Image

ഇതാ സ്‌പൈഡര്‍മാന്‍ (ലൗഡ് സ്പീക്കര്‍ 38: ജോര്‍ജ് തുമ്പയില്‍)

Published on 02 July, 2018
ഇതാ സ്‌പൈഡര്‍മാന്‍ (ലൗഡ് സ്പീക്കര്‍ 38: ജോര്‍ജ് തുമ്പയില്‍)
അടുത്തിടെ, വാട്‌സ് ആപ്പില്‍ വന്ന വീഡിയോ ആദ്യം കണ്ടപ്പോള്‍ കരുതിയത്, ഇത് വിഷ്വല്‍ ഇഫക്ട്‌സ് ആയിരിക്കുമെന്നാണ്. എന്നാല്‍, പിന്നീടാണ് മനസ്സിലായത്, അതു സത്യമായിരുന്നുവെന്ന്. സംഭവം ഇതാണ്. ഒരു കുട്ടി കെട്ടിടത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്നു. ഏതു നിമിഷവും അതു താഴേയ്ക്കു വീഴാം. കുഞ്ഞിന്റെ പിതാവ് വീട്ടില്‍നിന്നു പുറത്തുപോയ സമയത്തായിരുന്നു അപകടം. അമ്മ വാവിട്ടു നിലവിളിക്കുന്നു. റോഡില്‍ കൂടി പോയവര്‍ക്ക് എന്തു ചെയ്യണമെന്നറിയില്ല. അപ്പോഴാണ് അതു വഴി വന്ന ഒരു കറുത്ത നീണ്ട മനുഷ്യന്‍ കെട്ടിടത്തിനു മുകളിലൂടെ ഒരു തികഞ്ഞ അഭ്യാസിയെ പോലെ വലിഞ്ഞു കയറിയത്. കാഴ്ചക്കാര്‍ക്ക് അതു സ്‌പൈഡര്‍മാന്‍ ആണോയെന്നു പോലും സംശയം തോന്നി. ഒരു സാധാരണ മനുഷ്യനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളായിരുന്നില്ല അത്. പക്ഷേ, അതു സംഭവിച്ചു. വെറും 33 സെക്കന്‍ഡുകൊണ്ട് മുകളിലെത്തിയ അദ്ദേഹം കുഞ്ഞിനെ രക്ഷിച്ചു. സ്വന്തം ജീവന്‍ പണയംവച്ച് കുഞ്ഞിനെ രക്ഷിച്ചതാവട്ടെ ഒരു കുടിയേറ്റക്കാരനായിരുന്നു. മാലി സ്വദേശിയായ മാമൂദൂ ഗസാമ. ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് മാലിയില്‍നിന്ന് ഗസാമ പാരീസിലെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് കുഞ്ഞ് അപകടത്തില്‍പ്പെട്ടതു കണ്ടത്. പാരീസില്‍ വലിയ കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നു താഴേക്കു പതിക്കുമായിരുന്ന നാലു വയസുള്ള കുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച ഗസാമയ്ക്ക് ഇപ്പോള്‍ ലോകമെങ്ങും സൂപ്പര്‍ഹീറോ പരിവേഷമാണ്. ഗസാമയുടെ സ്വപ്‌നങ്ങളെല്ലാം നടത്തിക്കൊടുക്കുമെന്ന് പാരീസ് മേയര്‍ ആനി ഹിഡല്‍ഗോ പറഞ്ഞു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡന്റിന്റെ വസതിയില്‍വച്ച് ഗസാമയുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ ഫ്രഞ്ച് പൗരത്വവും അഗ്‌നിശമന സേനയില്‍ ജോലിയും വാഗ്ദാനം ചെയ്തു. പോലീസ് സൂപ്രണ്ട് ഗസാമയുടെ ധീരതയ്ക്കും അര്‍പ്പണമനോഭാവത്തിനും പ്രശംസാപത്രം നല്കി ആദരിച്ചു. കുഞ്ഞിനെ രക്ഷിക്കാതെ, താഴെ കൂടി നില്‍ക്കുന്നവര്‍ വീഡിയോ എടുക്കാന്‍ തുനിഞ്ഞപ്പോള്‍ കുഞ്ഞിനെ രക്ഷപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ഗസാമ കെട്ടിടത്തില്‍ വലിഞ്ഞുകയറിയത് ലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. സ്വന്തം ജീവന്‍ പോലും തൃണവത്ഗണിച്ച് ഒരു കുഞ്ഞിനെ രക്ഷിക്കാന്‍ തയ്യാറായ മനുഷ്യന്റെ ഇച്ഛാശക്തിയ്ക്ക് മുന്നില്‍ ശിരസ്സു നമിക്കുന്നു.

*** ***** *****

മലയാളനായകന്‍ ദിലീപിന്റെ ഈ പറക്കും തളിക എന്ന സിനിമ കണ്ടു ചിരിക്കാത്തവര്‍ കുറവാണ്. തല്ലിപ്പൊളിയായ ഒരു ബസില്‍ എല്ലാവരും ചേര്‍ന്നു വിവാഹത്തിനു പോകുന്ന അതിലെ ദൃശ്യങ്ങള്‍ ഓര്‍ത്താല്‍ ഇപ്പോഴും ചിരി പൊട്ടും. അങ്ങനെയിരിക്കവേയാണ് ഈ വാര്‍ത്ത കണ്ണില്‍പ്പെട്ടത്. വിവാഹ വസ്ത്രമണിഞ്ഞ ഒരു വധു അലങ്കരിച്ച ബസ് ഓടിക്കുന്നു. ഒപ്പം, കിളിയുടെ സീറ്റില്‍ ഭര്‍ത്താവുമുണ്ട്. കാര്യമറിയാതെ, വഴിപോക്കര്‍ അന്തം വിട്ടു നില്‍ക്കവേ, പിന്നീട് അറിഞ്ഞു, വധു ബസ് ഡ്രൈവറാണ്. ഒരു വ്യത്യസ്തയ്ക്കു വേണ്ടിയാണ് ഭര്‍ത്താവിനെയുമിരുത്തി ബസ് ഓടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. ലോകത്തു തന്നെ വളരെ വ്യത്യസ്തമായ സംഭവം ചൈനയിലാണ് നടന്നത്. വീട്ടില്‍ നിന്നും ബസുമായി പുറപ്പെട്ട വധു വിവാഹ മണ്ഡപത്തിലേക്കുള്ള യാത്രയിലാണ് ഭര്‍ത്താവിനെയും ഒപ്പം കൂട്ടിയത്. ബലൂണുകളും മറ്റ് അലങ്കാര വസ്തുക്കളും ഉപയോഗിച്ച് ബസ് നന്നായി അലങ്കരിച്ചിരുന്നുവത്രേ. അണിഞ്ഞൊരുങ്ങിയ ബസ് കണ്ട് എല്ലാവരും ഒന്നു നോക്കിയപ്പോഴാണ് വധു വിവാഹ വേഷത്തില്‍ ഡ്രൈവിങ് സീറ്റിലിരിക്കുന്നതു കണ്ട്. വ്യത്യസ്തയ്ക്കു വേണ്ടി പലരും പലതരം വിവാഹ കോമാളിത്തങ്ങള്‍ കാണിക്കുന്നതു കണ്ടിട്ടുണ്ട്. അതില്‍ നിന്നും ഏറെ വ്യത്യസ്തമായി വിവാഹത്തെ ഒരിക്കലും മറക്കാതെ എന്നെന്നും ഓര്‍മ്മിപ്പിക്കാന്‍ ഈ വധുവിനായി. എന്തായാലും ലോകത്ത് ഇനി പലരും ഇത് അനുകരിച്ചേക്കാന്‍ സാധ്യതയുണ്ട്.

*** ***** *****

പെട്രോള്‍ വില ഇന്ത്യയില്‍ റെക്കോഡ് ഇട്ടു കൊണ്ടിരിക്കുകയാണെന്ന് ടിവി വാര്‍ത്തകള്‍ കാണിക്കുന്നു. അപ്പോഴാണ് ഈ വാര്‍ത്ത കണ്ണില്‍ പിടിച്ചത്. സംഭവം എസ്‌തോണിയ എന്ന രാജ്യത്താണ്. ലോകത്ത് ആദ്യമായി സൗജന്യ പൊതുഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയ രാജ്യമായി മാറിയിരിക്കുകയാണ് എസ്‌തോണിയ. രാജ്യത്തെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ ടലിനിലാണ് ആദ്യമായി സൗജന്യ പൊതുഗതാഗതം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അധികം വൈകാതെ രാജ്യത്തെ ബാക്കി പ്രദേശങ്ങളിലും ഈ സംവിധാനം നിലവില്‍ വരും. അഞ്ചു വര്‍ഷം മുമ്പു രാജ്യത്തു നടന്ന ഒരു ജനഹിത പരിശോധനയില്‍ സൗജന്യ പൊതുഗതാഗത സംവിധാനം നടപ്പാക്കണമെന്ന് ആളുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് അധികാരികള്‍ ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇന്ത്യയിലും ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിച്ചാലത്തെ സ്ഥിതി ഒന്നു ഓര്‍ത്തു നോക്കി. കേരളത്തിലാണെങ്കില്‍ ഇപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി വന്‍ നഷ്ടത്തിലാണ്. അതിനിടയ്ക്ക് അതിലെങ്ങാനും സൗജന്യയാത്ര കൂടി വന്നാലോ? ബാള്‍ട്ടിക്ക് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന വടക്കന്‍ യൂറോപ്പിലെ ഒരു രാജ്യമാണ്എസ്‌തോണിയ. ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് എസ്‌റ്റോണിയ എന്നറിയപ്പെടുന്നു. ഈ രാജ്യത്തിന്റെ വടക്ക് വശത്ത് ഫിന്‍ലാന്റ് ഉള്‍ക്കടലും, പടിഞ്ഞാറ് ബാള്‍ട്ടിക്ക് കടലും, തെക്ക് വശത്ത് ലാത്വിയയും, കിഴക്ക് റഷ്യയുമാണ്. ഹിമയുഗത്തിന്റെ അവസാനം മഞ്ഞുരുകിയ കാലം മുതല്‍ മനുഷ്യവാസം സാധ്യമായ ലോകത്തിലെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് എസ്‌തോണിയ. അവിടെ മാനവരാശിയെ പഠിപ്പിക്കാന്‍ അധികൃതര്‍ ഇതു ചെയ്‌തെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല. ചരിത്രം, അവരെ പഠിപ്പിക്കുന്നതും അതു തന്നെയാണല്ലോ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക