Image

സൌഹ്രുദത്തണലില്‍ തൊബാമയും സിജു വില്‍സനും

മീട്ടു റഹ്മത്ത് കലാം Published on 15 May, 2018
സൌഹ്രുദത്തണലില്‍ തൊബാമയും സിജു വില്‍സനും
കൂടെ നഴ്‌സിംഗ് പഠിച്ചവര്‍ വിദേശത്ത് വലിയശമ്പളത്തിന് ജോലി ചെയ്യുമ്പോഴും സിനിമ എന്ന ആഗ്രഹത്തെ മനസ്സില്‍ നിന്ന് പറിച്ചുകളയാന്‍ സിജു വില്‍സണ്‍ എന്ന ചെറുപ്പക്കാരന്‍ തയ്യാറായിരുന്നില്ല. ആ നിശ്ചയദാര്‍ഢ്യമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ ചലച്ചിത്ര രംഗത്തേക്കുള്ള വാതില്‍ തുറന്നു കൊടുത്തത്. പ്രേമത്തിലെ ജോജോയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ സിജു, 101 ദിവസം തകര്‍ത്തോടിയ ഹാപ്പി വെഡിങ്ങിലെ നായക വേഷത്തിനു ശേഷം കട്ടപ്പനയിലെ തേപ്പുകിട്ടിയ കാമുകനായും ആദിയിലെ വില്ലനായും വന്ന് വെള്ളിത്തിരയില്‍ തന്റേതായ സ്ഥാനം അരക്കിട്ടുറപ്പിച്ചു. പ്രേമം ടീം വീണ്ടും ഒന്നിക്കുന്ന 'തൊബാമ' എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ച് സിജു പറയുന്നു...

തൊബാമ എന്ന പേരിനൊരു കൗതുകമുണ്ടല്ലോ?

ഏത് ആംഗിളില്‍ നോക്കിയാലും ഈ സിനിമയില്‍ പ്രകടമാകുന്ന ഒന്നാണ് സൗഹൃദം. തൊബാമ -തൊമ്മി, ബാലു, മമ്മു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ്. എല്ലാവരുടെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് രൂപപ്പെടുത്തിയതാണ് ടൈറ്റില്‍. കൂടെ അഭിനയിച്ചിരിക്കുന്നു ഷറഫുദ്ദീന്‍, കൃഷ്ണശങ്കര്‍ (കിച്ചു), ശബരീഷ് വര്‍മ്മ , നിര്‍മ്മാതാവ് അല്‍ഫോന്‍സ് പുത്രന്‍, സംവിധായകന്‍ മൊഹ്‌സിന്‍ എല്ലാവരും സുഹൃത്തുക്കളാണ്. മൊഹ്സിനൊപ്പം തിരക്കഥ എഴുതിയിരിക്കുന്നത് അവനൊപ്പം ലോ കോളേജില്‍ പഠിച്ച അശ്വതി ടി.വി ആണ്. സൗഹൃദത്തിന്റെ കഥ സുഹൃത്തുക്കള്‍ ചേര്‍ന്നെഴുതിയതിന്റെയും അഭിനയിച്ചതിന്റെയുമൊക്കെ ഗുണം ചിത്രത്തിലുണ്ട്.

ഇതില്‍ സിജുവിന്റെ കഥാപാത്രം?

2007 ല്‍ നടക്കുന്ന കഥയാണ് സിനിമയില്‍ പറയുന്നത്. എന്റെ കഥാപാത്രമായ ബാലുവാണ് കൂട്ടത്തില്‍ പ്രായോഗിക ബുദ്ധിയുള്ള ഒരേയൊരാള്‍. എം.കോമിന് പഠിക്കുകയാണ്. കിച്ചുവാണ് മമ്മുവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. മമ്മു വിളിപ്പേരാണ്, മനാഫ് എന്നാണ് റിയല്‍ നെയിം. സിനിമാ നടനാകാനുള്ള മോഹവുമായി നടക്കുന്ന ക്യാരക്ടര്‍. ഷറഫ് ചെയ്യുന്ന തൊമ്മി എന്ന കഥാപാത്രം താല്‍കാലികമായി പലപല ജോലികള്‍ ചെയ്യുന്ന യുവാക്കളുടെ പ്രതിനിധിയാണ്. വേഗത്തിലെങ്ങനെ സമ്പന്നരാകാം എന്ന ചിന്തയില്‍ ഈ സുഹൃത്തുക്കള്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളും അതിന്റെ പ്രത്യാഘാതങ്ങളുമാണ് സിനിമയുടെ ഗതി തിരിക്കുന്നത്. പുണ്യ എലിസബത്ത് ആണ് നായികാവേഷം ചെയ്തിരിക്കുന്നത്. ഷൂട്ടിന് മുന്‍പ് തന്നെ കഥാപാത്രങ്ങളുടെ മാനറിസമൊക്കെ കഥയുടെ ഓരോഘട്ടത്തിലും ഒപ്പം ഉണ്ടായിരുന്നതുകൊണ്ട് മനസിലാക്കിയിരുന്നു. എന്നോടും ഷറഫിനോടും സിനിമയ്ക്കുവേണ്ടി വണ്ണം കുറയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ കിച്ചുവിനോട് എത്രവേണമെങ്കിലും കഴിച്ചോളാനാണ് മൊഹ്‌സിന് പറഞ്ഞിരുന്നത്.

ഡയറ്റിംഗിനിടയിലെ രസകരമായ അനുഭവം?

ഞാനും ഷറഫും ശരിക്കും പെട്ടു. ഓര്‍മ്മവെച്ചതില്‍ പിന്നെ നോണ്‍-വെജ് ലിമിറ്റ് ചെയ്‌തൊരു ഡയറ്റ് ഉണ്ടായിരുന്നില്ല. അവസരം മുതലാക്കി കിച്ചു ഞങ്ങളുടെ മുന്നില്‍ വന്നിരുന്ന് ബിരിയാണി വെട്ടിയടിച്ച് കൊതിപ്പിക്കും. കഴിക്കടാ കഴിക്കെന്ന് കോറസ്സായി ഞങ്ങള്‍ പറയുമ്പോള്‍ അവന്റെ മുഖത്തെ സന്തോഷം ഒന്നുകാണേണ്ടതാണ്.

തൊബാമയുടെ ഷൂട്ട് എന്റെ കല്യാണത്തിന് മുന്‍പേ തുടങ്ങിയതാണ്. കല്യാണത്തിന്റെ അന്ന് മാത്രം ഡയറ്റിംഗിന് ഇളവുകൊടുത്ത് കാര്യമായിട്ട് കഴിച്ചു. കല്യാണത്തിന് പങ്കെടുത്തവര്‍ ഒരുപക്ഷെ ഇവനെന്താ ഭക്ഷണം കാണാത്തവരെപ്പോലെ എന്ന് വിചാരിച്ചുകാണും.

പ്രണയ വിവാഹം ആയിരുന്നല്ലോ?

ഷട്ടര്‍ സിനിമയുടെ ഹിന്ദി റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അല്‍ഫോന്‍സ് മുംബൈക്ക് പോയപ്പോള്‍ ഞാനും കൂടെ പോയി. അവിടെവെച്ചാണ് ശ്രുതിയെ പരിചയപ്പെടുന്നത്. നവംബര്‍ മൂന്നിന്, ഒരു ദീപാവലി ദിവസം ഞാനവളെ പ്രൊപ്പോസ് ചെയ്തു. നാലര വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ കാര്യങ്ങള്‍ വീട്ടില്‍ അവതരിപ്പിച്ചു. മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഹിന്ദുപെണ്‍കുട്ടി ഞങ്ങളുടെ സാഹചര്യങ്ങളുമായി ഒത്തുപോകുമോ എന്ന സംശയമൊക്കെ വീട്ടിലുണ്ടായിരുന്നു. ദുബൈയിലുള്ള സഹോദരിയും ഭര്‍ത്താവും നാട്ടില്‍ വന്നപ്പോള്‍ എന്റെ സൈഡ് നിന്നു. അങ്ങനെ കുടുംബ സമേതം ശ്രുതിയെപ്പോയിക്കണ്ട് ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെ ആയിരുന്നു വിവാഹം. ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹച്ചടങ്ങുകള്‍ നടത്തി.

പ്രേമം പോലൊരു വിജയചിത്രം കഴിഞ്ഞ് ആ ടീം എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നോ?

ഓരോ ചിത്രം ചെയ്യുമ്പോഴും അതിന്റേതായ പിരിമുറുക്കം ഉണ്ടാകുമല്ലോ. പ്രേക്ഷകരോട് പറയാനുള്ളത് പ്രേമം പോലൊരു ചിത്രം പ്രതീക്ഷിച്ച് ആരും തീയറ്ററില്‍ വരരുതെന്നാണ്. സിനിമയില്‍ പുതിയതായി എന്തു ചെയ്യാം എന്നാണ് സിനിമ പാഷനായി കാണുന്നവര്‍ ആഗ്രഹിക്കുക. അങ്ങനൊരു ഫ്രഷ്നെസ്സ് കൊണ്ടുവരാനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്. സുനോജ് വേലായുധന്റെ ഛായാഗ്രഹണവും ഷിനോസ് റഹ്മാന്റെ എഡിറ്റിംഗും എടുത്തുപറയാതെ വയ്യ. കളറിംഗ് ചെയ്തിട്ടില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഷൂട്ട് ചെയ്ത വിഷ്വല്‍സ് അങ്ങനെ തന്നെ ഉപയോഗിച്ചിരിക്കുന്നത് റിയല്‍ ഫീല്‍ തരും. വൈകാരിക രംഗങ്ങളുടെ തീവ്രത അതുകൊണ്ട് കൂടിയതായി സിനിമ കണ്ട പലരും വിളിച്ചുപറഞ്ഞു. പരീക്ഷണങ്ങള്‍ക്ക് മുതിരുമ്പോള്‍ പ്രേക്ഷകര്‍ ഇത് സ്വീകരിച്ചില്ലെങ്കിലോ എന്ന് ചിന്തിച്ചാല്‍ പുതുതായി ഒന്നും ചെയ്യാന്‍ കഴിയില്ല. നല്ലതെന്തും പ്രേക്ഷകര്‍ സ്വീകരിക്കും എന്ന വിശ്വാസം തന്നെയാണ് മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ധൈര്യം തരുന്നത്.

കടപ്പാട്: മംഗളം 
സൌഹ്രുദത്തണലില്‍ തൊബാമയും സിജു വില്‍സനും സൌഹ്രുദത്തണലില്‍ തൊബാമയും സിജു വില്‍സനും സൌഹ്രുദത്തണലില്‍ തൊബാമയും സിജു വില്‍സനും സൌഹ്രുദത്തണലില്‍ തൊബാമയും സിജു വില്‍സനും സൌഹ്രുദത്തണലില്‍ തൊബാമയും സിജു വില്‍സനും സൌഹ്രുദത്തണലില്‍ തൊബാമയും സിജു വില്‍സനും സൌഹ്രുദത്തണലില്‍ തൊബാമയും സിജു വില്‍സനും സൌഹ്രുദത്തണലില്‍ തൊബാമയും സിജു വില്‍സനും സൌഹ്രുദത്തണലില്‍ തൊബാമയും സിജു വില്‍സനും സൌഹ്രുദത്തണലില്‍ തൊബാമയും സിജു വില്‍സനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക