Image

എയര്‍ഇന്ത്യ വിമാനം പറക്കുന്നതിനിടെ കുലുക്കം; മൂന്ന്‌ പേര്‍ക്ക്‌ പരുക്ക്‌

Published on 22 April, 2018
എയര്‍ഇന്ത്യ വിമാനം പറക്കുന്നതിനിടെ  കുലുക്കം; മൂന്ന്‌ പേര്‍ക്ക്‌ പരുക്ക്‌


ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ പറക്കുന്നതിനിടെയുണ്ടായ ശക്തമായ കുലുക്കത്തില്‍ മൂന്ന്‌ പേര്‍ക്ക്‌ പരുക്കേറ്റു. കുലുക്കത്തെ തുടര്‍ന്ന്‌ വിമാനത്തിന്റെ ജനല്‍പ്പാളി അടര്‍ന്ന്‌ വന്നു. അമൃത്സറില്‍ നിന്ന്‌ ഡല്‍ഹിയിലേക്ക്‌ പുറപ്പെട്ട വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു സംഭവം.

240 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്‌. പുറപ്പെട്ട്‌ 10-15 മിനിറ്റുകള്‍ക്കുള്ളിലാണ്‌ കുലുക്കം അനുഭവപ്പെട്ടത്‌. സംഭവ സമയം വിമാനം 8000 മുതല്‍ 21000 അടി വരെ ഉയരത്തിലായിരുന്നു. ബെല്‍റ്റിടാതെയിരുന്ന യാത്രക്കാരിലൊരാള്‍ കുലുക്കത്തിന്റെ ആഘാതത്തില്‍ മുകളിലേക്ക്‌ പൊങ്ങിപ്പോവുകയും തല മുകളിലിടിച്ച്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. ബാക്കി രണ്ട്‌ പേര്‍ക്കും നിസാരമായ പരുക്കാണ്‌ ഉണ്ടായിരുന്നത്‌.

കുലുക്കത്തെ തുടര്‍ന്ന്‌ വിമാനത്തിന്റെ അകത്തെ ജനല്‍പ്പാളിയാണ്‌ അടര്‍ന്ന്‌ വന്നത്‌. പുറത്തെ പാളിക്ക്‌ തകരാറൊന്നും സംഭവിച്ചിരുന്നില്ല. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ശേഷം പരുക്കേറ്റ യാത്രക്കെരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച്‌ എയര്‍ ഇന്ത്യ ഇത്‌ വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക