Image

പ്രതിഭകളുടെ സംഗമവേദിയായി നാമം 2018 എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ്

ഫ്രാന്‍സിസ് തടത്തില്‍ Published on 06 May, 2018
പ്രതിഭകളുടെ സംഗമവേദിയായി നാമം 2018 എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ്
ന്യൂജേഴ്സി: മാനത്തു നിന്ന് വര്‍ണ്ണ മേഘങ്ങള്‍ പെയ്തിറങ്ങി, എങ്ങും നിറക്കൂട്ടുകളുടെ വിസ്മയക്കാഴ്ച, സംഗീത താളമേളങ്ങളും നൃത്തരൂപങ്ങളും അണിനിരന്നു. പ്രതിഭകളുടെ സംഗമവേദിയായി മാറിയ നോര്‍ത്ത് അമേരിക്കന്‍ മലയാളിസ് ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്സി(നാമം)ന്റെ നാമം 2018 എക്സലന്‍സ് അവാര്‍ഡ് നൈറ്റ് ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്ന അനുഭവമായി മാറി. ഉജ്ജ്വലം, അത്യുഗ്രം, അവിസ്മരണീയം എന്നിവക്കുകള്‍ക്കു മറുവാക്കുണ്ടായിരുന്നുവെങ്കില്‍ അവതരണം കൊണ്ടും സംഘാടകമികവുകൊണ്ടും ഉന്നത നിലവാരം പുലര്‍ത്തിയ നാമം അവര്‍ഡ് നിശയെ ആ വാക്കുകൊണ്ട് വിശേഷിപ്പിക്കാമായിരുന്നു.

ഏപ്രില്‍ 28ന് ശനിയാഴ്ച വൈകുന്നേരം ന്യൂജേഴ്സിയിലെ എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വച്ച് അമേരിക്കന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്നു വിശേഷിപ്പിക്കാവുന്ന അതിവിശിഷ്ട മലയാളികളായ ഏഴു പേര്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ നല്‍കി ആദരിച്ചത്. ഡോ. തോമസ് ഏബ്രഹാം (മികച്ച സാമൂഹ്യ പ്രവര്‍ത്തകന്‍), ഡോ. ബാബു സ്റ്റീഫനാണ് (ബഹുമുഖ പ്രതിഭ), ഡോ.രാംദാസ് പിള്ള( മികച്ച വ്യവസായ സംരംഭകന്‍) രേഖാ നായര്‍( മാനവികത), ഡോ. അജയ്ഘോഷ് (മികച്ച പത്രപ്രവര്‍ത്തകന്‍),ടി.എസ്. നന്ദകുമാര്‍ (മികച്ച സംഗീതജ്ഞന്‍), ടിയറ തങ്കം ഏബ്രഹാം, തനിഷ്‌ക് മാത്യു ഏബ്രഹാം (മികച്ച യുവ പ്രതിഭകള്‍ ) എന്നിവര്‍ പ്രൗഢഗംഭീരമായ സദസില്‍ വച്ച് അവാര്‍ഡ് ഏറ്റു വാങ്ങിയത്.

റോയല്‍ ആല്‍ബര്‍ട്ട് പാലസിലെ നിറഞ്ഞ സദസ്സില്‍ നില്‍ക്കാത്ത കരഘോഷങ്ങളോടെ യാണ് ഓരോ അവാര്‍ഡ് ജേതാക്കളെയും വേദിയിലേക്ക് ആനയിച്ചത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ ദേവദാസന്‍ നായര്‍ ആയിരുന്നു നാമം 2018 എക്സലന്‍സ് അവാര്‍ഡ് നൈറ്റിലെ മുഖ്യാഥിതി. പ്രമുഖ നടനും എഴുത്തുകാരനുമായ തമ്പി ആന്റണി ചടങ്ങു ഉദ്ഘാടനംചെയ്തു. സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ള അഞ്ഞൂറോളം വിശിഷ്ട വ്യക്തികളെക്കൊണ്ട് സമ്പന്നമായ ചടങ്ങില്‍ വൈവിധ്യമാര്ന്ന കാലാവിരുന്നും അവാര്‍ഡ് നിശക്ക് കൊഴുപ്പേകി.
പ്രോഗ്രാം ഡയറക്ടര്‍ തുമ്പി അന്‍സൂദിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച അവാര്‍ഡ് നിശയില്‍ അഞ്ജലി തമ്പിയും ഗിതാലി തമ്പിയും (അമേരിക്കന്‍ ) സുമ നായരും കാര്‍ത്തിക ഷാജിയും ( ഇന്ത്യന്‍ ) ദേശീയ ഗാനങ്ങള്‍ ആലപിച്ചു. തമ്പി ആന്റണി അവാര്‍ഡ് നൈറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചടങ്ങിന്റെ മാസ്റ്റര്‍ ഓഫ് സെറിമോണി അംഗങ്ങളായ ബോബി കുരിയാക്കോസ്,ദിവ്യ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി നായരെ ഭദ്രദീപം കൊളുത്താന്‍ വേദിയിലേക്ക് ക്ഷണിച്ചു. മാധവന്‍ നായര്‍ ആദ്യ തിരിക്കു ദീപം പകര്‍ന്നുകൊണ്ട് ചടങ്ങിന് ശുഭമുഹൂര്‍ത്തം കൊടുത്തു. തുടര്‍ന്ന് നാമം പ്രസിഡന്റ് മാലിനി നായര്‍, എം.ബി.എന്‍. ഫൗണ്ടേഷന്‍ പ്രസിഡന്റ് ജാനകി അവുല, തമ്പി ആന്റണി,സെനറ്റര്‍ വിന്‍ഗോപാലനെ പ്രതിനിധികരിച്ചുകൊണ്ട് അമിത് ജാനി,എം.എന്‍. സി.നായര്‍,സതീശന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് മറ്റു തിരികള്‍ക്കു കൂടി ദീപം പകര്‍ന്നു. അവാര്‍ഡുദാനച്ചടങ്ങിന്റെ മുഖ്യ സംഘാടകനും നാമം സെക്രട്ടറി ജനറലുമായ മാധവന്‍ ബി. നായര്‍ അവാര്‍ഡ് ദാനചടങ്ങിനെത്തിയവരെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടര്‍ന്ന് മുഖ്യാതിഥി നടന്‍ തമ്പി ആന്റണി ഉദ്ഘാടന പ്രസംഗം നടത്തി.അമിത് ജാനി, നാമം പ്രസിഡന്റ് മാലിനി നായര്‍, എം.ബി.എന്‍. ഫൌണ്ടേഷന്‍ പ്രസിഡന്റ് ജാനകി അവുല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നാമം അവാര്‍ഡിനോടനുബന്ധിച്ചു പുറത്തിറക്കിയ സുവനീര്‍ ഫൊക്കാന മുന്‍ പ്രസിഡന്റും ഫൗണ്ടേഷന്‍ ചെയര്‍മാനുമായ പോള്‍ കറുകപ്പള്ളില്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയ്ക്ക് നല്‍കികൊണ്ട് പ്രകാശനം ചെയ്തു.

കര്‍ണാട്ടിക്ക് സംഗീതത്തിലെ അടിസ്ഥാന താളലയഭാവമായ മൃദംഗം ഉള്‍പ്പെടയുള്ള വാദ്യഘോഷത്തോടെ നാമം അവാര്‍ഡ് ജേതാവും പ്രമുഖ പേര്‍ക്കേഷനിസ്റ്റുമായ ടി.എസ്.നന്ദകുമാറും സംഘവും അവതരിപ്പിച്ച ജുവെല്‍സ് ഓഫ് റിഥം എന്ന മാസ്റ്റര്‍പീസ് വാദ്യ ലയ വൃന്ദയിലൂടെയാണ് അവാര്‍ഡ് നിശ ആരംഭിച്ചത്. മൃദംഗവായനയില്‍ മാജിക്കുകള്‍ സൃഷ്ടിച്ച നന്ദകുമാറിനൊപ്പം താളവും സംഗീതവും ഇഴപിരിച്ചുകൊണ്ടു ആസ്വാദകരെ താളമേളങ്ങളുടെ അനന്തവിഹായസിലേക്കു നയിച്ച താളവാദ്യ കച്ചേരിയില്‍ ടി.എസ്. നന്ദകുമാറിനൊപ്പം പന്ത്രണ്ടോളം വരുന്ന ശിഷ്യന്മാരും ഉണ്ടായിരുന്നു. വയലിന്‍,വീണ,ഓടക്കുഴല്‍(ഫ്‌ലൂട്ട്), എന്നീ സംഗീതോപകരണങ്ങള്‍ക്കൊപ്പം മൃദംഗം,ഘടം,ഗഞ്ചിറ, മോര്‍സിംഗ്, റിഥം പാഡ് എന്നീ വാദ്യോപകരണങ്ങളില്‍ ഏതാണ്ട് 15 മിനുട്ട് നീണ്ടു നിന്ന നന്ദകുമാറും ശിഷ്യന്മാരുടെയും മാസ്മരിക പ്രകടനം ഓഡിറ്റോറിയത്തില്‍ തിങ്ങിക്കൂടിയ കാണികളെ ആവേശഭരിതരാക്കി. ഇത് വരാനിരിക്കുന്ന പരിപാടികളുടെ സാമ്പിള്‍ വെടിക്കെട്ട് എന്ന് തന്നെ കരുതി കാണികള്‍ കാത്തിരുന്നു. നന്ദകുമാറിനൊപ്പം മൃദംഗത്തില്‍ അദ്ദേഹത്തെ പിന്തുണക്കാന്‍ ഹരീഷ് ദുരൈ, കൃഷ്ണ പാല്യ, ശബരി രാമചന്ദ്രന്‍, ആനന്ദ ശങ്കര്‍ലിങ്കം എന്നിവരുമുണ്ടായിരുന്നു. . രവിശങ്കര്‍ ശ്രീനിവാസന്‍ ഫ്‌ലൂട്ടിലും രവി ശ്രീനിവാസന്‍ വയലിനിലും താളമേളത്തെ സംഗീതസാന്ദ്രമാക്കി മാറ്റി. മഞ്ജുള രാമചന്ദ്രന്‍ ആണ് വീണയുടെ ശ്രുതിക്കൊപ്പം കീര്‍ത്തനങ്ങള്‍ ആലപിച്ചത്. വാതാപി ഗണപതിയിലായിരുന്നു തുടക്കം. തവിലില്‍ രാജഗോപാലിനൊപ്പം നന്ദകുമാറും ഇടക്കിടെ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈശന്‍ റാവു ഗഞ്ചിറയും ജിഷ്ണു സുബ്രഹ്മണ്യം ഘടവും വായിചു വിസ്മയമൊരുക്കി. നന്ദശിവ്കുമാറും പ്രഹ്‌ളാദ് മദബുഷിയും മൊര്‍സിഗിലും സന്ദീപ് അയ്യര്‍ ആണ് ഹാന്‍ഡ്സോണിക്കിലും മികച്ച പ്രകടനമാണ് നടത്തിയത്.

തുടര്‍ന്ന് സൗപര്‍ണിക ഡാന്‍സ് അക്കാദമിയിലെ 17 പേര്‍ ചേര്‍ന്നൊരുക്കിയ വ്യത്യസ്തമാര്‍ന്ന സംഘനൃത്തമായിരുന്നു അരങ്ങേറിയത്. ഭരതനാട്യം, കഥകളി, ബോളിവുഡ് ഡാന്‍സുകളുടെ മനോഹരമായ ഈ ഫ്യൂഷന്‍ ഐറ്റം നാമം പ്രസിഡന്റും
സൗപര്‍ണിക അക്കാദമിയിലെ ആര്‍ട്‌സ് ഡയറക്ടറുമായ മാലിനി നായരാണ്
കൊറിയോഗ്രഫി ചെയ്തത്. സപ്ത നിറങ്ങളുടെ മിന്നലാട്ടങ്ങള്‍ ഭാരതീയ നൃത്തരൂപങ്ങളില്‍ അടിയുലഞ്ഞപ്പോള്‍ നൃത്തവേദി വര്‍ണ്ണകാഴ്ചകളുടെ പൂങ്കാവനമായി മാറി. തുടര്‍ന്ന് അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ ഗായകരായ ശബരിനാഥ്, സുമ നായര്‍, തഹസീന്‍ മുഹമ്മദ്, കാര്‍ത്തിക ഷാജി എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗാനാലാപനവും അവിസ്മരണീയമായി മാറി.


ഡോ.തോമസ് ഏബ്രഹാം ആണ് ആദ്യത്തെ ആദ്യത്തെ അവാര്‍ഡ് സ്വീകരിച്ചത്.നാമം പ്രസിഡന്റ് മാലിനി നായര്‍ ട്രോഫി നല്‍കി അദ്ദേഹത്തെ ആദരിച്ചു. അമിത് ജാനി കീര്‍ത്തി പത്രം സമ്മാനിച്ചു.മാധവന്‍ ബി. നായര്‍ അദ്ദേഹത്തെ പതക്കം അണിയിച്ചു.നാമം ബോര്‍ഡ് അംഗം സുനില്‍ നമ്പ്യാരും സന്നിഹിതനായിരുന്നു. നാമം എം.ബി.എന്‍. ഫൗണ്ടേഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അസംബ്ലിയില്‍ അവതരിപ്പിച്ച കീര്‍ത്തി പത്രവും അമിത് ജാനി ചടങ്ങില്‍ വായിച്ചു. ഡോ.തോമസ് ഏബ്രഹാം മറുപടി പ്രസംഗം നടത്തി.

ഏറ്റവും മികച്ച വ്യവസായ സംരംഭകനുള്ള പുരസ്‌കാരം ലഭിച്ചകാലിഫോര്‍ണിയയില്‍ നിന്നുള്ള യുവഗവേഷകനും ശാസ്ത്രജ്ഞനും വ്യവസായ സംരംഭകനുമായ ഡോ.രാംദാസ് പിള്ളയ്ക്കുള്ള പുരസ്‌കാരം ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് സമ്മാനിച്ചു.നിഷ പിള്ള പ്രശസ്തിപത്രം സമ്മാനിച്ചു. മാധവന്‍ നായര്‍ അണിയിച്ചു.ഫിലോപ്പോസ്പതക്കം ഫിലിപ്അനുമോദന പ്രസംഗവും രാംദാസ് പിള്ള മറുപടി പ്രസംഗവും നടത്തി. നാമം സെക്രട്ടറി സജിത്ത് ഗോപിനാഥും സന്നിഹിതനായിരുന്നു.

പ്രമുഖ കൊറിയോഗ്രാഫറും മയൂര ആര്‍ട്‌സിലെ ആര്ടിസ്റ്റിറ്റിക്ക് ഡയറക്ടറുമായി ബിന്ധ്യ പ്രസാദ് അവതരിപ്പിച്ച കേരളത്തിലെ പരമ്പര്യ കലാരൂപങ്ങള്‍ ചേര്‍ത്തിണക്കിയ നൃത്തമാണ് മറ്റൊരു ശ്രദ്ധേയമായ പരിപാടി. ചരിത്രപരമായ കാര്യങ്ങളെ സംയോജിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച നൃത്തരൂപം തൃശൂര്‍ പൂരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. 'ഡാന്‍സ് യൂ.എസ.എ ഡാന്‍സ്' ചാമ്പ്യന്മാരായ എക്‌സോഡസ് ആര്‍ട്ടിസ്ട്രിയുടെ പവര്‍ പാക്കഡ് മാസ്മരിക പ്രകടനമായിരുന്നു തുടര്‍ന്നു അരങ്ങേറിയ മറ്റൊരു പ്രധാന നൃത്തം. ബോളിവുഡ് ഡാന്‍സിനെ പാശ്ചാത്യ-പൗരസ്ത്യ (WESTERN-EASTERN ) സംസ്‌കാരങ്ങളെ ഇഴപിരിച്ചുകൊണ്ട് നടത്തുന്ന ഫ്യൂഷന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞു നിന്ന കാണികളെ ഇരിപ്പിടങ്ങളില്‍ നിന്ന് ഇളക്കി മറിച്ചു.

കുരുന്നു പ്രായത്തില്‍ പ്രശസ്തിയുടെ പടവുകള്‍ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കുന്ന കാലിഫോര്‍ണിയയിലെ സാന്‍സാന്റിയാഗൊ സ്വദേശികളായ കുരുന്നു പ്രതിഭകളായ തനിഷ്‌ക് മാത്യു ഏബ്രഹാം, ടിയറ തങ്കം ഏബ്രഹാം സഹോദരങ്ങള്‍ക്കായിരുന്നു തുടര്‍ന്നു അവാര്‍ഡുകള്‍ നല്‍കിയത്. മികച്ച യുവ പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം ടിയറ മാത്യു എബ്രഹാം ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ ദേവദാസന്‍ നായരില്‍ നിന്ന് ഏറ്റു വാങ്ങി. വേദ് ചൗധരി പ്രശസ്തി പത്രം സമ്മാനിച്ചു. നാമം ട്രഷറര്‍ അനിത നായര്‍ പതക്കം അണിയിച്ചു. ദേവദാസന്‍ നായരും വേദ് ചൗധരിയും അനുമോദന പ്രസംഗവും ടിയറ മറുപടി പ്രസംഗവും നടത്തി. അവര്‍ഡ് സ്വീകരിച്ച ശേഷം ടിയറയുടെ പ്രശസ്തമായ ഓപ്ര സംഗീതവും ഉണ്ടായിരുന്നു. തുടര്‍ന്ന് അഞ്ജലി ഗീതാഞ്ജലി സഹോദരിമാരുടെ മറ്റൊരു പുതുമയുള്ള നൃത്തവും അവിസ്മരണീയമായിരുന്നു. നാമം ബോര്‍ഡ് മെമ്പര്‍ രഞ്ജിത് പിള്ളയും സന്നിഹിതനായിരുന്നു.
പ്രശസ്ത കര്‍ണാട്ടിക്ക് പെര്‍ക്കഷനിസ്റ്റ് ടി.എസ്. നന്ദകുമാറിനാണ് നാലാമതായി അവാര്‍ഡ് നല്‍കിയത്. മൃദംഗവായനയില്‍ മാജിക്കുകള്‍ സൃഷ്ടിക്കുന്ന നന്ദകുമാറിനു മികച്ച സംഗീതജ്ഞനുള്ള പുരസ്‌കാരം ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ സമ്മാനിച്ചു.വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് ചെയര്‍മാന്‍ പാര്‍ത്ഥസാരഥി പിള്ള പ്രശസ്തിപത്രം സമ്മാനിച്ചു. ഫൊക്കാന നേതാവ് സുധ കര്‍ത്ത അവാര്‍ഡ് ജേതാവിനു പതക്കം അണിയിച്ചു. കെ. സി.. എഫ്. സ്ഥാപകനും ചെയര്‍മാനുമായ ടി.എസ്. ചാക്കോ, കെ.എച്ച,എന്‍.എ. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുധ കര്‍ത്ത, പാര്‍ത്ഥസാരഥി പിള്ള എന്നിവര്‍ അനുമോദനങ്ങള്‍ നേര്‍ന്നു. നന്ദകുമാര്‍ മറുപടി പ്രസംഗവും നടത്തി. സൗപര്‍ണിക അക്കാഡമിയിലെ യുവ പ്രതിഭകള്‍ അവതരിപ്പിച്ച ബോളിവുഡ് ഫാസ്റ്റ് നൃത്തങ്ങള്‍ അരങ്ങു തകര്‍ത്ത വേദിയില്‍ മറ്റൊരു മറ്റൊരു ഫാസ്റ്റ് നമ്പറുമായി തമ്പി സഹോദരിമാരും രംഗത്തുവന്നു

മാനവികതക്കുള്ള(ഹ്യുമാനിറ്റേറിയന്‍ പുരസ്‌കാരം) ലഭിച്ച ഈ വര്‍ഷത്തെ അമേരിക്കന്‍ മലയാളികളുടെ കാരുണ്യത്തിന്റെ മാലാഖ ആയ രേഖ നായര്‍ക്ക് മുന്‍അവാര്‍ഡ് ജേതാവും ഏഷ്യാനെറ്റ് യൂ എസ് എ റൗണ്ട് അപ്പ് അവതാരകനുമായ ഡോ. കൃഷ്ണകിഷോര്‍ പുരസ്‌ക്കാരം സമ്മാനിച്ചു.നാമം മുന്‍ പ്രസിഡന്റും അഡ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഗീതേഷ് തമ്പി പ്രശസ്തിപത്രം സമ്മാനിച്ചു. ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗവും മഞ്ച് മുന്‍ പ്രസിഡന്റുമായ സജിമോന്‍ ആന്റണി പതക്കം അണിയിച്ചു.രേഖയെ അനുമോദിച്ചുകൊണ്ട് സജിമോന്‍ ആന്റണിയും രേഖ മറുപടിയും പറഞ്ഞു.
ആറാമതായി ആദരിക്കപ്പെട്ടത് അമേരിക്കയിലെ ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തന രംഗത്തെ നിറ സാന്നിധ്യമായ പ്രമുഖ ഗവേഷകനും പത്രപ്രവര്‍ത്തകനും സോഷ്യല്‍ വര്‍ക്കറുമായ ഡോ. അജയ്ഘോഷാണ്. നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി.നായര്‍ അജയ് ഘോഷിന് ട്രോഫി സമ്മാനിച്ചു.പ്രോഗ്രാം ഡയറക്ടര്‍ തുമ്പി അന്‍സൂദ് പ്രശസ്തി പത്രം നല്‍കി.MASCONN മുന്‍ പ്രസിഡന്റ് ഉണ്ണി തൊയക്കാട്ട് പതക്കം അണിയിച്ചു. മാധവന്‍ നായരും ഉണ്ണി തൊയക്കാട്ടും അനുമോദനങ്ങള്‍ അര്‍പ്പിച്ചു. അജയഘോഷ് നന്ദി പറഞ്ഞു.

അവസാനത്തെ അവാര്‍ഡ് ജേതാവും അമേരിക്കന്‍ മലയാളികളുടെ അന്തസും അഭിമാനവും സൗഹൃദവും രണ്ടുദശാബ്ദങ്ങളിലേറെയായി വൈറ്റ് ഹൗസിന്റെ അകത്തളങ്ങളില്‍ വരെ എത്തിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാധ്യമസ്ഥാപനങ്ങളുടെ ഉടമയും വ്യവസായിയുമായ ഡോ. ബാബു സ്റ്റീഫന് ബഹുമുഖ പ്രതിഭക്കുള്ള എക്സലന്‍സ് അവാര്‍ഡ് എം.ബി.എന്‍.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജാനകി അവുല സമ്മാനിച്ചു.ഫൊക്കാന ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ പ്രശസ്തി പത്രം നല്‍കി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് നടവയല്‍ പതക്കം അണിയിച്ചു. പോള്‍ കറുകപ്പള്ളിലും ജോര്‍ നടവയലും അനുമോദനമര്‍പ്പിച്ചു. ഡോ. ബാബു സ്റ്റീഫന്‍ നന്ദി പറഞ്ഞു.

തുടര്‍ന്ന് മാധവന്‍ നായര്‍ വിശിഷ്ട വ്യക്തികളായ സതീശന്‍ നായര്‍, ഫിലിപ്പ് മൊടയില്‍, ജോര്‍ജ് നടവയല്‍,ടി.എസ്.ചാക്കോ, രഞ്ജിത്ത് പിള്ള, ശ്രീമതി എ.കെ.ബി. പിള്ള, ഫ്രാന്‍സിസ് തടത്തില്‍, എം.എന്‍.സി. നായര്‍, തുമ്പി അന്‍സൂദ്, ലൈസി അലക്‌സ്, മഹേഷ് തുടങ്ങി നിരവധി പേരെ ചടങ്ങില്‍ ആദരിച്ചു.

അവാര്‍ഡ് വിതരണം പൂര്‍ത്തിയായതോടെ വേദിയിലെത്തിയ ഗായകര്‍ അത്താഴ വിരുന്നു ആസ്വാധിച്ചുകൊണ്ടിരുന്നവര്‍ക്ക് സംഗീത വിരുന്നു ഒരുക്കി. തുടര്‍ന്ന് അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ ഗായകരായ ശബരിനാഥ്, സുമ നായര്‍, തഹസീന്‍ മുഹമ്മദ്, കാര്‍ത്തിക ഷാജി എന്നിവരാണ് ഗാനാലാപനം നടത്തിയത്. നാമം മുന്‍ പ്രസിഡന്റും അഡ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഗീതേഷ് തമ്പി സ്വാഗതവും പ്രോഗ്രാം ഡയറക്ടര്‍ തുമ്പി അന്‍സൂദ് നന്ദിയും പറഞ്ഞു,
പ്രതിഭകളുടെ സംഗമവേദിയായി നാമം 2018 എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ്
പ്രതിഭകളുടെ സംഗമവേദിയായി നാമം 2018 എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ്
പ്രതിഭകളുടെ സംഗമവേദിയായി നാമം 2018 എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ്
പ്രതിഭകളുടെ സംഗമവേദിയായി നാമം 2018 എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ്
പ്രതിഭകളുടെ സംഗമവേദിയായി നാമം 2018 എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ്
പ്രതിഭകളുടെ സംഗമവേദിയായി നാമം 2018 എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ്
പ്രതിഭകളുടെ സംഗമവേദിയായി നാമം 2018 എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക