Image

നാം അംഗീകരിക്കണം, ഈ മേരിക്കുട്ടിയെ

Published on 17 June, 2018
നാം അംഗീകരിക്കണം, ഈ മേരിക്കുട്ടിയെ

ഇത്തവണ രഞ്‌ജിത്ത്‌ ശങ്കറിന്‌ ഒരു തകര്‍പ്പന്‍ സല്യൂട്ട്‌ തന്നെ കൊടുക്കണം. വേറൊന്നുമല്ല. ലോകനിലവാരത്തില്‍ തന്നെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതവും അവര്‍ സമൂഹത്തില്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയെ കുറിച്ചുമെല്ലാം നിഷ്‌പക്ഷവും സത്യസന്ധവുമായ രീതിയില്‍ ഹൃദയസ്‌പര്‍ശിയായി അവതരിപ്പിച്ചതിന്‌.

ഭിന്നലിംഗക്കാരുടെ അവകാശങ്ങളെ കുറിച്ച്‌ എഴുതുകയും പ്രസംഗിക്കുകയും ഉള്ളിന്റെ ഉള്ളില്‍ അതിരുകെട്ടി ഇത്തരം ജീവിതങ്ങളെ പുറത്തു തന്നെ നിര്‍ത്തുകയും ചെയ്യുന്ന കപട പുരഗമനവാദികളുടെ മുഖംമൂടി മാറ്റുന്ന ചിത്രം കൂടിയാണിത്‌. ആണും പെണ്ണുമല്ലാതെ സ്വത്വത്തിന്റെ ഇടയിലെവിടെയോ ബന്ധിക്കപ്പെട്ടു പോകുന്ന ജന്‍മങ്ങള്‍. ആണും പെണ്ണും കെട്ടവനെന്ന്‌ ചീത്ത വിളി കേള്‍ക്കേണ്ടി വരുന്നവര്‍.

റിയാലിറ്റി ഷോയിലും സിനിമയിലും നാടകത്തിലും പരിഹസിക്കപ്പെടാന്‍ മാത്രം ജനിച്ച സാധുക്കള്‍. അവര്‍ സമൂഹത്തില്‍ നിന്നും നിന്ദയും പരിഹാസവും നിറഞ്ഞ നോട്ടങ്ങളേല്‍ക്കുന്നു. കുത്തു വാക്കുകള്‍ കേള്‍ക്കുന്നു. അകറ്റി നിര്‍ത്തപ്പെടുന്നു. കണ്ണിന്‌ അശ്രീകരമാകുന്നു. ഇതിനിടയിലും പുരുഷത്വത്തിനും സ്‌ത്രീത്വത്തിനും പൂര്‍ണമായി വിധേയമാകാത്ത മനസും ശരീരവുമായി അവര്‍ നമുക്കിടില്‍ ഇതെല്ലാം ഏറ്റുവാങ്ങി ജീവിക്കുന്നു. അത്തരക്കാരുടെ ജീവിതത്തിന്റെ, അതല്ലെങ്കില്‍ അവര്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെയും അതിജീവനത്തിന്റെയും കഥയാണ്‌ ഞാന്‍ മേരിക്കുട്ടി.

മാത്തുക്കുട്ടിയെന്ന മേരിക്കുട്ടിക്ക്‌ ആണിന്റെ രൂപവും പെണ്ണിന്റെ മനസുമായിരുന്നു. ചെന്നൈയിലെ ഒരു കോര്‍പ്പറേറ്റ്‌ കമ്പനിയിലെ ജോലി രാജി വച്ചാണ്‌ മേരക്കുട്ടി നാട്ടിലേക്ക്‌ തിരിച്ചു വന്നത്‌. തനിക്ക്‌ ഒരു പെണ്ണാവാനാണ്‌ താല്‍പര്യമെന്ന്‌ വീട്ടുകാരെ അറിയിച്ചപ്പോള്‍ അവിടെ ബഹളമായിരുന്നു. ആരും അത്‌ സമ്മതിച്ചില്ല. ആകെ പ്രശ്‌നങ്ങളും പ്രതിസന്ധികളും.

പക്ഷേ മാത്തുക്കുട്ടി അതൊന്നും വകവച്ചില്ല. പെണ്ണായി മാറണം എന്ന തീവ്രമായ ആഗ്രഹവുമായി വീടു വിട്ടിറങ്ങി. നാളുകള്‍ക്കു ശേഷം ഒടുവില്‍ മനസു കൊണ്ടും ശരീരം കൊണ്ടും ഒരു പെണ്ണായി തന്നെ സ്വന്തം നാട്ടില്‍ തിരിച്ചെത്തി. ഒരു പോലീസ്‌ ഓഫീസറാകാനാണ്‌ മേരിക്കുട്ടിയുടെ ആഗ്രഹം. അതിനായി പി.എസ്‌.സി പരീക്ഷയെഴുതണം. പക്ഷേ അപ്പോള്‍ കുടുംബവും സമൂഹവും സര്‍ക്കാര്‍ സവിധാനങ്ങളുമെല്ലാം തന്നെ അവളുടെ ആഗ്രഹത്തിന്‌ വിലങ്ങുതടിയാകുന്നു. അങ്ങനെ അവള്‍ നേരിടുന്ന പ്രതിസന്ധികളും അതു പരിഹരിക്കാനിറങ്ങുമ്പോള്‍ മേരിക്കുട്ടിയുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളുമൊക്കെയാണ്‌ ചിത്രം പറയുന്നത്‌.

രഞ്‌ജിത്‌ ശങ്കര്‍ എന്ന സംവിധായകനെ വ്യത്യസ്‌തനാക്കുന്നത്‌ അദ്ദേഹത്തിന്റെ സിനിമകള്‍ സമൂഹത്തിന്‌ നല്‍കുന്ന സന്ദേശത്തിന്റെ കാലിക പ്രസക്തിമൂലമാണ്‌. ആദ്യചിത്രമായ പാസഞ്ചര്‍ മുതല്‍ ഇങ്ങനെ സമൂഹത്തിന്‌ മുന്നിലേക്ക്‌ എടുത്തു വയ്‌ക്കുന്ന ഒരു മികച്ച സന്ദേശം പ്രേക്ഷകന്‌ കാണാന്‍ കഴിയും.

ഈ ചിത്രത്തിലും അതു തന്നെയാണ്‌ സംവിധായകന്‍ ലക്ഷ്യമിടുന്നത്‌. ഭിന്നലിംഗക്കാരായ വ്യക്തികള്‍ ഈ സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അവര്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും ഏറ്റവും സത്യസന്ധമായ ഒരു ചര്‍ച്ചയ്‌ക്കും സാമൂഹ്യമായ സ്വീകാര്യതയ്‌ക്കും വേണ്ടിയാണ്‌ ഇതില്‍ അവതരിപ്പിക്കുന്നത്‌. അക്കാര്യത്തില്‍ സംവിധായകന്‍ വിജയിച്ചു എന്നു തന്നെ പറയാം.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇന്ന്‌ സാധാരണയാണെങ്കിലും നാട്ടിന്‍പുറങ്ങളിലും മറ്റും അവര്‍ അധികമില്ല. അതുകൊണ്ടു തന്നെ ഇക്കൂട്ടര്‍ ഏവര്‍ക്കും കൗതുകമാണ്‌. പക്ഷേ അടുത്തെത്തിയാല്‍ ഇക്കൂട്ടരെ അകറ്റി നിര്‍ത്താനാണ്‌ ഏവര്‍ക്കും ഇഷ്‌ടം. നായികാ പ്രാധാന്യമുള്ള ചിത്രങ്ങളെടുക്കാന്‍ പോലും നിര്‍മാതാക്കളെ കിട്ടാതെ സംവിധായകര്‍ വിഷമിക്കുമ്പോള്‍, ആണും പെണ്ണുമല്ലാത്ത ഒരാളെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുക്കാന്‍ ധൈര്യം കാണിച്ച രഞ്‌ജിത്തിനെ അഭിനന്ദിച്ചേ പറ്റൂ.

രണ്ടു മണിക്കൂറിനു മുകളിലാണ്‌ ചിത്രത്തിന്റെ ദൈര്‍ഘ്യം. ആദ്യ പകുതിയില്‍ മേരിക്കുട്ടിയെ പ്രേക്ഷകന്‌ പരിചയപ്പെടുത്തി കൊടുക്കുകയാണ്‌ സംവിധായകന്‍. ചാന്തുപൊട്ടായും ഒമ്പതായുമെല്ലാം സമൂഹംഅറപ്പോടും വെറുപ്പോടും കാണുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്‌, അവര്‍ അകറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്നും ആണും പെണ്ണും പോലെ തന്നെ ഈ സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയുള്ളവരാണെന്നും ചിത്രം വ്യക്തമാക്കുന്നു. പിന്നീട്‌ പോലീസ്‌ ഓഫീസറാകുക എന്ന മേരിക്കുട്ടിയുടെ ആഗ്രഹം നിറവേറ്റുന്ന യാത്രയാണ്‌ ഇടവേളയ്‌ക്കു ശേഷം. പ്രേക്ഷകനും അവളെ അനുഗമിക്കുന്നു.

ജയസൂര്യ എന്ന നടന്റെ ഇരുത്തം വന്ന അഭിനയമികവാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. അപ്പോത്തിക്കിരിയും സുസു..സുധി വാത്മീകവും പോലെ തികച്ചും വ്യത്യസ്‌തമായ മറ്റൊരു കഥാപാത്രമായിരിക്കും മേരിക്കുട്ടിയെന്ന്‌ നിസംശയം പറയാം. അത്ര പെട്ടെന്നൊന്നും ഇനി മലയാളത്തില്‍ ഇത്തരത്തില്‍ ഒരു കഥയും കഥാപാത്രവും പ്രമേയമാക്കി ഒരു ചിത്രം റിലീസാകാനും സാധ്യതയില്ലെന്നിരിക്കേ, മേരിക്കുട്ടി ജയസൂര്യയുടെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലായിരിക്കും.

പ്രേക്ഷകന്റെ കണ്ണു നനയ്‌ക്കുന്ന, ഹൃദയസ്‌പര്‍ശിയായ നിരവധി വികാരതീവ്രമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ട്‌. അനുകരണകലയുടെ ആധിക്യത്തിലേക്ക്‌ വഴുതി വീണു പോകാവുന്ന നിരവധി അവസരങ്ങളുണ്ടായിട്ടും, ആ വഴുക്കലില്‍ തെന്നി വീഴാതെ ഒരു പെണ്ണിന്റെ ശാരീരിക ചലനങ്ങള്‍ തികഞ്ഞ സ്വാഭാവികതയോടും അനായാസതയോടും കൂടിയാണ്‌ ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്‌. ചില സമയത്തെ നോട്ടവും വിതുമ്പലും പോലും ഒരു പെണ്ണിനു സമാനമായി തന്നെയെന്നത്‌ എടുത്തു പറയേണ്ടതാണ്‌. ശാരീരികമായും മികച്ച തയ്യാറെടുപ്പുകള്‍ കഥാപാത്രത്തിനായി ജയസൂര്യ നടത്തിയിട്ടുണ്ടെന്നു മേരിക്കുട്ടിയെ കണ്ടാല്‍ മനസിലാകും.

ഇന്നസെന്റ്‌, സുരാജ്‌ വെഞ്ഞാറമൂട്‌, ജൂവല്‍ മേരി, അജു വര്‍ഗീസ്‌, ജോജു വര്‍ഗീസ്‌, ശിവജി ഗുരുവായൂര്‍ എന്നിവരും തങ്ങളുടെ കഥാപാത്രത്തെ മികച്ചതാക്കി. ആനന്ദിന്റെ പശ്ചാത്തല സംഗീതവും വിഷണു നാരായണന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്‌.

ഇതാദ്യമായാണ്‌ അര്‍ഹിക്കുന്ന ഗൗരവം നല്‍കി ഒരു മുഖ്യധാരാ സംവിധായകന്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ യഥാര്‍ത്ഥ ജീവിതം വെള്ളിത്തിരയില്‍ തുറന്നു കാട്ടുന്നത്‌. ഭിന്നലിംഗക്കാരോടുള്ള സമൂഹത്തിന്റെ കാഴ്‌ചപ്പാട്‌ എങ്ങനെയായിരിക്കണം എന്നു തന്നെയാണ്‌ സംവിധായകന്‍ വ്യക്തമാക്കുന്നത്‌. ആണിനും പെണ്ണിനുമൊപ്പം ഈ വിഭാഗത്തെ കൂടി ചേര്‍ത്തു നിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കാന്‍ സമൂഹത്തിന്‌ ഈ ചിത്രം പ്രേരണയാകുമെങ്കില്‍ അതാണ്‌ യഥാര്‍ത്ഥ അംഗീകാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക