുത്തു സൂപ്പര്‍മാര്‍ക്കറ്റിലേക്കു പാഞ്ഞു. പോകുന്ന വഴിതന്നെ, അയാള്‍ യാത്രക്കാരനെ വകവരുത്തി, ഹൈജാക്ക് ചെയ്ത വണ്ടിയുടെ െ്രെഡവറെയും പോലീസ് കൂട്ടത്തിനും നേരെ നിറ ഒഴിച്ചിരുന്നു.

താന്‍ ഒരു ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭടനെന്ന് ഉച്ചത്തില്‍ അലറുകയും സൂപ്പര്‍മാര്‍കെറ്റില്‍ രണ്ടുപേരേ തോക്കിനിരയാക്കുകയും ചെയ്തു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. 2015 ഇല്‍ 130 പേരുടെ കിരാത കൂട്ടക്കൊലക്കു ഉത്തരവാദിയായ സലാഹ് അബ്ദെസ്ലാമിനിറ്റെ മോചനമാണ് തന്റെ ഉദ്ദേശമെന്ന് പ്രഖ്യാപിച്ചു. ഒരു സ്ത്രീയെ മറയാക്കി തോക്കു നീട്ടി അയാള്‍ അട്ടഹസിക്കുകയായിരുന്നു. തന്റെ ഉദ്ദേശം സാധിച്ചില്ലെങ്കില്‍, ഏറ്റവും കൂടുതല്‍ മരണം അതായിരുന്നു അയാളുടെ ലക്ഷ്യം.

ഫ്രാന്‍സില്‍ ഇത്തരം അക്രമങ്ങള്‍ നേരെത്തെ അരങ്ങേറിയിരുന്നു. അതിനാല്‍ പോലീസ് സേനക്ക് പുതിയ സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനം നല്‍കപ്പെട്ടിരുന്നു. പോലീസ് സന്നാഹം പുറത്തു നിലയുറപ്പിച്ചു, ഭീകരന്റെ നീക്കങ്ങള്‍ വിലയിരുത്തുന്നതിനിടെ അകത്തു വെടിഉച്ചകള്‍ കേട്ടുതുടങ്ങി. ലെഫ്റ്റിനെന്റ് കേണല്‍ ആര്‍നോഡ് ബെല്‍ട്രമേ ഒരു പോയിന്റ്മാനായി അകത്തു പ്രവേശിച്ചു. പുറത്തുനില്‍ക്കുന്ന പോലീസുകാര്‍ക്ക് കേള്‍ക്കത്തക്കവണ്ണം തന്റെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തു അടുത്തിരുന്ന മേശപ്പുറത്തുവച്ചു. ആ സ്ത്രീക്കുപകരം ബന്ധിയാകാന്‍ താന്‍ തയ്യാറാണെന്ന് രണ്ടു കയ്യുംപൊക്കി പോലീസ് വേഷത്തില്‍ ലെഫ്റ്റിനെന്റ് കേണല്‍ ബെല്‍ട്രമേ വിളിച്ചുപറഞ്ഞു. ഭീകരന്‍ സ്ത്രീക്കുപകരം ലെഫ്റ്റിനെന്റ് കേണല്‍ ബെല്‍ട്രമേയെ കവചമായി മുന്നില്‍ പിടിച്ചു. വീണ്ടും വെടിയൊച്ചകള്‍ കേട്ട് തുടങ്ങിയപ്പോള്‍ പോലീസ് സന്നദ്ധസേന ഇരച്ചുകയറി ഭീകരനെ വധിച്ചു. അപ്പോഴേക്കും ബെല്‍ട്രമേയുടെ കഴുത്തു ഭീകരന്‍ അറുത്തിരുന്നു.

അടിയന്തര ഘട്ടങ്ങളില്‍ ഏര്‍പ്പെടേണ്ട പോലീസ് തന്ത്രങ്ങള്‍ ഉള്ളപ്പോള്‍ തന്നെ,ഏതു സാഹചര്യത്തിലും സ്വന്തം ജീവന്‍വച്ചു വിലപേശാന്‍ പോലീസിനെ അനുവദിച്ചിരുന്നില്ല. തനിക്കു ജീവന്‍ തിരിച്ചു ലഭിക്കും എന്ന് യാതൊരു ഉറപ്പുമില്ലാതെയാണ് 44 വയസ്സുകാരനായ ലെഫ്റ്റിനെന്റ് കേണല്‍ ബെല്‍ട്രമേ അപരിചിതയായ സ്ത്രീക്കുവേണ്ടി ജീവന്‍ പകരം നല്‍കിയത്. ബന്ധിയായി ഭീകരന്‍ പിടിച്ചിരുന്ന ചെക്ക്ഔട്ട് ക്ലര്‍ക് ജൂലി തന്റെ രണ്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ മാറോടുചേര്‍ത്തുപിടിച്ചു, അര്‍നോഡ് ബെല്‍ട്രമേയുടെ ചിത്രത്തിന് മുന്‍പില്‍ മെഴുകുതിരി കത്തിച്ചു. എങ്ങനെയാണു ഇദ്ദേഹത്തോടു നന്ദി പറയുക? അദ്ദേഹത്തിന്റെ വീരചരമം ഫ്രഞ്ച് ജനതയുടെ ഹൃദയത്തില്‍ ആഴമായ മുറിവേല്‍പ്പിച്ചു. ഫ്രാന്‍സ് മാത്രമല്ല, ഭീകരതയുടെ നിണമുണങ്ങുന്ന യൂറോപ്പ് ഒന്നാകെ ഈ പോലീസ് ഉദ്യോഗസ്ഥന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

ഈ സംഭവത്തിനു ശേഷം ഉള്ള ദിവസങ്ങള്‍ ക്രിസ്ത്യാനികള്‍ കര്‍ത്താവിന്റെ പീഠാനുഭവത്തെ അനുസ്മരിക്കുന്ന സമയമായിരുന്നു. പതിവുപോലെ ദേവാലയത്തില്‍ 'മനുഷ്യ പാപങ്ങളുടെ പരിഹാരമായി ദൈവപുത്രന്‍ കുരിശില്‍ യാഗമായ കഥ പറയുകയാണ്. 700 വര്‍ഷം മുന്‍പ് നടത്തപ്പെട്ട യെശയ്യാ പ്രവചനമാണ് ക്രിസ്തുവിന്റെ പരിഹാര യാഗമെന്നു ചെറുപ്പം മുതല്‍ കേട്ടിരുന്നു.

ലോകത്തിന്റെ പാപത്തെ കുരിശില്‍ വഹിച്ച കുഞ്ഞാട്! ഇതിന്റെ പൊരുള്‍ ഒന്നും മനസ്സിലാവാതെ വെറുതെ പുലമ്പുകയായിരുന്നു ഓരോ തവണയും. ഒരാളുടെ പാപത്തിന്റെ ശിക്ഷ വേറൊരാള്‍ അനുഭവിച്ചാല്‍ അത് എന്ത് നീതിയാകും? ആത്മാവിന് ജനനമോ മരണമോ വളര്‍ച്ചയോ വീണ്ടെടുപ്പോ മോക്ഷമോ ഒക്കെ ഉണ്ടാവുമോ? ബലികളിലും ഹോമയാഗങ്ങളിലും ഇനിയും പ്രസാദിക്കുന്ന ദൈവമല്ല, അന്ത്യബലിയായ ദൈവപുത്രന്‍റെ ബലിക്കു ശേഷവും, പിന്നെയും എന്തേ നിലയ്ക്കാത്ത യാഗങ്ങളുടെ തുടര്‍ച്ച? വ്യക്തമായഉദാഹരണങ്ങള്‍ ഇല്ല. ജനിച്ചുവീണ വിശ്വാസ പ്രമാണങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടാനുള്ള അധൈര്യവും, കുഞ്ഞു ചോദ്യങ്ങള്‍ നിഷ്കരുണം പരിഹസിച്ചു പിച്ചി ചീന്തപ്പെടുമ്പോഴും, ഒരുപക്ഷേ സത്യം മറമാറ്റി കാണിച്ചുതരാന്‍ വേണ്ടിമാത്രം ആയിരിക്കാം ഇത്തരം ലെഫ്റ്റിനെന്റ് കേണല്‍ ബെല്‍ട്രമേ ജീവിതങ്ങള്‍ ബാക്കിയാവുന്നത്.

തണുത്തു മരവിച്ച ഒരു സായംസന്ധ്യയില്‍, അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി. സി. യിലുള്ള വാഷിംഗ്ടണ്‍ മാളിനടുത്തു ഉള്ള ട്രാഫിക് സിഗ്‌നലില്‍ വെയിറ്റ് ചെയ്യുകയായിരുന്നു. വെളുത്ത ഒരു ലാന്‍ഡ്‌റോവര്‍ അടുത്ത് വന്നു നിറുത്തി. അതിന്റെ ഡോര്‍ തുറന്നു, നന്നായി വേഷം ധരിച്ച ഒരാള്‍ പുറത്തേക്കു ഓടുന്നു. ഒരു ഷോപ്പിംഗ് കാര്‍ട്ടില്‍ നിറയെ പ്ലാസ്റ്റിക് ബാഗുകള്‍ നിറച്ചു കെട്ടിയ സാധനങ്ങളുമായി മുഷിഞ്ഞ വേഷത്തില്‍ ഒരു ആഫ്രിക്കന്‍ റോഡിനരികിലൂടെ പോകയായിരുന്നു. അയാളുടെ അടുത്തേക്കാണ് ലാന്‍ഡ്‌റോവറില്‍ നിന്നും ഇറങ്ങിയോടിയ െ്രെഡവര്‍ പോയത്. പകുതി ഉണ്ടായിരുന്ന സ്‌കോച്ച് വിസ്കിക്കുപ്പി തണുത്തു വിറച്ചു പോകുന്ന ആഫ്രിക്കക്കാരനു കൊടുത്തിട്ടു തിരികെ ലാന്‍ഡ്‌റോവറിലേക്കു തിരിച്ചു ഓടി വന്നു. ആഫ്രിക്കക്കാരന്‍ അപ്പോള്‍ തന്നെ കുപ്പിയില്‍ നിന്നും വിസ്കി നേരിട്ടു കുടിച്ചു തുടങ്ങി. കൈവീശി നന്ദി പറഞ്ഞു നടന്നുനീങ്ങി. വീണ്ടും ലാന്‍ഡ്‌റോവറിലെ െ്രെഡവര്‍ ഓടി വരുന്നത്തില്‍ പരിഭ്രമിച്ചു ആഫ്രിക്കക്കാരന്‍ കുപ്പി തിരികെ നല്കാന്‍ നീട്ടി. തന്റെ പോക്കറ്റില്‍ നിന്നും വലിച്ചെടുത്ത ഒരുപിടി ഡോളര്‍ ആഫ്രിക്കക്കാരന്റെ പോക്കറ്റിലേക്ക് തിരിക്കിവച്ചു അയാളെ കെട്ടിപ്പിടിച്ചു മൂര്‍ദ്ധാവില്‍ ഉമ്മ വെയ്ക്കുന്ന വെള്ളക്കാരന്‍!! കണ്ണ് നിറഞ്ഞു തുളുമ്പിയ നിമിഷങ്ങള്‍, അപ്പോഴേക്കും ചുവന്ന ലൈറ്റ് മാറി പച്ച വിളക്ക് തെളിഞ്ഞിരുന്നു. ഈ സംഭവം നേരില്‍ കണ്ട ബെന്നിയും ഷൈനിയും വിവരിക്കുമ്പോള്‍ അറിയാതെ ഇടറുന്നുണ്ടായിരുന്നു.

ഒരായിരം ലില്ലിപ്പൂക്കള്‍ മഞ്ഞില്‍ വിരിഞ്ഞതുപോലെ. എവിടൊക്കെയോ കുരിശച്ച രൂപങ്ങളില്‍ നിന്നും , ആണിപ്പാടുകളോടെ ഉയര്‍ന്നു പൊങ്ങിയ ആത്മീയത! ആരാധനങ്ങളിലെ ഉയിര്‍പ്പിന്റെ അനുകരണ ആഘോഷങ്ങളായല്ല, ഫ്രാന്‍സിലെ സുപ്പര്‍മാര്‍കെറ്റില്‍ ലെഫ്റ്റിനെന്റ് കേണല്‍ ബെല്‍ട്രമേ ആയിട്ടും, വാഷിങ്ങ്ടണില്‍ അപരിചിതനായിട്ടും ഉയിര്‍പ്പിന്റെ സന്ദേശം ജീവിക്കുന്നു.

അവന്‍ നമുക്കുവേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാല്‍ നാം സ്‌നേഹം എന്ത് എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാര്‍ക്കുവേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു. (1 യോഹന്നാന്‍ 3 ;16).

-The famous French sociologist Émile Durkheim calls such actions “atlruistic suicide” – a person sacrificing his/her life for the benefit of the group.
സ്‌നേഹത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ്പുകള്‍ (വാല്‍ക്കണ്ണാടി: കോരസണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക