Image

സിനിമാ തമ്പുരാക്കന്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ആഷിക് അബു. ആഷിക് ഉയര്‍ത്തുന്നത് അനീതിയുടെ പ്രശ്നം

Published on 25 June, 2018
സിനിമാ തമ്പുരാക്കന്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ആഷിക് അബു. ആഷിക് ഉയര്‍ത്തുന്നത് അനീതിയുടെ പ്രശ്നം
താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെതിരെ സംവിധായകന്‍ ആഷിക് അബുവിന്‍റെ രൂക്ഷ വിമര്‍ശനം. സിനിമാ തമ്പുരാക്കന്‍മാര്‍ എന്ന് പരിഹാസത്തോടെ വിളിച്ചുകൊണ്ടാണ് ആഷിക് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. തിലകന്‍ ചേട്ടനോട് ചെയ്തതിന് അമ്മ മാപ്പുപറയുമായിരിക്കും അല്ലേ എന്നാണ് ആഷികിന്‍റെ ചോദ്യം. 
താരരാജാക്കന്‍മാരെ പരസ്യമായി വിമര്‍ശിച്ചു എന്ന കാരണത്താലാണ് അമ്മ മുമ്പ് തിലകനെ വിലക്കുന്നത്. തുടര്‍ന്ന് തങ്ങളുടെ ആഞ്ജാനുവര്‍ത്തികളായ ഫെഫ്കയിലെ ബി.ഉണ്ണികൃഷ്ണനെയും സിബിമലയിലിനെയും കൊണ്ടും തിലകനെതിരെ വിലക്ക് ഏര്‍പ്പെടുത്തി. മരണം വരെയും തിലകനെതിരെ ഔദ്യോഗികമായും അനൗദ്യോഗികമായും വിലക്ക് തുടര്‍ന്നു. 
തിലകന്‍ എന്ത് ക്രിമിനല്‍ കേസില്‍ പ്രതിയായതുകൊണ്ടാണ് അന്ന് ഈവിധം പെരുമാറിയത് എന്നാണ് ആഷികിന്‍റെ ചോദ്യം. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് തിലകനെ വിലക്കിയവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും ആഷിക് ചോദിക്കുന്നു. 
നടിയെ അക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ വീണ്ടും അമ്മയില്‍ എത്തിക്കാനുള്ള തീരുമാനം ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡി യോഗവും എക്സിക്യുട്ടീവ് കമ്മറ്റിയും തീരുമാനിച്ച സാഹചര്യത്തിലാണ് ആഷികിന്‍റെ വിമര്‍ശനം. 
മലയാള സിനിമയുടെ പുതു തലമുറയില്‍ ആഷികിന്‍റെ വിമര്‍ശനത്തോട് യോജിക്കുന്ന നിരവധി ആളുകളുണ്ട്. വുമണ്‍ ഇന്‍ സിനിമാ കളക്ടവ് എന്ന വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയും ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക