Image

സഹോദരന്‌ നേരെയുള്ള വധശ്രമത്തിന്‌ പിന്നില്‍ ബിജെപി എംപിയെന്ന്‌ ഡോ. കഫീല്‍ ഖാന്‍

Published on 18 June, 2018
സഹോദരന്‌ നേരെയുള്ള വധശ്രമത്തിന്‌ പിന്നില്‍ ബിജെപി എംപിയെന്ന്‌  ഡോ. കഫീല്‍ ഖാന്‍

ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ ഖാന്റെ ഇളയ സഹോദരന്‍ കാഷിഫ്‌ ജമീലിന്‌ നേരെ കഴിഞ്ഞയാഴ്‌ച്ചയാണ്‌ വധശ്രമം ഉണ്ടായത്‌. ഘോരക്‌പൂരില്‍ വെച്ച്‌ കാഷിഫിന്റെ കഴുത്തിന്‌ വെടിയേല്‍ക്കുകയായിരുന്നു.

ബാന്‍സ്‌ഗോണില്‍നിന്നുള്ള ബിജെപി എംപി കമ്‌ലേഷ്‌ പസ്‌വാനും മൂന്ന്‌ അനുയായികളുമാണ്‌ തന്റെ സഹോദരന്‌ നേരെയുള്ള അക്രമണത്തിന്‌ പിന്നിലെന്ന്‌ കഫീല്‍ ഖാന്‍ ആരോപിച്ചു. എന്നാല്‍, കഫീല്‍ ഖാന്‍ ഉന്നയിച്ചത്‌ അടിസ്ഥാനരഹിതമായ ആരോപണമാണെന്നും പബ്ലിസിറ്റിക്ക്‌ വേണ്ടിയാണ്‌ അയാള്‍ ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ നടത്തുന്നതെന്നും കമ്‌ലേഷ്‌ പാസ്‌വാന്‍ പ്രതികരിച്ചു.

തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ കഫീല്‍ ഖാനെതിരെ മാനനഷ്ടത്തിന്‌ കേസ്‌ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഞായറാഴ്‌ച്ച ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ കഫീല്‍ ഖാന്‍ ഈ ആരോപണം ഉന്നയിച്ചത്‌. തന്റെ സഹോദരന്‌ നേരെയുണ്ടായ വധശ്രമത്തിന്‌ പിന്നില്‍ ബിജെപി എംപിയും അദ്ദേഹത്തിന്റെ അനുയായികളും ആണെന്നുള്ള കാര്യം പൊലീസിന്‌ മൊഴി കൊടുത്തിട്ടുണ്ടെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

കഫീല്‍ ഖാന്‍ ബലാത്സംഗകേസില്‍ ഉള്‍പ്പെടെ പ്രതിയാണെന്നും ഭൂമി കൈയൈറ്റത്തില്‍ ഇയാളുടെ സഹോദരന്മാര്‍ സ്ഥിരം പങ്കാളികളാണെന്നും മറ്റൊരു വാര്‍ത്താ സമ്മേളനത്തില്‍ കമ്‌ലേഷ്‌ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക