Image

കോഴിക്കോട്ടെ അജ്ഞാത പനിക്ക് പിന്നില്‍ നിപ്പാവൈറസ് എന്ന് സ്ഥിരീകരണം; മരണം അഞ്ചായി

Published on 20 May, 2018
കോഴിക്കോട്ടെ അജ്ഞാത പനിക്ക് പിന്നില്‍ നിപ്പാവൈറസ് എന്ന് സ്ഥിരീകരണം; മരണം അഞ്ചായി

കോഴിക്കോട്:കോഴിക്കോട്ടെ പനിമരണത്തിന് പിന്നില്‍ നിപ്പാവൈറസ് എന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷം വന്ന റിപ്പോര്‍ട്ടിലാണ് നിപ്പാവൈറസ് എന്ന് സ്ഥിരീകരണം. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്ന് മരിച്ചിരുന്നു.  കൂട്ടാലിട സ്വദേശി ഇസ്മയീല്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പനിബാധിച്ച് മരിച്ച രണ്ട് പേര്‍ക്ക് കണ്ട അതേ ലക്ഷണവുമായി കഴിഞ്ഞ പത്ത് ദിവസമായി ഇസ്മയീലും, ഒരാഴ്ചയായി വേലായുധനും ചികിത്സയിലായിരുന്നു. ഇതോടെ ഇതുവരെ പനിബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി 

ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ച രണ്ട് പേരും. അതുകൊണ്ട് തന്നെ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്.

മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ചങ്ങരോത്ത് സ്വദേശികളടക്കം 25 പേര്‍ ഐസൊലോഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. മരിച്ച സാബിത്ത് അടക്കമുള്ളവരെ ആദ്യ ഘട്ടത്തില്‍ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സിന്റെ നിലയും ഗുരുതരമാണെന്നാണ് അറിയുന്നത്. വവ്വാലില്‍ നിന്നോ പന്നികളില്‍ നിന്നോ ജനതിക വ്യതിയാനം സംഭവിച്ച് മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് മരണകാരണമെന്നാണ് സംശയം. സ്ഥിതിഗതികള്‍ ഗൗരവമായതോടെ അടിയന്തര മെഡിക്കല്‍ യോഗവും കഴിഞ്ഞദിവസം ചേര്‍ന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക