Image

ഗാംഗുലിയുടെ ജീവിതവും സിനിമയാകുന്നു

Published on 27 May, 2018
ഗാംഗുലിയുടെ ജീവിതവും സിനിമയാകുന്നു
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനു പിന്നാലെ ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ജീവിതവും സിനിമയാകുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ഗാംഗുലിയുടെ സംഭവ ബഹുലമായ ജീവിതമാണ് വെള്ളിത്തിരയിലെത്തുന്നത്. മുന്‍പ് ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി എന്നിവരുടെ ജീവിതം പറഞ്ഞ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്.

ഈ ചിത്രങ്ങളുടെ വിജയമാണ് ക്രിക്കറ്റ് ആരാധകരുടെ പ്രിയ ദാദയുടെ ജീവിതവും സിനിമയാക്കാന്‍ അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. സൗരവ് ഗാംഗുലിയുടെ ആത്മകഥയായ 'എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളിലൊന്നായ ആള്‍ട്ട് ബാലാജി പ്രൊഡക്ഷന്‍സാണ് ഗാംഗുലിയുടെ ജീവചരിത്ര സിനിമയുമായി എത്തുന്നത്. ജന്മദേശമായ കൊല്‍ക്കത്തയിലെ ബീരന്‍ റോയ് റോഡില്‍ നിന്നും ലോര്‍ഡ്‌സ് വരെയുളള യാത്രയായിരുന്നു ഗാംഗുലി തന്റെ ആത്മകഥയില്‍ പരാമര്‍ശിച്ചിരുന്നത്. 2002ല്‍ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇന്ത്യ വിജയറണ്‍ നേടിയപ്പോള്‍ ദാദ തന്റെ ഷര്‍ട്ട് ഊരി കറക്കിയതുള്‍പ്പെടെയല്ലാം ചരിത്രത്തില്‍ ഇടം പിടിച്ചവയായിരുന്നു. !983ലെ കിരീട നേട്ടത്തിനു ശേഷം 2003ല്‍ ഇന്ത്യയെ ലോകകപ്പ് ഫൈനല്‍ വരെയെത്തിച്ചത് ഗാംഗുലിയുടെ ക്യാപ്റ്റന്‍സി മികവുകൊണ്ടായിരുന്നു.

ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരത്തിന്റെ ചിത്രം വെള്ളിത്തിരയിലെത്തുമ്പോള്‍ അത് ആരാധകര്‍ നിറഞ്ഞ മനസോടെ സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് അണിയറ പ്രവര്‍ത്തകര്‍ക്കുളളത്. സിനിമ നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ച് നേരത്തെ പ്രൊഡക്ഷന്‍ ഹൗസ് ഗാംഗുലിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ അനുകൂലമായ മറുപടിയാണ് താരം പറഞ്ഞതെന്നാണ് അറിയുന്നത്. കൊല്‍ക്കത്തയില്‍ നിന്നുളള ഒരാള്‍ തന്റെ സിനിമയുടെ സംവിധായകനായി വരണമെന്ന് ഗാംഗുലിക്ക് താല്‍പര്യമുളളതായും അറിയുന്നു. ചിത്രത്തെക്കുറിച്ചുളള ഔദ്യാഗിക സ്ഥിരീകരണം അണിയറപ്രവര്‍ത്തകര്‍ ഇതുവരെ നടത്തിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക