Image

ശക്തമായ നടപടിയുണ്ടാകണം (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 14 April, 2018
ശക്തമായ നടപടിയുണ്ടാകണം  (ബാബു പാറയ്ക്കല്‍)
ജനുവരി ആദ്യ വാരത്തിലെ ഒരു ദിവസം. കാശ്മീരിലെ ആട്ടിടയരായ നാടോടി സമൂഹത്തിലെ എട്ടു വയസ്സുള്ള അസീഫാബാനോ എന്ന പെണ്‍കുട്ടി അവളുടെ കുതിരയെ പുല്‍തകിടിയില്‍ തീറ്റുകയായിരുന്നു. വനപ്രദേശത്തോടു ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ്. അടുത്ത് ഒരു ഹിന്ദു ക്ഷേത്രമുണ്ട്. ഒരാള്‍ അല്പം മാറിനിന്ന് അവളെ കയ്യാട്ടി വിളിച്ചു. എന്താണെന്നറിയാന്‍ നിഷ്‌കളങ്കയായ പെണ്‍കുട്ടി അങ്ങോട്ടു നടന്നു. അയാള്‍ അവളുടെ കഴുത്തിനു പിടിച്ച് വാപൊത്തിക്കൊണ്ട് വനത്തിനുള്ളിലേക്കുപോയി. അവളെ ബലമായി ഉറക്കഗുളിക കൊടുത്ത് മയക്കിയിട്ട് അടുത്തുള്ള ക്ഷേത്രത്തിലേക്കു കൊണ്ടുപോയി അകത്തു പൂട്ടിയിട്ടു. അടുത്ത മൂന്നു ദിവസം മൂന്നു പേര്‍ നിരവധി തവണ ആ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. അതിക്രൂരമായി ബലാല്‍സംഗം ചെയ്തു കുട്ടിബോധരഹിതയായി. അതിനുശേഷം ആ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊല്ലുവാന്‍ തീരുമാനിച്ചു. ആ ക്രൂരകൃതം ചെയ്യുന്നതിനു മുമ്പായി ഒന്നുകൂടി അയാള്‍ കാമാസക്തിയില്‍ ആ പിഞ്ചു ശരീരം പിച്ചിചീന്തി. തുടര്‍ന്ന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. എന്നിട്ടും ശ്വാസം നിലച്ചിട്ടില്ലെന്നു തോന്നിയ അവര്‍ ഒരു വലിയ കല്ലെടുത്ത് ആ കുരുന്നിന്റെ തലയില്‍ ആഞ്ഞടിച്ചു മരണം ഉറപ്പാക്കി ശവശരീരം വനത്തില്‍ ഉപേക്ഷിച്ചു.

മകളെ കാണാനില്ലെന്നു മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമായ യാതൊരു അന്വേഷണവും അവര്‍ നടത്തിയില്ല. ഏതാനും ദിവസങ്ങള്‍ക്കുശേഷം ആ പിഞ്ചോമനയുടെ പിച്ചിച്ചീന്തിയ ശവശരീരം കണ്ടുകിട്ടി. പോലീസ് ദ്രുതഗതിയില്‍ അന്വേഷണം നടത്തി എട്ടുപേരെ അറസ്റ്റു ചെയ്തു. അതില്‍ രണ്ടുപേര്‍ പോലീസുകാരായിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍, അഥവാ അന്വേഷണം വഴി തിരിച്ചുവിടാന്‍ ലക്ഷക്കണക്കിനുരൂപ കൈക്കൂലി വാങ്ങിയവര്‍. അറസ്റ്റിലായവര്‍ കുറ്റസമ്മതം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്തുവന്നത്. ആട്ടിടയന്മാരായ നാടോടി സമൂഹത്തെ അവിടെനിന്നും തുരത്തിഓടിക്കാന്‍ വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഇന്ത്യന്‍ പോലീസിനെ ഉദ്ധരിച്ച് ഏപ്രില്‍ 12ന്റെ ന്യൂയോര്‍ക്ക് ടൈസ് പ്രസിദ്ധീകരിച്ച വാര്‍ത്തയാണു മുകളില്‍ കൊടുത്തത്. ആരു ശിക്ഷിക്കപ്പെടും ആര്‍ക്കു നീതികിട്ടുമെന്നൊക്കെയുള്ള കാര്യങ്ങള്‍ കാത്തിരുന്നു കാണേണ്ടതാണ്. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പാവപ്പെട്ട അമ്മമാരുടെ അടുക്കല്‍ നിന്നും പെണ്‍കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു വലിച്ചെറിയുന്ന സംഭവങ്ങള്‍ പുതിയ കാര്യമൊന്നുമല്ല. കേരളത്തില്‍ പോലും സൗമ്യയും ജിഷയുമൊക്കെ സമൂഹത്തിനു നേരെ ചോദ്യചിഹ്നമായി നില്‍ക്കുമ്പോള്‍ ലജ്ജിക്കാതെ തരമില്ല. എന്നാല്‍ അധികവും ബലാല്‍സംഗക്കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതുകൊണ്ടാണ് ഈ കുറ്റകൃത്യം പെരുകുന്നത് എന്നതാണു സത്യം.

എന്നാല്‍ അസീഫാ ബാനോ എന്ന പിഞ്ചുപെണ്‍കുട്ടി ബലിയായത് ഏതാനും പേരുടെ കാമാസക്തിയുടെ പേരില്‍ മാത്രമല്ല. തങ്ങളുടെ മതത്തിലല്ലാതെ മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യുവാനുള്ള വ്യഗ്രത ഭാരതസംസ്‌ക്കാരത്തിനും മാനവികതയ്ക്കും ആപത്താണ്. ഇറാക്കില്‍ യെസീദി സമൂഹത്തെ തുടച്ചുനീക്കുവാന്‍ ഐസീസ് തീവ്രവാദികള്‍ അവരുടെ ഗ്രാമങ്ങളില്‍ കയറി പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോയി ലൈംഗീകാസക്തിക്കുവേണ്ടി ഉപയോഗിക്കുകയും ആണുകളെ വെടിവെച്ചു കൊല്ലുകയും ചെയ്ത കാഴ്ച നാം കണ്ടതാണ്. ഭാരത മണ്ണില്‍ ഈ തീവ്രവാദം വളരുകയില്ലെന്നുറപ്പുവരുത്തേണ്ടത് ഭരിക്കുന്ന സര്‍ക്കാരാണ്. ബി.ജെ.പി. അധികാരത്തില്‍ വന്നശേഷം ഹൈന്ദവ തീവ്രവാദ സംഘടകള്‍ ശക്തിയാര്‍ജ്ജിച്ചുവെന്നതു പ്രത്യക്ഷമായ സത്യമാണ്. അവരോടു സര്‍ക്കാരിനും അധികാരികള്‍ക്കുമുള്ള മൃദുല സമീപനമാണ് ഇതിനു കാരണം. പശുവിനെ കൊല്ലുന്നവനെ തല്ലികൊല്ലാനും സദാചാര പോലീസ് ചമയാനും മറ്റു മതങ്ങളിലേക്കു മതപരിവര്‍ത്തനം നടത്തിയവരെ ബലമായി 'ഘര്‍വാപ്പസി' നടത്തി തിരിച്ചുകൊണ്ടുവരാനും തങ്ങളുടെ തത്വസംഹിതയെ വിമര്‍ശിക്കുന്നവരെ വെട്ടിക്കൊല്ലാനും പ്രാദേശികമായ വിഷയങ്ങളില്‍ സംഘടനാ ബലം കൊണ്ടു ഭീതി പരത്തി കാര്യങ്ങള്‍ നേടാനുമൊക്കെ കൂടുതലായി യുവാക്കളെ രംഗത്തിറക്കുവാന്‍ നേതാക്കന്മാര്‍ക്കു കഴിയുന്നത് കുറ്റുകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ അവര്‍ക്കു കഴിയുന്നതുകൊണ്ടാണ്. ഉത്തര്‍പ്രദേശില്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ടപ്പോള്‍ ആ കുറ്റകൃത്യം ചെയ്ത ബി.ജെ.പി.യുടെ സ്ഥലം എം.എല്‍.എയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടു. എന്നാല്‍ പോലീസുകാര്‍ ആ പിതാവിനെ ലോക്കപ്പില്‍ അടച്ച് രാത്രിയില്‍ തല്ലിക്കൊന്ന് ശവമാണ് വീട്ടുകാര്‍ക്കു നല്‍കിയത്. സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ യാതൊരുവിധ നടപടിയും ഉണ്ടാകില്ലായിരുന്നു.
കാളകൂട വിഷം ചീറ്റുന്ന തീവ്രവാദ സംഘടനകളെ വരിധിക്കുനിര്‍ത്താന്‍ ഭരിക്കുന്ന സര്‍ക്കാരിനായില്ലെങ്കില്‍ പിന്നീടു വലിയ വില കൊടുക്കേണ്ടിവരും. വിവിധ ജാതിയിലും മതത്തിലും വിശ്വസിക്കുന്ന ജനങ്ങള്‍ സൗഹാര്‍ദ്ദത്തില്‍ നൂറ്റാണ്ടുകളായി ഭാരതത്തില്‍ ജീവിക്കുന്നവരാണ്. ആ സൗഹൃദം നശിപ്പിക്കാന്‍ നോക്കാതെ എല്ലാ ഭാരതീയരുടെയും ജീവിത നിലവാരം ഉയര്‍ത്താനാണു ഭരണം ഏറ്റെടുത്തവര്‍ നോക്കേണ്ടത്. ദേവാലയങ്ങള്‍ ബലാല്‍സംഗ കളരികളും വിഭാഗീയ ചിന്തകളുടെ പണിപ്പുരകളും ആയുധപ്പുരകളുമായി മാറുമ്പോള്‍ സാമൂഹ്യനീതീകരണത്തിനും ജീവിത സ്വാതന്ത്ര്യത്തിനും വേണ്ടി വിപ്ലവങ്ങള്‍ സൃഷ്ടിക്കപ്പെടും. അച്ഛാ ദിന്‍ വാഗ്ദാനം ചെയ്തവരെ പുച്ഛിക്കുന്ന ദിനങ്ങളായിരിക്കും പിന്നീടുണ്ടാവുക.

അസീഫാ ബാനോ എന്ന പെണ്‍കുട്ടിയുടെ അടയാത്ത കണ്ണുകള്‍ സമൂഹത്തിനു നേരേ തുറന്നിരിക്കുന്ന വലിയ ഒരു ചോദ്യചിഹ്നമാണ്. ഭാരതത്തിലെ 132 കോടി ജനങ്ങളോടും ആ പെണ്‍കുട്ടി ചോദിക്കുന്നു, ഞാന്‍ ഇന്ത്യയില്‍ ജനിച്ചതുകൊണ്ടാണോ എനിക്കിതു സംഭവിച്ചത്?'

ഞാനും നിങ്ങളുമടങ്ങുന്ന സമൂഹം അതിനുത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഇങ്ങനെയുള്ള സംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തുനിയാതെ കണ്ണടച്ചിരുട്ടാക്കുന്ന നേതാക്കന്മാര്‍ നാടിനെ വലിയ വിപത്തിലേക്കാണു നയിക്കുന്നതെന്നതിനു സംശയമില്ല.

ശക്തമായ നടപടിയുണ്ടാകണം  (ബാബു പാറയ്ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക