Image

വരാപ്പുഴ കസ്റ്റഡി കൊലപാതകം; പ്രതികളായ മൂന്ന്‌ ആര്‍ടിഎഫുകാര്‍ക്കും ഹൈക്കോടതി ജാമ്യം

Published on 18 June, 2018
വരാപ്പുഴ കസ്റ്റഡി കൊലപാതകം; പ്രതികളായ മൂന്ന്‌ ആര്‍ടിഎഫുകാര്‍ക്കും ഹൈക്കോടതി ജാമ്യം

വരാപ്പുഴ ശ്രീജിത്ത്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതികളായ മൂന്ന്‌ ആര്‍ടിഎഫുകാര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആര്‍ടിഎഫ്‌ ഉദ്യോഗസ്ഥരായ സന്തോഷ്‌ കുമാര്‍, സുമേഷ്‌, ജിതിന്‍ രാജ്‌ എന്നിവര്‍ക്കാണ്‌ ജാമ്യം അനുവദിച്ചത്‌. ഉപാധികളോടെയാണ്‌ ജാമ്യം. എറണാകുളം ജില്ലയില്‍ പ്രവേശിക്കരുത്‌. ആഴ്‌ചയില്‍ രണ്ട്‌ തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ മുമ്പാകെ ഹാജരാകണം. രണ്ട്‌ ലക്ഷം രൂപയുടെ ബോണ്ട്‌ നല്‍കണം എന്നിവയാണ്‌ ഉപാധികള്‍. നേരത്തെ ജില്ലാ കോടതിയടക്കം ജാമ്യാപേക്ഷ തള്ളിയ ശേഷമാണ്‌ മൂവരും ഹൈക്കോടതിയെ സമീപിച്ചത്‌.

കഴിഞ്ഞ രണ്ട്‌ മാസമായി ഇവര്‍ ആലുവ സബ്‌ ജയിലിലായിരുന്നു. മജിസ്‌ട്രേറ്റ്‌ കോടതിയും സെഷന്‍സ്‌ കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ്‌ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്‌.

ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. കൊലക്കുറ്റം ചുമത്തിയ എസ്‌ഐ ജി.എസ്‌. ദീപക്കിന്‌ ജാമ്യം അനുവദിച്ചിരുന്നുവെന്നും തങ്ങള്‍ക്കും ജാമ്യം അനുവദിക്കണമെന്നും ഇവര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


രാത്രിയില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്‌ ഈ ആര്‍ടി എഫ്‌ ഉദ്യോഗസ്ഥരായിരുന്നു. കൊലക്കുറ്റം, അന്യായമായ കസ്റ്റഡി എന്നിവ ചുമത്തിയാണ്‌ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്‌. ഇവരെ നേരത്തെ സസ്‌പെന്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. തങ്ങളോട്‌ പക്ഷപാതപരമായാണ്‌ പെരുമാറുന്നതെന്നായിരുന്നു കോടതിയില്‍ പ്രതികളുടെ പ്രധാന വാദം.

വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ എറണാകുളം മുന്‍ റൂറല്‍ എസ്‌.പി എ.വി.ജോര്‍ജിനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന്‌ പൊലിസിന്‌ കഴിഞ്ഞ ദിവസം നിയമോപദേശം ലഭിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷനാണ്‌ ഇതു സംബന്ധിച്ച നിയമോപദേശം നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക