Image

വനിതാ സിനിമാ പ്രവര്‍ത്തകരുടെ പ്രശ്‌നത്തില്‍ ആറു മാസത്തിനകം റിപ്പോര്‍ട്ട്

Published on 25 April, 2018
വനിതാ സിനിമാ പ്രവര്‍ത്തകരുടെ പ്രശ്‌നത്തില്‍ ആറു മാസത്തിനകം റിപ്പോര്‍ട്ട്

ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മന്ത്രി എ.കെ. ബാലന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണിത്.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന് 

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ഓഫീസില്‍ സന്ദര്‍ശിച്ചു. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ കമ്മിറ്റി അംഗങ്ങളായ നടി ശാരദ, വത്സലകുമാരി (റിട്ട. ഐഎഎസ്) എന്നിവരും ഉണ്ടായിരുന്നു. രൂപീകരിച്ചതിന് ശേഷം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായാരുന്നു സന്ദര്‍ശനം. എറണാകുളത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കാനാണ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞു. സര്‍ക്കാരില്‍ നിന്നും എല്ലാ സഹായവും ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് ഉണ്ടാകുമെന്ന് അറിയിച്ചു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള ഈ സംരംഭം ഒരു പക്ഷെ ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ആദ്യമായിരിക്കുമെന്ന് ജസ്റ്റിസ് ഹേമ അഭിപ്രായപ്പെട്ടു. കേരളം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണ്. പുരോഗമന ആശയങ്ങള്‍ അടിസ്ഥാനമാക്കിയ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്ന കമ്മീഷനെ നിയോഗിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നത് സിനിമാ രംഗം അത്യധികം പ്രാധാന്യത്തോടെ നോക്കിക്കാണുന്നുണ്ട്. ഈ അവസരം സിനിമാ രംഗത്തെ എല്ലാവിഭാഗം പ്രവര്‍ത്തകരും സംഘടനയും പ്രയോജനപ്പെടുത്തുമെന്നും കമ്മിറ്റിയുടെ പഠനത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും പ്രത്യാശിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക