Image

ജെസ്‌നയെ കണ്ടെത്താന്‍ വിവരശേഖരണപ്പെട്ടിയുമായി പൊലീസ്‌

Published on 07 June, 2018
ജെസ്‌നയെ കണ്ടെത്താന്‍ വിവരശേഖരണപ്പെട്ടിയുമായി പൊലീസ്‌
മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയംസിനെ കണ്ടെത്താന്‍ ഇടുക്കി ജില്ലയിലെ കാടുകള്‍ അരിച്ച്‌ പെറുക്കിയിട്ടും ഫലം നിരാശ. ജെസ്‌നയെ കാണാതായി 75 ദിവസം പിന്നിടുമ്പോഴും തിരോധാനത്തില്‍ ഒരു തുമ്പുപോലും കണ്ടെത്താനാകാതെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്‌ പൊലീസ്‌.

അന്വേഷണത്തിന്റെ ഭാഗമായി എരുമേലി, മുണ്ടക്കയം, പീരുമേട്‌, കുട്ടിക്കാനം വനമേഖലകളില്‍ പൊലീസ്‌ തിരച്ചില്‍ നടത്തിയിരുന്നു. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ്‌ തിരച്ചില്‍ നടത്തിയത്‌.

എന്നാല്‍ തിരച്ചിലില്‍ തുമ്പൊന്നും ലഭിക്കാതെ കാടിറങ്ങിയിരിക്കുകയാണ്‌ പൊലീസ്‌. പത്ത്‌ സംഘങ്ങളായി തിരിഞ്ഞ്‌ പരുന്തുംപാറ, മത്തായി കൊക്ക, കോലാഹല മേട്‌, വാഗമണ്‍, പൊന്തന്‍ പുഴ, മുണ്ടക്കയം, വലിയ കാവ്‌, എരുമേലി എന്നീ വനമേഖലകളിലാണ്‌ തിരച്ചില്‍ നടത്തിയത്‌. വെള്ളക്കെട്ടുകളും ചതുപ്പും ഉള്‍ക്കാടുകളും അഗാധമായ കൊക്കകളും ഉള്‍പ്പെടുന്ന പ്രദേശം മുഴുവന്‍ സംഘം അരിച്ച്‌ പെറുക്കി. എന്നാല്‍ ജസ്‌നയെക്കുറിച്ച്‌ ഒരു സൂചന പോലും ലഭിച്ചില്ല.

അതിനിടെ ജസ്‌നയുടെ ഫോണില്‍ നിന്നും അവസാനമായി അയച്ച സന്ദേശം പൊലീസിനെ കുഴയ്‌ക്കുകയാണ്‌. ഞാന്‍ മരിക്കാന്‍ പോകുന്നു എന്നാണ്‌ ജസ്‌ന സുഹൃത്തിന്‌ അവസാനമായി അയച്ച സന്ദേശം. തമാശയ്‌ക്കായി നിന്നെ ഞാന്‍ കൊല്ലും എന്നത്‌ പോലുള്ള മെസ്സേജുകളും ജസ്‌ന കൂട്ടുകാര്‍ക്ക്‌ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. ഈ മെസ്സേജുകള്‍ക്ക്‌ ജസ്‌നയുടെ തിരോധാനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന്‌ പൊലീസ്‌ അന്വേഷിച്ചിരുന്നു. എന്നാല്‍ അതിലും കാര്യമായി ഒന്നും പൊലീസിന്‌ കണ്ടെത്താനായില്ല.

കാട്‌ തിരച്ചിലും ഫലം കാണാത്തതോടെ അന്വേഷണത്തിനു സഹായകരമാവുന്ന വിവരങ്ങള്‍ ജനങ്ങളില്‍ നിന്നും ലഭിക്കുവാനായി കാഞ്ഞിരപ്പളളി, വെച്ചൂച്ചിറ, എരുമേലി, മുണ്ടക്കയം, മുക്കൂട്ടുതറ എന്നീ പ്രദേശങ്ങളില്‍ വിവരശേഖരണപ്പെട്ടികള്‍ സ്ഥാപിക്കുനൊരുങ്ങുകയാണ്‌ പൊലീസ്‌. ജസ്‌നയെ കണ്ടെത്താം എന്നെഴുതിയ പെട്ടികള്‍ സ്ഥാപിക്കുമ്പോള്‍ ആളുകള്‍ തുറന്നു പറയാന്‍ മടിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നാണ്‌ പൊലീസ്‌ പ്രതീക്ഷിക്കുന്നത്‌.

ജസ്‌നയുടെ വ്യക്തിപരമായ വിവരങ്ങള്‍ കൂടുതല്‍ ഇത്തരത്തില്‍ ലഭിച്ചാല്‍ അത്‌ അന്വേഷണത്തിനു തുമ്പുണ്ടാക്കാന്‍ കൂടുതല്‍ സഹായമാക്കും. വിവരം നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ കുറിപ്പില്‍ രേഖപ്പെടുത്തണമെന്ന്‌ നിര്‍ബന്ധമില്ലാതത്തിനാല്‍ ജനങ്ങള്‍ ഭീതി കൂടാതെ വിവരങ്ങള്‍ നല്‍കുമെന്ന്‌ പൊലീസ്‌ പ്രതീക്ഷിക്കുന്നത്‌. അന്വേഷണത്തിന്റ ഭാഗമായി പൊലീസ്‌ ഇതുവരെ 180 ഓളം പേരെ ചോദ്യം ചെയ്യുകയും 100 പേരുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക