Image

നാഷണല്‍ ജോഗ്രഫിക് ബീ കോമ്പറ്റിഷന്‍ 2018 വിജയത്തിളക്കത്തില്‍ ഇന്ത്യന്‍ യുവത്വം

അനില്‍ പെണ്ണുക്കര Published on 08 June, 2018
നാഷണല്‍ ജോഗ്രഫിക് ബീ കോമ്പറ്റിഷന്‍ 2018 വിജയത്തിളക്കത്തില്‍ ഇന്ത്യന്‍ യുവത്വം
2018 ലെ നാഷണല്‍ ജോഗ്രഫിക് ബീ കോംപെറ്റീഷനില്‍ ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് 3 ചുണക്കുട്ടികള്‍. വാഷിങ്ടണ്‍ ഡി സിയില്‍ വെച്ച് നടത്തിയ ഈ മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കക്കാരായ 3 വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.

കാലിഫോര്‍ണിയയില്‍ നിന്നും വെങ്കട്ട് രഞ്ജന്‍, ന്യൂ ജേഴ്‌സിയയില്‍ നിന്നും അനൗഷ്ക ബഡ്ഡികോട്, ജോര്‍ജിയയില്‍ നിന്നും വിശാല്‍ സാരഥി എന്നിവരാണ് മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയവര്‍. വിജയികള്‍ക്കുള്ള സ്‌കോളര്‍ഷിപ് അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ഇന്ത്യന്‍ അമേരിക്കക്കാരുടെ അഭിമാന പാത്രമായി മാറാന്‍ ഇവര്‍ക്ക് കഴിഞ്ഞു. കാലിഫോര്‍ണിയയില്‍ നിന്നുള്ള വെങ്കട്ട് രഞ്ജനാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

നാഷണല്‍ ജോഗ്രഫിക് ബീ വിന്നര്‍ ആയിക്കൊണ്ട് ഒന്നാം സമ്മാനമായ $50, 000 വെങ്കട്ട് ഏറ്റുവാങ്ങി. കൂടാതെ ഗാലപ്പഗോ ഐലണ്ടിലേക്കുള്ള സൗജന്യ യാത്രക്ക് ഒരു സുവര്‍ണ്ണാവസരവും ഈ 13 കാരന് ലഭിച്ചു. ന്യൂ ജേഴ്‌സിയയില്‍ നിന്നുള്ള അനൗഷ്ക ബഡ്ഡികോടും ജോര്‍ജിയയിലെ വിശാല്‍ സാരഥിയും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവരാണ്. ഇരുവര്‍ക്കും $ 25000 ഉം $ 10000 ഉം സമ്മാനമായി ലഭിച്ചു.

മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ വെങ്കട്ട് രഞ്ജന്റെ ഉത്തരം തെറ്റായെങ്കിലും അവസാന ചോദ്യത്തിന് ശരിയായ ഉത്തരം നല്‍കികൊണ്ട് വെങ്കട്ട് ഒന്നാം സ്ഥാനം നേടിയെടുത്തു. ലെബനന്‍ ന്റെ ജനസംഖ്യയുമായി സാമ്യമുള്ള സൗത്ത് അമേരിക്കന്‍ രാജ്യം ഏതാണ് എന്ന ചോദ്യത്തിന് "പാരാഗ്വ" എന്ന ശരിയായ ഉത്തരം നല്‍കിക്കൊണ്ടാണ് ഈ കൊച്ചു മിടുക്കന്‍ വിജയം കൈവരിച്ചത്. 3 വര്‍ഷത്തെ പരിശ്രമം വിജയത്തില്‍ കലാശിച്ചതില്‍ ഈ 13 കാരന്‍ വളരെയധികം സന്തോഷിക്കുന്നുണ്ട്.

വെങ്കട്ടിനെ പോലെത്തന്നെ അനൗഷ്കയും വിശാലും പരിശ്രമങ്ങള്‍ കൊണ്ട് വിജയം കൈവരിച്ചവരാണ്. ന്യൂ ജേഴ്‌സിയയിലെ ബ്രിഡ്ജ് വാട്ടര്‍ റേറിടാന്‍ മിഡില്‍ സ്കൂളിലെ 8ആം ക്ലാസ്സുകാരിയാണ് അനൗഷ്ക. ജോഗ്രഫിയെ ഇഷ്ട്ടപ്പെടുന്ന വിശാല്‍ റിവര്‍ വാച്ച് മിഡില്‍ സ്കൂളിലെ 8 ആം ക്ലാസ്സുകാരനാണ്.

തുടര്‍ച്ചയായുള്ള 6 വര്‍ഷവും നാഷണല്‍ ജോഗ്രഫിക് ബീ അവാര്‍ഡ് കരസ്ഥമാക്കിക്കൊണ്ട് ഇന്ത്യന്‍ യുവത്വം മുന്നേറുകയാണ്. 2016 ല്‍ ഫ്‌ലോറിഡയില്‍ ഋഷി നായരായിരുന്നു വിജയ്. 2017 ല്‍ ടെക്‌സസിലെ പ്രണയി വരദയും 2015 ല്‍ ന്യൂ ജേഴ്‌സിയയിലെ കരണ്‍ മേനോനും 2014 ല്‍ വിര്‍ജീനിയയിലെ അഖില്‍ രേകുളപ്പള്ളിലും വിജയം കരസ്ഥമാക്കി.

2018 ലെ ഈ മത്സരത്തില്‍ 54 സ്‌റ്റേറ്റ് ബീ വിന്നേഴ്‌സിലെ 30 ശതമാനവും ഇന്ത്യന്‍ അമേരിക്കന്‍സ് ആണെന്നത് ശ്രദ്ധേയമാണ്.ഇന്ത്യന്‍ അമേരിക്കന്‍ ജനസമൂഹം അമേരിക്കയുടെ ജനസംഖ്യയുടെ 1% മാത്രമായ സാഹചര്യത്തില്‍ പോലും ഈ മത്സരത്തിന്റെ അവസാന 10 മത്സരാര്‍ഥികളില്‍ 8 പേരും ഇന്ത്യന്‍ അമേരിക്കന്‍സ് ആണെന്നത് പ്രത്യേകം വിലയിരുത്തേണ്ട കാര്യമാണ്. ഇന്ന് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ നേട്ടങ്ങളുടെ പുസ്തകത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ഈ മൂന്നു പേര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക