Image

അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ചില നാള്‍ വഴികള്‍ (മണ്ണിക്കരോട്ട്‌ )

Published on 23 March, 2012
അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ചില നാള്‍ വഴികള്‍ (മണ്ണിക്കരോട്ട്‌ )
അടുത്ത സമയത്ത്‌ `എഴുത്തുകാരില്‍നിന്നും എഴുത്തുകാരെ തിരിച്ചറിയുക, ലാനയുടെ ലക്ഷ്യം' എന്ന ശീര്‍ഷകത്തില്‍ ശ്രീമാന്‍ വാസുദേവ്‌ പുളിക്കലിന്റെ ഒരു ലേഖനം ഇ-മലയാളിയില്‍ വായിച്ചു. അതില്‍ അദ്ദേഹം എഴുതുന്നു- `അമേരിക്കന്‍ മലയാള സാഹിത്യം എന്ന ലഘുലേഖനം സമര്‍പ്പിച്ചുകൊണ്ടാണ്‌ സാഹിത്യചര്‍ച്ചകളിലേക്കുള്ള എന്റെ പ്രവേശനം. അന്നുവരെ ആരും അങ്ങനെ ഒരു വിഷയത്തെപ്പറ്റി ചിന്തിക്കുകയൊ എഴുതുകയൊ ഉണ്ടായിട്ടില്ല.' തടുര്‍ന്ന്‌ അദ്ദേഹത്തിന്റെ ഉപദേശങ്ങളും ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ പ്രസ്‌താവന അടിസ്ഥാനരഹിതവും വാസ്‌തവിരുദ്ധവുമാണ്‌. 

ഇവിടെ അന്നുവരെ എന്ന്‌ വാസുദേവ്‌ പുളിക്കല്‍ പറയുന്നു. എന്നാല്‍ എന്നുവരെയെന്ന്‌ പറയുന്നതുമില്ല. എന്തായാലും അധികം കാലമാകാന്‍ സാധ്യതയില്ല. മാത്രമല്ല, `അന്നുവരെ ആരും അങ്ങനെ ഒരു വിഷയത്തെപ്പറ്റി ചിന്തിക്കുകയൊ എഴുതുകയൊ ഉണ്ടായിട്ടില്ല.' എന്ന്‌ എങ്ങനെ പറയാന്‍ കഴിയും? അമേരിക്കയിലെ എല്ലാ എഴുത്തുകാരുടേയും ചിന്താമണ്ഡലത്തില്‍ കടന്നുചെന്ന്‌ അവര്‍ എന്താണ്‌ ചിന്തിച്ചെതെന്ന്‌ മനസ്സിലാക്കാനുള്ള കഴിവ്‌ ഒരാള്‍ക്കുണ്ടാകുമോ? അല്ല ഉണ്ടാകുമോ? മാത്രമല്ല, അമേരിക്കയിലെ മലയാള സാഹിത്യത്തെക്കുറിച്ച്‌ (അമേരിക്കന്‍ മലയാള സാഹിത്യമെന്ന്‌ ഞാന്‍ ഉപയോഗിക്കാറില്ല. എന്നുമാത്രമല്ല അമേരിക്കന്‍ മലയാള സാഹിത്യം എന്ന പ്രയോഗം തെറ്റാണെന്നാണ്‌ എന്റെ അഭിപ്രായം) സമഗ്രമായ പഠനമില്ലാതെ അതെക്കുറിച്ച്‌ ഒരാള്‍ക്ക്‌ എങ്ങനെ എഴുതാന്‍ കഴിയും?

ഇതേക്കുറിച്ച്‌ ശ്രീമാന്‍ ജോസഫ്‌ നമ്പിമഠത്തിന്റെ വിയോജനക്കുറിപ്പ്‌ വളരെ ശരിയാണ്‌. എന്നാല്‍ അത്‌ അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ നാള്‍വഴികളില്‍ ഒരു ഭാഗം മാത്രമാണ്‌. രണ്ടുവര്‍ഷമായെന്നുതോന്നുന്നു ശ്രീമാന്‍ സൂധീര്‍ പണിക്കവീട്ടില്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ ഒരു ലേഖനം പ്രസിദ്ധീകിരിച്ചിരുന്നു. `അമേരിക്കന്‍ മലയാള സാഹിത്യം ഇന്നലെ ഇന്ന്‌ നാളെ' എന്നായിരുന്നു അതിന്റെ ശീര്‍ഷകം എന്നാണ്‌ എന്റെ ഓര്‍മ്മ. അത്‌ അതിനു മുമ്പ്‌ കൈരളി എന്ന പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ചിരുന്നതായി പറയുന്നു. അതാണ്‌ അമേരിക്കിയിലെ മലയാള സാഹിത്യത്തെക്കറുച്ചുള്ള ആദ്യത്തെ ആധികാരിക ലേഖനമെന്ന്‌ അദ്ദേഹവും അതിന്‌ അഭിപ്രായമെഴുതിയ വാസുദേവ്‌ പുളിക്കലും അഭിപ്രായപ്പെട്ടിരുന്നു. അതിനുശേഷമാണ്‌ ഇപ്പോള്‍ വാസുദേവ്‌ പുളിക്കല്‍തന്നെ എഴുതിയ ലേഖനത്തിനു മുമ്പ്‌ അങ്ങനെ ആരും ചിന്തിക്കുകപോലും ചെയ്‌തിട്ടില്ലെന്ന്‌ അദ്ദേഹംതന്നെ പ്രസ്‌താവിക്കുന്നത്‌.

അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ചില നാള്‍വഴികളിലേക്ക്‌ ചുരുക്കമായി ഒന്നു കടന്നു ചെല്ലാം. അമേരിക്കയില്‍ മലയാള സാഹിത്യത്തിന്‌ 1970-മുതല്‍ ജീവന്‍വച്ചതാണ്‌. 1970-ല്‍ തുടങ്ങിയ ചില മലയാള പ്രസിദ്ധീകരണങ്ങള്‍ ശ്രദ്ധിക്കുക. ചലനം (1970 - ന്യൂയോര്‍ക്ക്‌), കേരള സന്ദേശം (ഇത്‌ 1973 മുതല്‍ ന്യൂയോര്‍ക്കിലെ കേരള സമാജത്തിന്റെ ഔദ്യോഗിക ജിഹ്വയായി ആരംഭിച്ച ഒരു കയ്യെഴുത്തു മാസികയാണ്‌. ക്രമേണ അത്‌ അച്ചടിയില്‍ തുടരുകയും ചെയ്‌തു), മലയാളി (1975- കാനഡ), തറവാട്‌ (1976- ന്യൂയോര്‍ക്ക്‌), കേരള ശബ്‌ദം (1978- കാനഡ), അശ്വമേധം (1978 - ന്യൂയോര്‍ക്ക്‌), പ്രഭാതം (1979 - ന്യൂയോര്‍ക്ക്‌), കേരള ഡൈജസ്റ്റ്‌ (1979 - ന്യൂയോര്‍ക്ക്‌) എന്നീ പ്രസിദ്ധീകരണങ്ങളും സംഘടനകളുടേതായ വേറെ ജിഹ്വകളും 1970 പതുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1980-കളില്‍ മറ്റ്‌ പ്രസിദ്ധീകരിണങ്ങളും ഉണ്ടായിട്ടുണ്ട്‌. ഇതിലെല്ലാം തീര്‍ച്ചയായും അമേരിക്കയിലെ മലയാള സാഹിത്യത്തെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌.

ഇനിയും സാഹിത്യസൃഷ്ടികളെക്കുറിച്ച്‌ നോക്കാം. 1982-ല്‍ ഞാന്‍ അമേരിക്കയില്‍ ആദ്യമായി മലയാളം നോവല്‍ പ്രസിദ്ധീകരിച്ചു (ജീവിതത്തിന്റെ കണ്ണീര്‍). 1982 അവസാനത്തോടെ എസ്‌.കെ. പിള്ള `ബന്ധങ്ങള്‍ തകരുന്നു' (നാടകം), 1983-ല്‍ രാജന്‍ മാരേട്ട്‌ `വെളിവുള്ള ഭ്രാന്തന്‍' (ഉപന്യാസങ്ങള്‍), 1983-ല്‍ ടെസി (തെരേസ ഫ്രാന്‍സിസ്‌) `ഇത്‌ അമേരിക്കയാ', `ബലിയാടുകള്‍', `മുള്ളുവേലികള്‍' (നാടകങ്ങള്‍) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു. 1980-തുകളുടെ ഉത്തരാര്‍ദ്ധത്തില്‍ വേറെയും കൃതികള്‍ പ്രസദ്ധീകരിച്ചിട്ടുണ്ട്‌. അതുപോലെ 1980-കളുടെ തുടക്കം മുതല്‍ ഹ്യൂസ്റ്റനില്‍ സാഹിത്യചര്‍ച്ച സജീവമായിരുന്നു.

1992-ലെ ഫൊക്കാന കണ്‍വന്‍ഷനില്‍ അമേരിക്കയിലെ മലയാള സാഹിത്യത്തിന്‌ ആദ്യമായി പ്രധാന സ്ഥാനം ലഭിച്ചു. അന്ന്‌ ഡോ. എം. വി. പിള്ളയായിരുന്നു സാഹിത്യസമ്മേളനത്തിന്റെ ചെയര്‍മന്‍. അവിടെ അമേരിക്കയിലെ മലയാള സാഹിത്യം ചര്‍ച്ചാവിഷയമായിരുന്നു. പിന്നീടങ്ങോട്ട്‌ എല്ലാ ഫൊക്കാന കണ്‍വന്‍ഷനുകളിലും ദേശീയ തലത്തില്‍ അമേരിക്കയിലെ മലയാള സാഹിത്യം ഒരു ചര്‍ച്ചാവിഷയമായി തുടര്‍ന്നു.

1993-ല്‍ `പ്രവാസ സാഹിത്യം വളര്‍ത്തണം' എന്ന ശീര്‍ഷകത്തില്‍ `രജനി'മാസികയില്‍ ഞാന്‍ ഒരു നീണ്ട ലേഖനം എഴുതിയിരുന്നു. കൂടാതെ `അമേരിക്കയിലെ മലയാളികളും മലയാളവും', `അമേരിക്കയിലെ മലയാള സാഹിത്യം ഒരു സ്വതന്ത്ര വീക്ഷണം' `അമേരിക്കയിലെ മലയാള സാഹിത്യം ഇന്ന്‌', `അമേരിക്കയിലെ മലയാള സാഹിത്യം ഒരു അവലോകനം' ഇങ്ങനെ പല ലേഖനങ്ങളും ഞാന്‍ 90-കളിലും 2000-ത്തിന്റെ തുടക്കത്തിലും, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ഫൊക്കാന സാഹിത്യസമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

ഈ വിഷയത്തില്‍, അമേരിക്കയിലെ പ്രസിദ്ധ കവിയും കഥാകൃത്തും ലേഖകനുമായ ജോസഫ്‌ നമ്പിമഠത്തിന്റെ `അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസപരിണാമങ്ങള്‍' എന്ന ലേഖനം ശ്രദ്ധേയമാണ്‌. 1994-ല്‍ ഹ്യൂസ്റ്റനിലെ കേരള റൈറ്റേഴ്‌സ്‌ ഫോറവും ഡാളസിലെ ലിറ്റററി സൊസൈറ്റിയും സംയുക്തമായി നടത്തിയ സാഹിത്യ സമ്മേളനത്തില്‍ അവതരിപ്പിച്ച ഈ ലേഖനം അക്കാലത്ത്‌ ഫിലഡല്‍ഫിയായില്‍നിന്നുള്ള `രജനി' മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. കൂടാതെ 1999-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ `കൊച്ചുകാര്യങ്ങളുടെ തമ്പുരാന്‍ എന്ന അരുന്ധതി നക്ഷത്രം' എന്ന ലേഖനസമാഹാരത്തിലും ഈ ലേഖനം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. `പ്രവാസ സാഹിത്യം' എന്ന ശീര്‍ഷകത്തില്‍ മറ്റൊരു ലേഖനവും ആ കൃതിയിലുണ്ട്‌.

1990-കളില്‍ പ്രസിദ്ധ നോവലിസ്റ്റായ ഏബ്രഹാം തെക്കെമുറിയും കഥാകൃത്ത്‌ ജോണ്‍ മാത്യുവും അമേരിക്കയിലെ മലയാള സാഹിത്യത്തെക്കുറിച്ച്‌ പല സമ്മേളനങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ നയിക്കുകയും ചെയ്‌തിട്ടുണ്ട്‌. 1996-ല്‍ ഡാളസില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ ഞാന്‍ കൊ-ചെയര്‍ പെഴ്‌സന്‍ ആയിരുന്നു. അവിടെയും അമേരിക്കയിലെ മലയാള സാഹിത്യത്തെക്കുറിച്ച്‌ വിശദമായ ചര്‍ച്ച നടന്നു. അവിടെവച്ചാണ്‌ `ലാന' എന്ന കേന്ദ്രസാഹിത്യ സംഘടന രൂപം കൊള്ളുന്നത്‌. ഫൊക്കാന യിലെന്നപോലെ എല്ലാ ലാന കണ്‍വന്‍ഷനിലും അമേരിക്കയിലെ മലയാള സാഹിത്യം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചര്‍ച്ചാവിഷയമാണ്‌. അത്‌ തുടരുകയും ചെയ്യും. കേരളത്തില്‍ മലയാള സാഹിത്യം വളര്‍ ന്നതു മുതല്‍ അതേക്കുറിച്ച്‌ ലേഖനങ്ങളും ചര്‍ച്ചകളും ഉണ്ടായിരിക്കും. ഇനിയും എക്കാലവും അത്‌ തുടരു കയും ചെയ്യും. അതുപോലെതന്നെ അമേരിക്കയിലെ മലയാള സാഹിത്യത്തെക്കുറിച്ചും.

ഇന്ന്‌ അമേരിക്കയിലെ മലയാളസാഹിത്യലോകത്ത്‌ ഞാന്‍ കാണുന്ന ഏറ്റവും വലിയ പരാധീനത എഴുത്തുകാര്‍ സ്വയം മനസ്സിലാക്കുന്നില്ലെന്നുള്ളതാണ്‌. അതോടൊപ്പം മറ്റുള്ളവരെ അറിയാനും അംഗീകരിക്കാനും മിക്കവരും തയ്യാറാകുന്നില്ല. വിമര്‍ശിക്കപ്പെടാന്‍ ഇഷ്ടപ്പെടാത്ത ഇക്കൂട്ടര്‍ താന്‍ എഴുതുന്നത്‌ ഏറ്റവും മികച്ചതും ഒന്നാമത്തേതും എന്നു കരുതി സാമ്രാജ്യം സ്ഥാപിക്കാതെ സമ്രാട്ടായി വാഴുന്നവരാണ്‌. ഇക്കാരണത്താലാണ്‌ അമേരിക്കയിലെ മലയാള സാഹിത്യത്തെ പൊതുവെ പുച്ഛത്തോടും പരിസാഹത്തോടും മറ്റുള്ളവര്‍ കാണുന്നത്‌.

മറ്റുള്ളവരെ മനസ്സിലാക്കുന്നില്ലെന്നുള്ളതിന്‌ ഒരു ഉദാഹരണമാണ്‌ താനും തന്റെ ചുറ്റുപാടും മാത്രമാണ്‌ എല്ലാം എന്ന ചിന്തയിലുള്ള പലരുടെയും പെരുമാറ്റം. അത്‌ കുളത്തിലെ തവള, ഇതുതന്നെ ഏറ്റവും വലിയ ജലാശയം എന്നു പറയുന്നതുപോലെയാണ്‌ (ഇതേപ്പറ്റി കൂടുതല്‍ വിവരിക്കുന്നില്ല).

2007-ജനുവരിയിലാണ്‌ എന്റെ `അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം' പ്രസിദ്ധീകരിക്കുന്നത്‌. എന്റെ അഞ്ചുവര്‍ഷത്തെ പരിശ്രമത്തിനുശേഷമാണ്‌ 254 പേജുള്ള ഈ കൃതി വെളിച്ചം കണ്ടത്‌. 254-പേജില്‍ എഴുതാന്‍ അമേരിക്കയില്‍ മലയാള സാഹിത്യമുണ്ടോ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ ശരിയായ ഉത്തരം നല്‍കാന്‍ ഈ ലേഖനംകൊണ്ട്‌ സാധിക്കുന്നതല്ല. അതൊകൊണ്ട്‌ തല്‍ക്കാലം അതു വിടുന്നു. 1999-ലാണ്‌ ഇങ്ങനെ ഒരു ആശയമുണ്ടായത്‌. 2000-മുതല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2006-ഒക്ടോബറില്‍ ഈ കൃതിയുടെ അച്ചടി പൂര്‍ത്തിയായതാണ്‌. ചില സാങ്കേതിക തടസങ്ങള്‍കൊണ്ട്‌ പ്രസദ്ധീകരണം 2007-ജനുവരിയിലേക്കു മാറ്റി എന്നു മാത്രം. ഈ കൃതിയില്‍ അമേരിക്കയില്‍ മലയാള ഭാഷയെ സംബന്ധിച്ചുള്ള എല്ലാ രേഖകളും കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്‌.

അതേക്കുറിച്ച്‌ അറിയാവുന്നവരും വായിച്ചവരില്‍ പലരും അങ്ങനെയൊന്ന്‌ ഇല്ല എന്നമട്ടിലാണ്‌ പെരുമാറുന്നത്‌. ഇവിടെ അറിയാത്തവരെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. അതാണോ അക്കൂട്ടരുടെ ഉദ്ദേശ്യമെന്ന്‌ അറിയുന്നില്ല. കണ്ണടച്ച്‌ ഇരുട്ടാക്കാനുള്ള ശ്രമമാണിത്‌. പലരും അന്ധന്‍ ആനയെ കണ്ടതുപോലെ പെരുമാറുന്നു. ആനയുടെ വാലില്‍ പിടിച്ചവന്‍ ഹൊ, ആന എന്താ അത്രവല്യ ആളൊന്നുമല്ല. എന്റെ കയ്യില്‍ ഒതുങ്ങാനെയുള്ളു എന്നു ചിന്തിക്കുന്ന പെരുമാറ്റം.

ഇങ്ങനെ വസ്‌തുനിഷ്‌ഠമായ സത്യം നിലനില്‍ക്കുമ്പോഴാണ്‌ ശ്രീമാന്‍ വാസുദേവ്‌ പുളിക്കല്‍ അടുത്തകാലത്ത്‌ അദ്ദേഹം എഴുതിയ ലേഖനം `അമേരിക്കന്‍ മലയാള സാഹിത്യ'ത്തില്‍ ആദ്യത്തേതെന്നും അതുവരെ മറ്റാരും പ്രസ്‌തുത വിഷയത്തെക്കുറിച്ച്‌ ചിന്തിക്കുകപോലും ചെയ്‌തിട്ടില്ലെന്നു പ്രസ്‌താവിക്കുന്നത്‌.

www.mannickarottu.net
അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ചില നാള്‍ വഴികള്‍ (മണ്ണിക്കരോട്ട്‌ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക