Image

മല്‍സരത്തില്‍ ഉറച്ച് നില്ക്കും; ജനാഭിലാഷം മാനിക്കും: വിന്‍സന്‍ പാലത്തിങ്കല്‍

Published on 03 July, 2018
മല്‍സരത്തില്‍ ഉറച്ച് നില്ക്കും; ജനാഭിലാഷം മാനിക്കും: വിന്‍സന്‍ പാലത്തിങ്കല്‍
ഐ.ടി-ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും ദീര്‍ഘകാലമായി ഫോമായില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിന്‍സന്‍ പാലത്തിങ്കല്‍ സംഘടനയുടെ കരുത്തരായ നേതാക്കളിലൊരാളാണ്. തീര്‍ത്തും വിനയാന്വിതനായ വിന്‍സന്‍ മുഖ്യധാര രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്ന അപൂര്‍വം മലയാളികളിലൊരാളാണ്. ഫോമാ പ്രസിഡന്റ് പദത്തിലേക്കു മല്‍സരിക്കുന്ന വിന്‍സന്‍ തന്റെ ചില നിലപാടുകള്‍ ഇ-മലയാളിയുമായി പങ്കു വയ്ക്കുന്നു.

ചോ. 2020 ല്‍ ഫോമായുടെ പ്രസിഡന്റായി 
മത്സരിക്കുന്നുവെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്താണ് ഇപ്പോഴത്തെ നിലപാട്? മല്‍സരത്തില്‍ ഉറച്ചു നില്‍ക്കുകയാണോ?

ഉ. പല നേതാക്കളോടും, പ്രത്യേകിച്ച് വാഷിംഗ്ടണ്‍- ബാള്‍ട്ടിമൂര്‍ ഏരിയയിലെ നേതാക്കളോടും ആലോചിച്ചെടുത്ത ഒരു തീരുമാനമാണിത്. വളരെ പ്രധാനപ്പെട്ട ഈ ജോലിക്ക് എനിക്കര്‍ഹതയും, കഴിവും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പല നല്ല കാര്യങ്ങളും ചെയ്യണമെന്നാഗ്രഹമുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് 30 വര്‍ഷത്തിനു ശേഷം 2022 കണ്‍വെന്‍ഷന്‍ വാഷിംഗ്ടണില്‍ കൊണ്ടു വരിക എന്നുള്ളത്. ഇത് അസോസിയേഷനുകളെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. ഇവിടുത്തെ മൂന്നു അസ്സോസിയേഷനുകളുടെയും പരിപൂര്‍ണ്ണ പിന്തുണ ഉറപ്പാക്കേണ്ടത് കണ്‍വന്‍ഷന്റെ വിജയത്തിന് ഏറ്റവും അത്യാവശ്യമാണ്. എന്റെ വ്യക്തിപരമായ ഉറച്ച തീരുമാനം ഞാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഇനി അസ്സോസിയേഷന്‍ നേതാക്കളുടെയും പിന്തുണയോടെ ബാള്‍ട്ടിമൂര്‍-വാഷിംഗ്ടണ്‍ മലയാളികളുടെ സംഘടിതമായ തീരുമാന പ്രഖ്യാപനം ഉടനെ ഉണ്ടാകുന്നതാണ്.

ചോ. ശക്തനായ എതിരാളിയെ ആയിരിക്കും നേരിടേണ്ടി വരിക എന്നാണെങ്കില്‍, അതിനെക്കുറിച്ച് എന്താണഭിപ്രായം?

ഉ.ഒരാളെയും ആത്യന്തികമായി എതിരാളിയായി കാണാന്‍ എനിക്കറിയില്ല. നമ്മുടെ ജീവിതത്തിലെ ഓരോ കാലയളവിലും നമ്മെ കൊണ്ട് ഈ സമൂഹത്തിന് എന്താണാവശ്യം എന്നു മനസ്സിലാക്കാന്‍ നമുക്ക് മാത്രമെ കഴിയൂ. അതിന് നമ്മെ സഹായിക്കുന്നത് നമ്മുടെ സ്വന്തം ഉള്‍ക്കാഴ്ചയും, നമ്മള്‍ നമ്മളേക്കാള്‍ വലുതെന്നു കരുതുന്ന ഈശ്വരനിലുള്ള വിശ്വാസവുമാണ്. എന്റെ വിശ്വാസവും, എന്റെ ഉള്‍ക്കാഴ്ചയും എന്നോടു മല്‍സരിക്കാന്‍ പറയുമ്പോള്‍ മറ്റുള്ള സ്ഥാനാര്‍ത്ഥികള്‍ ആരാണെന്നുള്ളത് തീര്‍ത്തും അപ്രസക്തമാണ്. വലിപ്പ ചെറുപ്പങ്ങളും, ശക്തി ദൗര്‍ബല്യങ്ങളും തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഒരാളുടെ ബുദ്ധിയേയും, വിവേകത്തെയുകാള്‍ എന്തുകൊണ്ടും നമുക്ക് വിശ്വസിക്കാവുന്നത് സംഘടനയുടെ കൂട്ടായ ബുദ്ധിയെയാണ്. അവര്‍ എന്തു തീരുമാനിക്കുന്നോ അതാണ് ന്യായം. പ്രസിഡണ്ടാവാനുള്ള കഴിവും, യോഗ്യതയും, തയ്യാറെടുപ്പും ഞാനറിയുന്നു. അതുണ്ടോ, ഇല്ലയോ എന്നു ജനം തീരുമാനിക്കുന്നു. അതാണ് അതിന്റെ ഒരു ശരി. അതാണ് എന്റെയും ശരി.

ചോ. പാനലിനെക്കുറിച്ച് എന്താണ് അഭിപ്രായം? മത്സരിക്കുകയാണെങ്കില്‍ പാനലുണ്ടാകുമോ?

ഉ. 2014 ല്‍ മത്സരിച്ചപ്പോള്‍ ഉണ്ടായിരുന്ന അതേ അഭിപ്രായമാണ് ഇന്നും എനിക്ക് പാനലിനെക്കുറിച്ച്് മലയാളി സമൂഹത്തില്‍ അനാവശ്യമായ മല്‍സരവും വൈരാഗ്യവും, ഭിന്നതകളും ഉണ്ടാക്കുന്നത് ഫോമയിലെ പാനലുകളാണ്. കഴിവുള്ളവര്‍ ഒറ്റക്കു നിന്ന് ജയിച്ചു വരണം. വോട്ടു ഹോള്‍സേലെഴ്‌സിനെയും പവര്‍ ബ്രോക്കേഴ്സിനെയും ഒഴിവാക്കണം. 2020 ല്‍ സെക്രട്ടരിയായോ മറ്റു എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്കോ മല്‍സരിക്കാന്‍ തയ്യാറെടുക്കുന്നു എന്നു കേള്‍ക്കുന്ന എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. വിനോദ് കൊണ്ടൂരും, ഉണ്ണികൃഷ്ണനും, പ്രദീപ് നായരും, ജോസ് മണക്കാട്ടും എന്നിങ്ങനെ മറ്റു പലരും. ഇവരില്‍ നിന്നും വിന്നേഴ്സിനെയും, ലൂസേഴ്സിനെയും തിരഞ്ഞെടുക്കാന്‍ ഞാനാരാണ്?. 

ഫോമായുടെ സാധാരണ പ്രവര്‍ത്തകരാണ് അതു തീരുമാനിക്കേണ്ടത്. ആരുടെ കൂടെ പ്രവര്‍ത്തിക്കാനും ഞാന്‍ തയ്യാറാണ്. സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയില്‍ പ്രസിഡണ്ടാണ് 2 വര്‍ഷത്തെ അജന്‍ഡ തീരുമാനിക്കുന്നത്. ആ പ്രസിഡന്റിനെ മൂല്യ ബോധത്തോടെ തിരഞ്ഞെടുക്കാന്‍ കഴിവുള്ളഫോമായുടെ നേതാക്കള്‍ക്ക്, ആ പ്രസിഡന്റിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ഏറ്റവും ചേര്‍ന്ന ആള്‍ക്കാരെ കണ്ടുപിടിക്കാനറിയാം. അതുകൊണ്ടു തന്നെ പാനലിന്റെ ആവശ്യമില്ല എന്നാണ് ഇപ്പോഴത്തെ തീരുമാനം. ഇനി കാര്യങ്ങള്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഈ തീരുമാനത്തില്‍ മാറ്റം വരുത്തുന്നത് സംഘടനക്ക് നല്ലതാണ് എന്നുണ്ടെങ്കില്‍ അങ്ങിനെ ചെയ്യാനും മടിക്കുകയില്ല എന്റെയീ ചിന്താഗതി ശരി വക്കുന്നതാണ് 2018 ലെ ഇലക്ഷന്‍ ഫലവും ശക്തമായ രണ്ടു പാനലുകള്‍ ഉണ്ടായിരുന്നിട്ടും, ഓരോ പാനലില്‍ നിന്നും മൂന്നു പേരെ വീതം തിരഞ്ഞെടുത്ത പൊതു ജനത്തിന്റെ ബുദ്ധിയുണ്ടല്ലോ, ആ ബുദ്ധിയാണു ജനാധിപത്യത്തിന്റെ അടിത്തറ. എനിക്കും ആ ബുദ്ധിയില്‍ പൂര്‍ണ്ണ വിശ്വാസമാണ്.

ചോ. ബെസ്റ്റ് കപ്പിള്‍ മല്‍സരത്തില്‍ പങ്കെടുക്കാനുള്ള പ്രചോദനം എന്തായിരുന്നു? വിജയിച്ചപ്പോള്‍ എന്തായിരുന്നു? വിജയിച്ചപ്പോള്‍ എന്തു തോന്നുന്നു?

ഉ. ഫോമാ കണ്‍വെന്‍ഷന്‍ കുടുംബസമ്മേതം പങ്കെടുക്കാവുന്ന ഒരു ഉത്സവമാണെന്ന് അമേരിക്കന്‍ മലയാളികളെ അറിയിക്കാനുള്ള ഞങ്ങളുടെ ഭാഗത്തു നിന്നുള്ള ഒരു എളിയ ആഗ്രമായിരുന്നു പങ്കെടുക്കാന്‍ കാരണം. മല്‍സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ പിന്നെ നല്ല വണ്ണം പ്രയത്നിച്ചു, ആ പ്രയത്നം വിജയം തന്നു. ഞങ്ങള്‍ രണ്ടു പേരും അതീവ കൃതാര്‍ത്ഥരാണ്. കൂടുതല്‍ പ്രവര്‍ത്തകരെ, അതും ഫാമിലിയായി ഫോമയിലേക്കു കൊണ്ടു വരാന്‍ ഇത്തരം സംരംഭങ്ങള്‍ക്ക് സാധിക്കും. സംഘടനയുടെ പ്രസിഡന്റാകാന്‍ സാധിച്ചാല്‍ ഈ ശ്രമങ്ങളെ കൂടുതല്‍ ശക്തമാക്കാനും, ഫോമാ കണ്‍വെന്‍ഷനില്‍ ഫാമിലി പാര്‍ട്ടിസിപ്പേഷന്‍ ഇനിയും വളരെയധികം കൂട്ടാനും സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.
മല്‍സരത്തില്‍ ഉറച്ച് നില്ക്കും; ജനാഭിലാഷം മാനിക്കും: വിന്‍സന്‍ പാലത്തിങ്കല്‍
Best Couple winners
മല്‍സരത്തില്‍ ഉറച്ച് നില്ക്കും; ജനാഭിലാഷം മാനിക്കും: വിന്‍സന്‍ പാലത്തിങ്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക