Image

ഐറിഷ് അബോര്‍ഷന്‍ നിയമം: ഹിതപരിശോധനയില്‍ 69 ശതമാനം പേര്‍ അനുകൂലിച്ചു

Published on 27 May, 2018
ഐറിഷ് അബോര്‍ഷന്‍ നിയമം: ഹിതപരിശോധനയില്‍ 69 ശതമാനം പേര്‍ അനുകൂലിച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്ര നിരോധന നിയമത്തില്‍ വ്യവസ്ഥകള്‍ ഇളവ് ചെയ്യാന്‍ ഉദ്ദേശിച്ചു നടത്തിയ ജനഹിത പരിശോധനയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. ഹിതപരിശോധന എന്ന നിശബ്ദ വിപ്‌ളവത്തിലൂടെ നിയമം മാറ്റിയെഴുതാന്‍ വിധിയായിരിക്കുകയാണെന്ന് ഐറിഷ് പ്രധാനമന്ത്രിയും ഇന്‍ഡ്യന്‍ വംശജനുമായ ഡോ.ലിയോ വരേദ്ക്കര്‍ അഭിപ്രായപ്പെട്ടു.ജനങ്ങള്‍ക്ക് ഹിതകരമായ മാറ്റം വരുത്തി പുതിയൊരു രാജ്യം സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമന്നെും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

നിരോധനത്തിനു തുല്യമായ നിയന്ത്രണങ്ങളാണ് രാജ്യത്തിപ്പോള്‍ നിലനില്‍ക്കുന്നത്. ഇതിന് അടിസ്ഥാനമായ ഭരണഘടനയുടെ എട്ടാം ഭേദഗതി റദ്ദാക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. 1983 ലെ നിയമത്തില്‍ എട്ടാം ഭേദഗതിയില്‍ (40.33) മാറ്റം വരുത്തി പാര്‍ലമെന്റ് പാസാക്കുന്നതോടെ നിയമം മാറ്റപ്പെടുന്നതോടെ അയര്‍ലന്‍ഡില്‍ ഭരണഘടനാ ഭേദഗതിയിലൂടെ ഗര്‍ഭഛിദ്രം നിയമവിധേയമാക്കും. 

സര്‍ക്കാരിന്റെ നിലപാടിനോട് ഭൂരിപക്ഷം വോട്ടര്‍മാരും യോജിക്കുന്നു എന്നാണ് ഇതു സംബന്ധിച്ചു നടത്തിയ രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങളിലും വ്യക്തമായിട്ടുള്ളത്. എഴുപതു ശതമാനത്തിന് അടുത്ത് ആളുകള്‍ യെസ് വോട്ട് ചെയ്യുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിച്ചത്.

നിലവിലെ നിയമത്തിന്റെ പിടിയില്‍ 2012 ഒക്ടോബര്‍ 28 ന് സവിത എന്ന ആന്ധ്രാക്കാരി യുവതി മരിക്കാനിടയായ സംഭവം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. സവിതയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുകൂല പക്ഷത്തിനായി വോട്ട് അഭ്യര്‍ഥിച്ചിരുന്നു. ഒരു ഇന്‍ഡ്യന്‍ നേഴ്‌സിന്റെ ജീവന്‍ പൊലിഞ്ഞതും ഇത്തരം ഹിതപരിശോധനയ്ക്ക് കാരണമായി.

കത്തോലിക്കാ രാജ്യമായ അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രത്തിനെതിരായ കര്‍ക്കശമായ നിയമമാണുള്ളതെങ്കിലും ബ്രിട്ടനില്‍ ഗര്‍ഭഛിദ്രം നിയമവിധേയമണ്.എന്നാല്‍ അയര്‍ലന്‍ഡില്‍ നിയമഭേദഗതി നടപ്പാകുന്നതോടെ അബോര്‍ഷന്‍ കാര്യത്തിനായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡുകാര്‍ക്ക് മേലില്‍ അയര്‍ലന്‍ഡിനെ ആശ്രയിക്കാം എന്ന സ്ഥിതിയില്‍ എത്തുകയും ചെയ്തു.

കത്തോലിക്കാ സഭയുടെയും പ്രോലൈഫ് പ്രവര്‍ത്തകരുടെയും ശക്തമായ പ്രചാരണങ്ങളെ അതിജീവിച്ചാണ് അയര്‍ലന്‍ഡിലെ മഹാഭൂരിപക്ഷം ജനങ്ങളും നിയമഭേദഗതി അനിവാര്യമാണെന്ന് വിധിയെഴുതിയത്. അര്‍ധരാത്രിയോടെ മാത്രമേ അന്തിമഫലം പുറത്തുവരികയുള്ളൂ. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക