Image

ഫൊക്കാന പ്രസ്‌ റിലീസ്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 22 March, 2012
ഫൊക്കാന പ്രസ്‌ റിലീസ്‌
അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനയുടെ പതിനഞ്ചാം നാഷണല്‍ കമ്മിറ്റിയുടെ അമരക്കാരനായി പ്രസിഡന്റ്‌ ജി.കെ. പിള്ള ചുമതലയേറ്റ്‌ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്‌ ഏകദേശം ഇരുപതു മാസത്തിലധികമായി.

ത്രിതല ഭരണ സംവിധാനമുള്ള ഫൊക്കാനയുടെ ഭരണസാരഥ്യം ഫൊക്കാന നാഷണല്‍ കമ്മിറ്റി, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌, ഫൊക്കാന ഫൗണ്ടേഷന്‍ എന്നീ വിവിധ കമ്മിറ്റികള്‍ ഏകോപിപ്പിച്ച്‌ പ്രവര്‍ത്തിച്ചതിന്റെ ഫലമായി സാധാരണ സംഘടനകളില്‍ ഉണ്ടാകാറുള്ള പ്രതിസന്ധികള്‍ എല്ലാം പരിഹരിച്ച്‌ ആശാവഹമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്‌.

കേരളത്തിലെ വിവിധ സന്നദ്ധസംഘടനകള്‍ക്കായി ഏകദേശം 4,50,000 രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിട്ടുകൊണ്ടാണ്‌ ഫൊക്കാനയുടെ പതിനഞ്ചാമത്‌ നാഷണല്‍ കമ്മിറ്റിയുടെ ആരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായത്‌.

2010 ആഗസ്റ്റില്‍ എറണാകുളം താജ്‌ റിസോര്‍ട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള ഫൊക്കാനയുടെ ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വ്യക്തമായ വിവരണം നല്‍കുകയുണ്ടായി. അമേരിക്കയിലെ മലയാളി യുവസമൂഹത്തെ രാഷ്ട്രീയപരമായും സാംസ്‌ക്കാരികപരമായും മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതിനാണ്‌ പതിനഞ്ചാം നാഷണല്‍ കമ്മിറ്റി ഊന്നല്‍ നല്‍കുന്നത്‌. അതോടൊപ്പം, സീനിയേഴ്‌സ്‌ ഇന്നനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം കാണുന്നതിന്‌ സിനിയേഴ്‌സ്‌ ക്രൈസിസ്‌ മാനേജ്‌മെന്റ്‌ നെറ്റ്‌വര്‍ക്ക്‌ സംവിധാനത്തിനുള്ള പ്രാഥമിക നടപടികളും ആരംഭിച്ചു കഴിഞ്ഞു. കാലാനുസൃതമായി നടന്നുവരാറുള്ള കണ്‍വന്‍ഷനും കലാസാംസ്‌ക്കാരിക പരിപാടികളുടെ ആസൂത്രണത്തിനും പുറമെയാണ്‌ മേല്‌പറഞ്ഞ കാര്യങ്ങള്‍ നടത്തുന്നത്‌.

മുപ്പതു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സംഘടനയ്‌ക്ക്‌ ഒരു ആസ്ഥാനം സ്വന്തമായി ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ പോള്‍ കറുകപ്പിള്ളി ചെയര്‍മാനായുള്ള ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ വളരെ ത്വരിതഗതിയില്‍ ആ ലക്ഷ്യം സാക്ഷാത്‌ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.

സാമൂഹിക രംഗത്ത്‌ ഫൊക്കാനയ്‌ക്ക്‌ അഭിമാനിക്കാവുന്ന നാഴികക്കല്ലുകളാണ്‌ സ്‌പെല്ലിംഗ്‌ ബീ മത്സരവും ഭാഷക്കൊരു ഡോളര്‍ എന്ന സംരംഭവും. ഫൊക്കാന ഫൗണ്ടേഷന്‍ നേതൃത്വം നല്‌കുന്ന സ്‌പെല്ലിംഗ്‌ ബീ, നമ്മുടെ കുട്ടികള്‍ക്ക്‌ അറിവിന്റെ വാതായനങ്ങള്‍ തുറക്കുന്നതോടൊപ്പം അക്ഷരങ്ങളുടെ ലോകത്തേക്ക്‌ പ്രവേശിക്കാന്‍ പ്രചോദനവും ആത്മവിശ്വാസവും നല്‍കുന്ന പദ്ധതിയാണ്‌. `ഭാഷക്കൊരു ഡോളര്‍' എന്ന ബൃഹത്‌പദ്ധതി മാതൃഭാഷയോടുള്ള ഫൊക്കാനയുടെ പ്രതിപത്തി വിളിച്ചോതുന്ന മറ്റൊരു ഉദാഹരണമാണ്‌. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളേയും പങ്കെടുപ്പിച്ചുകൊണ്ട്‌, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട്‌ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ സംരംഭം, ഫൊക്കാനയുടെ സാമൂഹിക പ്രതിബദ്ധതക്ക്‌ മാറ്റുകൂട്ടുന്നു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. അനിരുദ്ധന്റെ നേതൃത്വത്തില്‍ അതിന്റെ പ്രവര്‍ത്തനങ്ങളും ഭംഗിയായി നടന്നുവരുന്നു.

ഫൊക്കാനയുടെ ബൃഹത്സംരംഭമായ കണ്‍വന്‍ഷന്‍ ഇത്തവണ ടെക്‌സാസിലെ ഹൂസ്റ്റണ്‍ നഗരത്തിലാണ്‌ നടക്കുന്നത്‌. അതിവിപുലമായ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ അരങ്ങേറുന്ന ഈ കണ്‍വന്‍ഷനിലേക്ക്‌ ധാരാളം പേര്‍ രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ 4 ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷനാണ്‌ ഇത്തവണ എന്നതും ഒരു പ്രത്യേകതയാണ്‌. അതിവിശാലമായ സമ്മേളന നഗരിയില്‍ ഫൊക്കാന ചരിത്രമെഴുതുന്ന മുഹൂര്‍ത്തമായിരിക്കും ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്റെ നേതൃത്വത്തില്‍ 120-ല്‍പരം കമ്മിറ്റികളാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

500 കുടുംബങ്ങളുടെ രജിസ്‌ട്രേഷന്‍ ലക്ഷ്യമിട്ട്‌ പ്രവര്‍ത്തനം മുന്നോട്ടു പോകുമ്പോള്‍ മുന്നൂറിനോടടുത്ത്‌ രജിസ്‌ട്രേഷന്‍ ലഭിച്ചു കഴിഞ്ഞു എന്നത്‌ പ്രവര്‍ത്തകര്‍ക്ക്‌ ആവേശം നല്‍കുന്നു. ഇപ്പോഴും രജിസ്‌ടേഷന്റ്‌ പ്രവാഹമാണ്‌.

യുവജനങ്ങളെ നേതൃത്വനിരയിലേക്ക്‌ കൊണ്ടുവരുവാനും, രഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരികപരമായി അവരെ മുഖ്യധാരയ്‌ലെത്തിക്കാനും പ്രതിജ്ഞാബദ്ധരാണ്‌ ഫൊക്കാന നേതൃത്വം. യുവജനങ്ങള്‍ക്ക്‌ പ്രാതിനിധ്യം നല്‌കുക വഴി ഫൊക്കാനയുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ അവരെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യവുമുണ്ട്‌. കണ്‍വന്‍ഷനില്‍?ഒരു ദിവസം മുഴുവന്‍ യൂത്ത്‌ കണ്‍വന്‍ഷനായി നീക്കി വെച്ചിരിക്കുകയാണ്‌. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ യുവജനങ്ങള്‍ക്കായി ഒരു ദിവസം മുഴുവന്‍ കണ്‍വന്‍ഷന്‍ നടത്തുന്നത്‌. കൂടാതെ, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങളും കണ്‍വന്‍ഷന്റെ പ്രത്യേകതകളാണ്‌.

അന്യം നിന്നുപോയേക്കാവുന്ന കേരളത്തിന്റെ പൈതൃക കലകളും നാടന്‍ കലകളും സമന്വയിപ്പിച്ചുകൊണ്ടുള്ള കലാവിരുന്ന്‌ വളരെ പുതുമ നിറഞ്ഞതായിരിക്കും. അരങ്ങുതകര്‍ക്കുന്ന കലാപരിപാടികളും സാംസ്‌ക്കാരിക പ്രാധാന്യമുള്ള വിവിധ പരിപാടികളും ഉള്‍ക്കൊള്ളുന്ന നാലു ദിവസത്തെ കണ്‍വന്‍ഷന്‍ ആസ്വദിക്കാന്‍ വളരെ ചുരുങ്ങിയ രജിസ്‌ട്രേഷന്‍ ഫീസ്‌ മാത്രമാണുള്ളതെന്നും ഇത്തവണത്തെ കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്‌. അതുപോലെ നാലു ദിവസങ്ങളിലും കണ്‍വന്‍ഷന്‍ വേദിയില്‍ തന്നെ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്‌.

ജി.കെ. പിള്ള, ഷാജി ജോണ്‍, ബോബി ജേക്കബ്ബ്‌, ഡോ. എം. അനിരുദ്ധന്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി എന്നിവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും നേതൃത്വവും ഈ കണ്‍വന്‍ഷന്‍ ഒരു അവിസ്‌മരണീയ സംഭവമാകുമെന്ന്‌ തീര്‍ച്ചയാണ്‌. മലയാളികളുടെ ഐക്യം മാത്രമല്ല ഫൊക്കാനയുടെ ലക്ഷ്യം. കലാപരമായും രാഷ്ട്രീയപരമായും അടുത്ത തലമുറയെ വാര്‍ത്തെടുക്കുക എന്ന ദൗത്യവും ഫൊക്കാനയുടെ പ്രവര്‍ത്തന മേഘലയില്‍ ഉള്‍പ്പെടുന്നു. അതിരുകളും വേലിക്കെട്ടുകളുമില്ലാത്ത ആ മേഘലയിലൂടെയാണ്‌ ഇപ്പോഴും ഫൊക്കാന ജൈത്രയാത്ര തുടരുന്നത്‌.

സാധാരണയില്‍ കവിഞ്ഞ ചരിത്ര പ്രാധാന്യമുള്ള കണ്‍വന്‍ഷനായിരിക്കണമെന്ന ഉദ്ദേശത്തോടെ, അനന്തപുരി എന്നു പേരു നല്‍കിയിരിക്കുന്ന കണ്‍വന്‍ഷന്‍ നഗരി അന്വര്‍ത്ഥമാക്കത്തക്ക വിധത്തില്‍ അനന്തപുരിയുടെ ചരിത്രപുരുഷന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയായിരിക്കും പതിനഞ്ചാമത്‌ ഫൊക്കാന കണ്‍വന്‍ഷന്‍ ഉത്‌ഘാടനം നിര്‍വ്വഹിക്കുക. അതോടൊപ്പം തന്നെ കേരളത്തില്‍ നിന്നും കേന്ദ്രത്തില്‍ നിന്നുമുള്ള ഭരണതലത്തിലുള്ള നേതാക്കള്‍, മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ എന്നിവരും പങ്കെടുക്കും.

കേന്ദ്ര മന്ത്രിമാരായ പ്രൊ. കെ.വി. തോമസ്‌, ഇ. അഹമ്മദ്‌, വയലാര്‍ രവി, പി.ജെ. കുര്യന്‍ (എം.പി.) എന്നിവരും, കേരളത്തില്‍ നിന്ന്‌ മന്ത്രിമാരായ കെ.ബി. ഗണേശ്‌ കുമാര്‍, കെ.സി. ജോസഫ്‌ എന്നിവരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. കൂടാതെ, രമേശ്‌ ചെന്നിത്തല, അടൂര്‍ പ്രകാശ്‌ എന്നിവരും പങ്കെടുക്കും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‌ ഫൊക്കാന വെബ്‌സൈറ്റില്‍ സംവിധാനമുണ്ട്‌. ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കാനുള്ള സൗകര്യവും വെബ്‌സൈറ്റിലുണ്ട്‌. www.fokanaonline.com
ഫൊക്കാന പ്രസ്‌ റിലീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക