സോള്‍: ഉത്തരകൊറിയ തട്ടിക്കൊണ്ടുപോവുകയും അവിടെനിന്ന് എട്ടുവര്‍ഷത്തിനു ശേഷം സംഭവബഹുലമായ രീതിയില്‍ രക്ഷപ്പെടുകയും ചെയ്ത പ്രശസ്ത ദക്ഷിണകൊറിയന്‍ നടി ചോയി യുന്‍ ഹീ(91) അന്തരിച്ചു. ദക്ഷിണ കൊറിയന്‍ സിനിമയുടെ രാജ്ഞിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ചോയിയെ 1978 ലാണ് ഉത്തരകൊറിയ തട്ടിക്കൊണ്ടുപോയത്.
നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവും ഉത്തരകൊറിയയുടെ മുന്‍ ഭരണാധികാരിയുമായിരുന്ന കിം ജോങ് ഇല്ലാണ് ചോയിയെ തട്ടിക്കൊണ്ടുവരാന്‍ ചാരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഉത്തരകൊറിയന്‍ ചാരന്മാര്‍ അദ്ദേഹത്തിന്റെ നിര്‍ദേശം അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു.
ചോയിയുടെ ഭര്‍ത്താവും ദക്ഷിണകൊറിയിയിലെ പ്രശസ്ത സംവിധായകനുമായിരുന്ന ഷിന്‍ സാങ് ഓക്കിനെയും പിന്നീട് ഉത്തരകൊറിയയില്‍ എത്തിച്ചു. എട്ടുവര്‍ഷത്തിനു ശേഷം 1986 ല്‍ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ പോയതിനിടെയാണ് ചോയിയും ഷിനും ഉത്തരകൊറിയയില്‍നിന്ന് രക്ഷപ്പെടുന്നത്. ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തതിനു ശേഷം ഇവര്‍ വിയന്നയിലെ യു എസ് എംബസിയിലെത്തി അഭയം തേടുകയായിരുന്നു.