മലങ്കരയിലെ മാര്‍തോമ ക്രിസ്ത്യാനികളെ പുനരുദ്ധരിക്കാനുള്ള പ്രേഷിത ദൗത്യവുമായി ക്‌നായിതൊമ്മനും അനുയായികളും എ ഡി 345ല്‍ മെസപ്പൊട്ടേമിയായില്‍നിന്നും കേരളത്തിലേയ്ക്ക് കുടിയേറിപാര്‍ത്തെന്നും അവരുടെ പാരമ്പരവംശമാണ് തെക്കുംഭാഗര്‍ അഥവാ ക്‌നാനായക്കാര്‍ എന്നും ഭൂരിപക്ഷം ക്‌നാനായക്കാരും വിശ്വസിക്കുന്നു. 16 നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ക്‌നാനായ സമുദായം ഇന്നും തനതായ ആചാരങ്ങളും പൈതൃകങ്ങളും നിലനിര്‍ത്തുന്നുണ്ടെന്നും സൂര്യചന്ദ്രന്മാര്‍ ഉള്ളടത്തോളംകാലം ആ സമുദായം ഈ ഭൂമിയില്‍ നിലനില്‍ക്കുമെന്നും അവര്‍ കരുതുന്നു. ആചാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജാതിയുടെ മുഖ്യ തെളിവായ സ്വജാതിവിവാഹനിഷ്ഠയാണ്. കാലാകാലങ്ങളായിട്ട് മറ്റുവര്‍ഗങ്ങളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാതെ വംശശുദ്ധി നിലനിര്‍ത്തിയിട്ടുണ്ടെന്നും, ജാതിവര്‍ഗ രഹിത സമൂഹത്തെ കെട്ടിപ്പടുക്കാന്‍ തത്രപ്പെടുന്ന ഈ അത്യാധുനിക കാലത്തും ഒരു ജാതിയായി നിലനിര്‍ത്തികൊണ്ടുപോകാനുള്ള വാശിയിലുമാണ് ഒരു വിഭാഗം തെക്കുംഭാഗക്കാര്‍. സമുദായത്തിന്റെ നിലനില്‍പിന് ആവശ്യമായതെല്ലാം ചെയ്യാന്‍ ക്‌നാനായ സമുദായം ഇന്നും ശ്രമിച്ചുകൊണ്ടാണിരിക്കുന്നു എന്ന വസ്തുത എടുത്തുപറയേണ്ട കാര്യമാണ്.
ഓഗസ്റ്റ് 29, 1911ല്‍ വിശുദ്ധ പത്താം പിയൂസ് മാര്‍പാപ്പ തെക്കുംഭാഗ ജനതയ്ക്കുവേണ്ടി കോട്ടയം രൂപത സ്ഥാപിച്ചു. സ്ഥാപനോദ്ദേശ്യം വിശ്വാസികളുടെ ആധ്യത്മിക ഗുണവര്‍ദ്ധനവിനും വടക്കുതെക്കുഭാഗര്‍ക്കാരുടെ മനസ്സുകള്‍ തമ്മില്‍ യോജിപ്പിക്കുന്നതിനും വേണ്ടിയാണെന്ന് രൂപതാസ്ഥാപനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, സ്വജാതിയില്‍നിന്നും മാറി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരെ സ്വവംശവിവാഹനിഷ്ഠയുടെ പേരില്‍ സ്വന്തം ഇടവകയില്‍ തുടരാന്‍ അനുവദിക്കുകയില്ല. മറിച്ച്, മറ്റ് സീറോമലബാര്‍ രൂപതയിലെ ഇടവക പള്ളിയില്‍ അംഗത്വം സ്വീകരിച്ചുകൊള്ളണം. സമുദായത്തില്‍ സ്വവംശവിവാഹനിഷ്ഠ നിലനിര്‍ത്താന്‍ സമുദായം പരിശ്രമിക്കുമ്പോഴും സ്വജാതിയില്‍നിന്നും മാറി വിവാഹം കഴിക്കുന്നവരുടെ കുടുംബത്തിന് തെക്കുംഭാഗക്കാരുടെ ഇടവകകളില്‍ അംഗത്വം നിഷേധിക്കുന്നത് ശരിയോ എന്നതാണ് മുഖ്യവിഷയം. ഗുഹാമനുഷര്‍ ജീവിച്ചിരുന്ന പഴയ കാലങ്ങളില്‍നിന്നും വളരെ വിഭിന്നമായ സാമൂഹ്യ ചുറ്റുപാടാണ് ആധുനിക കാലത്തുള്ളത്. ഇന്നത്തെ യുവതീയുവാക്കള്‍ സമുദായം, ജാതി, വര്‍ഗം, വംശം, ഗോത്രം, നിറം, മതം തുടങ്ങിയവകള്‍ക്കൊന്നിനും പ്രത്യേക പരിഗണന മല്‍ക്കാതെ സ്വതന്ത്രമായി ഇണകളെ കണ്ടുപിടിക്കുന്നു. കൂടാതെ, സാമ്പത്തികം, ജോലി, കുടുംബബന്ധങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ജന്മനാടുവിട്ട് മറ്റ് പ്രദേശങ്ങളിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും ധാരാളംപേര്‍ കുടിയേറുന്നു. അമേരിക്കയിലെ ഷിക്കാഗോയില്‍ കുടിയേറിയ തെക്കുംഭാഗക്കാര്‍ അവരുടെ ആധ്യാത്മിക ശുശ്രൂഷകള്‍ നടത്തിക്കിട്ടാന്‍ ഷിക്കാഗോ അതിരൂപതയുടെ കീഴില്‍നിന്നുകൊണ്ട് ഒരു അസോസിയേഷന്‍ ആരംഭിച്ചു. മറ്റു സമുദായത്തില്‍നിന്നും വിവാഹം കഴിച്ച ക്‌നാനായക്കാരും സംഘടനയിലെ അംഗങ്ങളായിരുന്നു. മാറിക്കെട്ടിയവര്‍ക്കും അംഗത്വം നല്കിയതില്‍ അതൃപ്തരായവര്‍ ഷിക്കാഗോ അതിരൂപതാധ്യക്ഷന് പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ റോമില്‍നിന്നു എലയ. 22, 1986ല്‍ സമുദായം മാറി വിവാഹം ചെയ്തവര്‍ക്കും അംഗത്വം നല്‍കണമെന്ന തീരുമാനം ഉണ്ടാകുകയും ചെയ്തു ('This Congregation does not accept that the customary practice followed in Kerala, of excluding from the communtiy those who marry non-Knanaya spouses, is extensible to the United States of America.'). റോമിന്റെ ആ തീര്‍പ്പിനെയും മാര്‍ അങ്ങാടിയാത്തിന് റോം ചീ്. 21, 2001ല്‍ നല്‍കിയ നിര്‍ദേശത്തെയും ('The congregation foresees a pastoral care which is sensitive to the Knanaya expectation to be served by Knanaya priests but does not make any allowance for endogamy to play a role in defining the membership of faithful in any mission or parish established by the Eparchy.') അവഗണിച്ച് സെപ്തംബര്‍ 19, 2014ല്‍ മാറിക്കെട്ടിയവരുടെ ജീവിതപങ്കാളിക്കും കുട്ടികള്‍ക്കും പള്ളിയംഗത്വം നിഷേധിച്ചുകൊണ്ടുള്ള കത്ത് മാര്‍ അങ്ങാടിയാത്ത് പുറപ്പെടുവിച്ചതിന്റെയും ('Personal parish/mission for Knanaya Catholics will have only Knanaya Catholics as members. If a Knanaya Catholic belonging to a Knanaya parish/mission enters into marriage with a non-Knanaya partner that non-Knanaya partner and children from that marriage will not become members of Knanaya parish/mission but will remain members of the local non-Knanaya Syro-Malabar parish/mission.') വിട്ടുവീഴ്ച മനഃസ്ഥിതിയില്ലാത്ത ക്‌നാനായക്കാരുടെ പരാതിമൂലവും റോം ഒരു കമ്മീഷനെ വയ്ക്കുകയും ആ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാറിക്കെട്ടിയവര്‍ക്ക്, കോട്ടയം അതിരൂപതയുടെ റോം നിശ്ചയിച്ചിരിക്കുന്ന ശരിയായ അതൃത്തിക്ക് വെളിയിലുള്ള പള്ളികളില്‍, ഇടവക അംഗത്വവും പങ്കാളിത്വവും നല്‍കണമെന്നും 1986ല്‍ റോം സ്വീകരിച്ച നിലപാടിന് വ്യത്യാസമൊന്നുമില്ലെന്നും റോമില്‍നിന്ന് നവംബര്‍ 15, 2017ല്‍ കോട്ടയം മൂലേക്കാട്ട് മെത്രാപ്പോലീത്തയ്ക്കും ഡിസംബര്‍ 18, 2017ല്‍ ഷിക്കാഗോ അങ്ങാടിയത്ത് മെത്രാനുമുള്ള കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിലെ കോട്ടയം അതിരൂപതയുടെ നിലപാടിനെ അംഗീകരിക്കാനാവില്ലെന്നും റോമിന്റെ തീരുമാനത്തിലുണ്ട്. ('......, the basic position of this Congregation remains unchanged. Specially, while the link, which has developed between the practice of Endogamy and ecclesial life, has been tolerated de facto in the territorium properum, it is not to be permitted elsewhere.')
ഇന്ത്യയിലെ സിവില്‍ കോടതിയും ബിജു ഉതുപ്പു കേസില്‍ കോട്ടയം രൂപതയുടെ നിലപാടിനെതിരായി വിധി പ്രസ്താവിച്ചിട്ടുണ്ടെന്നുള്ളകാര്യം ഇവിടെ ഓര്‍മ്മിക്കേണ്ടതാണ്.
'കാലങ്ങള്‍ക്കും ജാതികള്‍ക്കും അതീതമായ' (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രി) കത്തോലിക്ക സഭയിലെ ഒരു ആര്‍ച്ച് എപ്പാര്‍ക്കിയാണ് കോട്ടയംരൂപത, ഇന്ന്. രൂപതകള്‍ സാര്‍വത്രിക സഭയുടെ മാതൃകയില്‍ ആയിരിക്കേണ്ടതാണ്. ജാതിയിലോ വര്‍ഗത്തിലോ ഒതുങ്ങിനില്‍ക്കാതെ ഏകവും, പരിശുദ്ധവും, സാര്‍വത്രികവും, ശ്ലൈഹീകവുമായ സഭയുടെ സാന്നിദ്ധ്യം ഓരോ രൂപതയുടെയും പ്രവര്‍ത്തനങ്ങളില്‍ പ്രകടമാകേണ്ടതാണ്. ആ പ്രതിച്ഛായ പ്രകടമാക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യേണ്ടത് രൂപതാ മെത്രാന്റെ കടമയാണ്.
സഭ സ്വഭാവത്താല്‍ത്തന്നെ പ്രേഷിതമാണ്. അപ്പോള്‍ പ്രേഷിത സ്വഭാവമില്ലാത്ത ഒരു രൂപതയെ സഭയുടെ ഭാഗമായി ചിന്തിക്കാന്‍ സാധിക്കയില്ല. കത്തോലിക്ക സഭയിലുള്ള അതിന്റെ നിലനില്പിനെ സാധൂകരിക്കുന്നത് അപഹാസ്യമാണ്. ദൈവകല്പനയെ വളച്ചൊടിച്ച് വ്യാഖ്യാനിക്കുകയും 'യേശുക്രിസ്തു പറഞ്ഞിരിക്കുന്നതെല്ലാം നിയമമല്ല' ബിജു ഉതുപ്പ് കേസിലെ കുന്നശ്ശേരി മെത്രാന്റെ കുപ്രസിദ്ധമായ മറുപടി ഓര്‍മിക്കുക പഴംപാട്ടിനെ ആധാരമാക്കി രൂപതാംഗങ്ങളുടെ മനുഷ്യാവകാശത്തെയും മനുഷ്യസ്‌നേഹത്തെയും നിഷേധിക്കുകയും ചെയ്യുന്ന രൂപത എങ്ങനെ സാര്‍വത്രികസഭയെ പ്രതിബിംബിക്കും? സമുദായാചാരങ്ങള്‍ യേശുപഠനങ്ങള്‍ക്കും പള്ളിനിയമങ്ങള്‍ക്കും യോജിച്ചുപോകുന്നതല്ലായെങ്കില്‍ അത് തിരുത്താന്‍ ഓരോ വ്യക്തിയും കടപ്പെട്ടിരിക്കുന്നു. പള്ളിയുടെ ഉന്നതാധികാരത്തിന്റെ തീരുമാനങ്ങളെ അനുസരിക്കാന്‍ ഓരോ വിശ്വാസിയും കടപ്പെട്ടിരിക്കുന്നു. സഭകള്‍ സമുദായങ്ങളല്ല. യേശുവിനെ വഴികാട്ടിയും രക്ഷകനുമായി അംഗീകരിച്ചുകൊണ്ട് ആധ്യാത്മികതയില്‍ വളരുന്ന സമൂഹമാണ്, സഭ. 'പ്രശംസിക്കുന്നവര്‍ കര്‍ത്താവില്‍ മാത്രമാണ് പ്രശംസിക്കേണ്ടത്' (എഫെ. 1: 6); സ്വന്തം രക്തത്തിലും കാലഹരണപ്പെട്ട മിഥ്യാപാരമ്പര്യങ്ങളിലും പ്രശംസിക്കുന്നത് മാനുഷികമാണ്.
തെക്കുംഭാഗരും വടക്കുംഭാഗരും തമ്മിലുള്ള വിയോജിപ്പിന് ശമനം വരുത്താന്‍ വിശുദ്ധ പത്താം പിയൂസ് മാര്‍പാപ്പ 'തെക്കുംഭാഗ ജനത്തിനുവേണ്ടി' (Pro Gente Suddistica) എന്ന പദപ്രയോഗത്തില്‍ കടിച്ചുതൂങ്ങി മരിക്കുന്നത് വംശശുദ്ധിയെന്ന മിഥ്യയ്ക്കുവേണ്ടിയാണ്. ദൈവജനത്തിന്റെ അടിസ്ഥാന കര്‍ത്തവ്യമായ പ്രേഷിതപ്രവര്‍ത്തനം, സുവിശേഷവല്‍ക്കരണം, ആന്തരികനവീകരണം എല്ലാം ആ മിഥ്യയോടെ നശിക്കുന്നു. കേരളത്തിലെ മാര്‍തോമ നസ്രാണി കത്തോലിക്കര്‍ക്കുവേണ്ടി റോം വികാരിയേത്തുകള്‍ സ്ഥാപിച്ചപ്പോള്‍ 'സീറോമലബാര്‍ ജനതയ്ക്കുവേണ്ടി' (Pro Gente Syro-Malabarica) എന്ന പദപ്രയോഗത്തില്‍ മാര്‍തോമ നസ്രാണികളല്ലാത്ത തെക്കുംഭാഗരെ ആ വികാരിയേത്തുകളില്‍ അംഗങ്ങളാക്കെരുതെന്ന് മാര്‍പാപ്പ ഉദ്ദേശിച്ചിട്ടില്ലെന്നുള്ളത് വ്യക്തമാണ്. അപ്പോള്‍ തെക്കുംഭാഗ ജനത്തിനുവേണ്ടി എന്ന പദപ്രയോഗംകൊണ്ട് മറ്റാര്‍ക്കും ആ രൂപതയിലെ ഇടവകകളില്‍ അംഗത്വം നല്‍കികൂടെന്നോ ഒരാള്‍ സമുദായത്തിനു വെളിയില്‍നിന്ന് വിവാഹം കഴിക്കുമ്പോള്‍ സ്വന്തം ഇടവകയിലെ അംഗത്വം നിര്‍ബന്ധമായി ഉപേക്ഷിക്കണമെന്നോ അര്‍ത്ഥമാകുന്നില്ല.
കത്തോലിക്ക സഭ വിശ്വാസ സമൂഹമാണ്; സ്വജാതി സമുദായമല്ല. തെക്കുംഭാഗസമുദായത്തിന്റ തനതായ ആചാരങ്ങളായ മാര്‍ഗംകളിയും നടവിളിയും മൈലാഞ്ചിയിടീലും സ്വജാതിവാഹവുമൊന്നും സഭയെ സൃഷ്ടിക്കുന്നില്ല. സഭയില്‍ പുതിയ ഒരു കമ്പാര്‍ട്ടുമെന്റ് ഉണ്ടാക്കി അതിന്റെ പേരില്‍ സമുദായത്തിനു വെളിയില്‍നിന്ന് വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂദാശകള്‍ നിഷേധിക്കുകയും കുടുംബങ്ങളെ ചിന്നഭിന്നമാക്കുകയും ചെയ്യുന്ന രൂപത എങ്ങനെ കത്തോലിക്ക രൂപതയാകും? മുത്തശ്ശി തെക്കുംഭാഗത്തി അല്ലാത്തതിന്റെ പേരില്‍ ശിശുവിന് മാമ്മോദീസ നല്കാത്ത രൂപത കത്തോലിക്ക രൂപതയോ? ഒരേ വിശ്വാസം, ആരാധനക്രമം, ഭരണരീതി, ആധ്യാത്മികപാരമ്പര്യം (ുെശൃശൗേമഹ വലൃശമേഴല) എല്ലാമുള്ള ഇതര സീറോമലബാര്‍ രൂപതകളില്‍നിന്നും വിവാഹം കഴിക്കണമെങ്കില്‍ കോട്ടയംരൂപത വിട്ടുപോകണം! ഷിക്കാഗോയില്‍ ജീവിത പങ്കാളിക്കും മക്കള്‍ക്കും ഇടവകയില്‍ അംഗത്വം നല്‍കുകയില്ല!! ഈ വിഷയത്തില്‍ വത്തിക്കാനെപ്പോലും ധിക്കരിക്കുന്ന കോട്ടയം മെത്രാനും ഷിക്കാഗോ മെത്രാനും കത്തോലിക്ക മെത്രാന്മാരോ? യഥാര്‍ത്ഥ കത്തോലിക്ക വിശ്വാസികള്‍ ആ മെത്രാന്മാരെ അെ്രെകസ്തവ മെത്രാന്മാരായി അവജ്ഞയോടെയെ വീക്ഷിക്കൂ.
തെക്കുംഭാഗരുടെ സ്വജാതി വിവാഹത്തെയും ഇടവക അംഗത്വത്തെയും സംബന്ധിച്ച തീരുമാനം, ഷിക്കാഗോയില്‍ സംഭവിച്ച അസ്വസ്ഥതയുടെപേരില്‍, 32 വര്‍ഷങ്ങള്‍ക്കുമുമ്പ് റോം എടുത്തിട്ടുള്ളതാണ്. ജാതി, വര്‍ഗം, മതം, നിറം, ലിംഗം തുടങ്ങിയവകളില്‍ അധിഷ്ഠിതമായ വിവേചനത്തെ ഉല്‍മൂലനം ചെയ്യാന്‍ രാഷ്ട്രങ്ങള്‍ തത്രപ്പെടുന്ന ഈ കാലഘട്ടത്തില്‍ മറ്റു ജാതിയില്‍നിന്നും ഇണയെ തെരഞ്ഞെടുത്തതിന്റെ പേരില്‍ ഒരു കത്തോലിക്ക പള്ളിയില്‍ വിവേചനം അനുഭവിക്കേണ്ടിവരുക എത്രയോ സോചനീയമായ അവസ്ഥയാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായമുള്ളവര്‍ക്ക് പൊതുവേദിയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ കെ സി ആര്‍ എം നോര്‍ത്ത് അമേരിക്ക ടെലികോണ്‍ഫറന്‍സിലൂടെ വേദി ഒരുക്കിയിരിക്കുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
പ്രകാശമേ നയിച്ചാലും. ഹൃദയം ഹൃദയത്തോട് സംസാരിക്കട്ടെ.
വിഷയം: 'എന്‍ഡോഗമിയും ഇടവകാംഗത്വവും'
വിഷയം അവതരിപ്പിക്കുന്നത്: ശ്രീ. എബ്രഹാം നെടുങ്ങാട്ട്, ഷിക്കാഗോ
തീയതി: മെയ് 09, 2018; സമയം: വൈകീട്ട് ഒന്‍പതു മണി (9 pm Eastern Standard Time).
വിളിക്കണ്ട നമ്പര്‍: 17127704160; Code: 605988#