Image

വെള്ളിത്തിരയില്‍ വിജയിക്കാന്‍ ബിടെക്

Published on 06 May, 2018
വെള്ളിത്തിരയില്‍ വിജയിക്കാന്‍ ബിടെക്
നവാഗത സംവിധായകനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബിടെക് എന്ന ചിത്രം പ്രസക്തമായ ഒരു വിഷയം വളച്ചു കെട്ടില്ലാതെ അവതരിപ്പിക്കുന്നതില്‍ വിജയം കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ആസിഫ് അലി എന്ന നടനെ ഒരു സൂപ്പര്‍താര പരിവേഷം നല്‍കി നായക കഥാപാത്രമാക്കി അവതരിപ്പിക്കാന്‍ നടത്തിയ ശ്രമം പൂര്‍ണമായും വിജയിച്ചോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എങ്കിലും ഒരു നല്ല സിനിമയെടുക്കാനുളള പരിശമം ഈ ചിത്രത്തില്‍ കാണാം.

ബാംഗ്‌ളൂര്‍ നഗരമാണ് കഥാപശ്ചാത്തലം. ഒരു കോളേജില്‍ എട്ടു വര്‍ഷമായി ബിടെക് പാസാകാതെ കഴിയുന്ന ചെറുപ്പക്കാരനാണ് ആനന്ദ് (ആസിഫ് അലി). നിസാര്‍ (ദീപക്), ജോജോ (ശ്രീനാഥ് ഭാസി) എന്നിവര്‍ സുഹൃത്തുക്കളാണ്. കോളേജില്‍ ഇവരുടെ സംഘം അടിപിടിയും മദ്യപാനവും അതേ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമൊക്കെയായി സജീവമാണ്. 

ഇവര്‍ക്കിടയിലേക്കാണ് ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായ ആസാദ് (അര്‍ജുന്‍ അശോക്) കടന്നു വരുന്നത്. ഇതോടെ കഥ വേറൊരു വഴിയിലേക്ക് നീങ്ങുന്നു. കോളേജില്‍ നിന്നും പുറത്തു പോയ നിസാറും ആസാദും മതിയായ രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ചതിന് പോലീസ് പിടിയിലാകുന്നു. ഇതോടെ കഥയുടെ ഗതി മാറുന്നു. ഇതിനോടനുബന്ധിച്ച് നഗരത്തില്‍ ഒരു വലിയ സ്‌ഫോടനവും നടക്കുന്നു. ഈ സംഭവം ഇവരുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുകയാണ്. തങ്ങള്‍ അകപ്പെട്ട പ്രതിസന്ധിയില്‍ നിന്നും ഇവര്‍ രക്ഷപെടാന്‍ നടത്തുന്ന പരിശ്രമങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്.

മികച്ച ഒരു പ്രമേയമാണ് ചിത്രത്തിന്റേതെന്ന് നിസംശയം പറയാം. എന്നാല്‍ തിരക്കഥ പലയിടത്തും ദുര്‍ബലമാകുന്നുണ്ട്. ആദ്യപകുതിയില്‍ കോളേജിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള അടിപിടിക്കും ഗുസ്തിക്കും ഇത്രയധികം സമയവും പ്രാധാന്യവും നല്‍കേണ്ടിയിരുന്നോ എന്നു തോന്നിപ്പോകും. അതു പോലെ ഒരു വാണിജ്യസിനിമയ്ക്കാവശ്യമായ ചേരുവകകള്‍ ചേര്‍ക്കുന്നതില്‍ സംവിധായകന്‍ അല്‍പം ധാരാളിത്തം കാണിച്ചതും ചിത്രത്തിന് വേണ്ടത്ര ഗുണം ചെയ്തില്ല.

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ പ്രത്യേക കഴിവുള്ള നടനാണ് ആസിഫ് അലി. എങ്കിലും ഒരു ബ്രഹ്മാണ്ഡ ചിത്രത്തിലെ നായകനെ പോലെ സ്‌ക്രീനില്‍ മുഴുവനായി നിറഞ്ഞു നിന്ന് പഞ്ച് ഡയലോഗ് പറയാനും പറഞ്ഞതിനു ശേഷം തിരികെ സ്‌ളോ മോഷനില്‍ നടക്കാനും ആസിഫിനെ ഉപയോഗിക്കാമോ എന്നൊരു സംശയം പ്രേക്ഷകന് തോന്നിയെങ്കില്‍ കുറ്റം പറയാന്‍ കഴിയില്ല. അജുവര്‍ഗീസിന്റെ മാഷ് കഥാപാത്രം, അപര്‍ണ ബാലമുരളി അവതരിപ്പിച്ച പ്രിയ എന്ന കാമുകിയുടെ വേഷം ഇവരൊക്കെ എന്തിനാണ് സിനിമയില്‍ എന്ന് പലപ്പോഴും പ്രേക്ഷകന് അനുഭവപ്പെടും. കാരണം കഥയുടെ സഞ്ചാരവുമായി ഒരു തരത്തിലും അവര്‍ ബന്ധപ്പെടുന്നില്ല. നായിക വെറുതേ പ്രേമിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു കഥാപാത്രമായി മാറുന്നു. എന്നാല്‍ പ്രണയരംഗങ്ങള്‍ വളരെ നീട്ടി എടുത്തിട്ടുണ്ട് താനും. തീവ്രവാദിയന്നു മുദ്ര കുത്തപ്പെടുന്ന കഥാപാത്രത്തിനു വേണ്ടി വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം തെരുവിലിറങ്ങുന്നത് പ്രമേയത്തിന്റെ സത്യസന്ധതയെ അല്ലെഹ്കില്‍ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നുണ്ട്. കാരണം കഥാപാത്രത്തിന്റെ അതുവരെയുള്ള ജീവിതവും പ്രസക്തമാണല്ലോ. എന്നാല്‍ രണ്ടാം പകുതി പ്രേക്ഷകരെ പിടിച്ചിരുത്തുന്നണ്ട്. വലിയ ആള്‍ക്കൂട്ടവും മാസ് രംഗങ്ങളുമൊരുക്കാന്‍ സംവിധായകനു കഴിഞ്ഞതും അഭിനന്ദനമര്‍ഹിക്കുന്നു.

നായകനായ ആസിഫ് അലിയുടെ തന്നെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നിഷ്‌ക്കളങ്കനായ വിദ്യാര്‍ത്ഥിയായി എത്തുന്ന ആസാദ് ആയി അര്‍ജുന്‍ അശോക് മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. മുഴുനീള കഥാപാത്രമായി നിരഞ്ജന അനൂപും അലന്‍സിയര്‍, ശ്രീനാഥ് ഭാസി, ദീപക് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ചിത്രത്തിന്റെ മൂഡനുസരിച്ച് രാഹുല്‍രാജ് ഒരുക്കിയ സംഗീതം മികച്ചതാണ്. അതുപോലെ ചിത്രസംയോജനം ഒരുക്കിയ അഭിലാഷ് ബാലചന്ദ്രനും മഹേഷ് നാരായണനും തങ്ങളുടെ കര്‍ത്തവ്യം ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. 
വെള്ളിത്തിരയില്‍ വിജയിക്കാന്‍ ബിടെക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക