Image

മാണിക്ക്‌ സീറ്റു കൊടുത്തതിനെ ന്യായീകരിച്ച്‌ ഉമ്മന്‍ ചാണ്ടി; പിജെ കുര്യന്‍ ആക്ഷേപം ഉന്നയിച്ചത്‌ കാര്യങ്ങള്‍ മനസിലാക്കാതെ

Published on 08 June, 2018
മാണിക്ക്‌ സീറ്റു കൊടുത്തതിനെ ന്യായീകരിച്ച്‌ ഉമ്മന്‍ ചാണ്ടി; പിജെ കുര്യന്‍  ആക്ഷേപം ഉന്നയിച്ചത്‌ കാര്യങ്ങള്‍ മനസിലാക്കാതെ


തിരുവനന്തപുരം: യുഡിഎഫിന്‌ വിജയിക്കാവുന്ന രാജ്യസഭാ സീറ്റ്‌ കെ എം മാണിക്ക്‌ നല്‍കിയ നടപടിയെ ന്യായീകരിച്ച്‌ ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും എന്നു വിട്ടുവീഴ്‌ച്ച ചെയ്‌തിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്‌ മുന്നണിയെ ശക്തിപ്പെടുത്തും.
യു.ഡി.എഫ്‌ ഒറ്റക്കെട്ടായി തന്നെ മുന്നോട്ട്‌ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി ശാക്തീകരണം ലക്ഷ്യമിട്ടാണ്‌ മാണിക്ക്‌ സീറ്റ്‌ നല്‍കിയത്‌. കാര്യങ്ങള്‍ മനസിലാക്കാത്തതിനാലാണ്‌ വിമര്‍ശനങ്ങള്‍ ഉയരുന്നത്‌. ഈ രാജ്യസഭാ സീറ്റ്‌ ഒരു കീഴ്‌വഴക്കമാകില്ല. ഒരു പ്രാവശ്യത്തേക്ക്‌ മാത്രമുള്ള ധാരണയാണിതെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട്‌ പറഞ്ഞു.

മുതിര്‍ന്ന നേതാവ്‌ പി ജെ കുര്യന്‍ ഉന്നയിച്ച ആരോപണങ്ങളെയും ഉമ്മന്‍ ചാണ്ടി തള്ളികക്കളഞ്ഞു. പിജെ കുര്യന്‍ എനിക്കെതിരെ പറഞ്ഞത്‌ കാര്യങ്ങള്‍ മനസിലാക്കാതെയെന്നാണ്‌ അദ്ദേഹ പറഞ്ഞത്‌. പിജെ കുര്യനെതിരെ ഞാന്‍ പരാതി പറയുകയാണെങ്കില്‍ പറയേണ്ടത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റിനോടാണ്‌. കുര്യന്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റിനോട്‌ അന്വേഷിക്കാം ഞാന്‍ എന്തെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ എന്ന്‌. അങ്ങനെ പരാതി പറയുന്നത്‌ എന്റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2004ല്‍ പിജെ കുര്യന്‌ രാജ്യസഭാ സീറ്റ്‌ നല്‍കുന്നതിന്‌ വേണ്ടി ഞാനും ഇടപെട്ടിരുന്നു. കുര്യന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായം വന്നപ്പോള്‍ അത്‌ നേരിട്ട്‌ പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി കുര്യന്‌ മറുപടി നല്‍കി. കേരളാ കോണ്‍ഗ്രസിന്‌ സീറ്റ്‌ നല്‍കുന്നത്‌ ബിജെപിയെ ശക്തിപ്പെടുത്തുമെന്ന സുധീരന്റെ ആക്ഷേപവും ഉമ്മന്‍ ചാണ്ടി തള്ളി.

യുഡിഎഫ്‌ രൂപം കൊണ്ട കാലം മുതല്‍ രാജ്യസഭാ സീറ്റ്‌ സംബന്ധിച്ച്‌ യുഡിഎഫില്‍ പല വിട്ടുവീഴ്‌ചകളും നീക്കുപോക്കുകളും ഉണ്ടായിട്ടുണ്ട്‌. അത്‌ മനസിലാക്കാതെയാണ്‌ ഇപ്പോള്‍ ആക്ഷേപം ഉയരുന്നത്‌. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസും പല വിട്ടുവീഴ്‌ചകളും ചെയ്‌തിട്ടുണ്ട്‌.

എകെ ആന്റണി കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‌ രാജ്യസഭാ സീറ്റ്‌ നല്‍കുന്നതിന്‌ വേണ്ടി മുസ്ലിംലീഗ്‌ അവര്‍ക്ക്‌ അര്‍ഹതപ്പെട്ട സീറ്റ്‌ വേണ്ടെന്ന്‌ വെച്ചു. ചിലപ്പോള്‍ മുസ്ലിംലീഗിന്‌ രണ്ട്‌ രാജ്യസഭാ സീറ്റ്‌ വരെ കൊടുത്ത ചരിത്രവുമുണ്ട്‌. ലീഗിന്‌ ഒരു രാജ്യസഭാ സീറ്റും നല്‍കാത്ത സമയവുമുണ്ട്‌. കേരളാ കോണ്‍ഗ്രസിന്‌ രാജ്യസഭയില്‍ പ്രാതിനിധ്യമില്ലാതിരുന്ന സമയവും ഉണ്ടായിട്ടുണ്ട്‌.

മുന്നണിയുടെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി എല്ലാവരും വിട്ടുവീഴ്‌ച ചെയ്‌തതാണ്‌ ചരിത്രം. 1991 മുതല്‍ രാജ്യസഭയില്‍ ദീര്‍ഘനാള്‍ കേരളാ കോണ്‍ഗ്രസിന്‌ പ്രാതിനിധ്യമുണ്ടായിരുന്നില്ല. കഴിഞ്ഞ തവണയാണ്‌ ജോയി എബ്രഹാമിന്‌ രാജ്യസഭാ സീറ്റ്‌ നല്‍കിയത്‌. അദ്ദേഹത്തിന്റെ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ ആ സീറ്റ്‌ കേരളാ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. അതാണ്‌ ഇപ്പോള്‍ നല്‍കാന്‍ പൊതുധാരണയായതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക