Image

രാമയണത്തിന് പലവായനകള്‍ ഉണ്ടാകട്ടെ: ശാരദക്കുട്ടി

Published on 13 July, 2018
രാമയണത്തിന് പലവായനകള്‍ ഉണ്ടാകട്ടെ: ശാരദക്കുട്ടി

ശാരദക്കുട്ടിയുടെ കുറിപ്പ്


'സക്കറിയ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കൊപ്പം' മനോജ് കുറൂര്‍
മനുഷ്യനെ ഹിന്ദുവാക്കാന്‍ വേണ്ടിയായിരുന്നില്ല കുട്ടിക്കാലത്ത് വിളക്കത്ത് രാമായണം വായിപ്പിച്ചിരുന്നത്. കവിയാക്കാനായിരുന്നു. വന്ദേ വാല്മീകി കോകിലം എന്ന് കവിയെയാണ് പ്രാര്‍ഥിച്ചത്. കാവ്യാനുശീലന മാസമായിരുന്നു കര്‍ക്കിടക മാസം. ഭാരതീ പദാവലി തോന്നേണം കാലേ കാലേ എന്നതായിരുന്നു ഏറ്റവും വലിയ പ്രാര്‍ഥന. വാക്കിനു മുട്ടുണ്ടാകരുത്.

രാമായണത്തിന്റെ വ്യത്യസ്ത വിമര്‍ശനാത്മക വായനകള്‍ പിന്നീട് വന്നു. ആശാന്റെ ചിന്താവിഷ്ടയായ സീതയും കുട്ടിക്കൃഷ്ണമാരാരുടെ വാല്‍മീകിയുടെ രാമനും സുകുമാര്‍ അഴീക്കോടിന്റെ ആശാന്റെ സീതാകാവ്യവും സി എന്‍ ശ്രീകണ്ഠന്‍ നായരുടെ നാടകത്രയവും സാറാ ജോസഫിന്റെ തായ് കുലവും അശോകയും ഊരുകാവലും വിജയലക്ഷ്മിയുടെ കൗസല്യയും മറ്റു പല കവിതകളും..

ഇതൊന്നും രാമായണത്തിന്റെ മാറ്റു കുറച്ചില്ല. അതിനു സാധ്യമായ രാഷ്ട്രീയ വായനകള്‍ നിരവധിയായിരുന്നു. അതിന്റെ പാരായണ സാധ്യതകള്‍ കൊണ്ട് രാമായണം അമ്പരപ്പിച്ചിട്ടേയുള്ളു.

അതിന്റെ മാറ്റു കുറഞ്ഞത്, പ്രതീകാര്‍ഥങ്ങള്‍ മനസ്സിലാകാത്ത, കാവ്യബോധമില്ലാത്ത മതാന്ധര്‍ അതെടുത്ത് അരാഷ്ട്രീയ ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ചു തുടങ്ങിയപ്പോഴാണ്. രാമന്‍ മറ്റൊരു തൊഗാഡിയ ആയപ്പോഴാണ്. വ്യത്യസ്തമായ രാമായണ വായനകള്‍ വരട്ടെ. വ്യാഖ്യാനങ്ങളുണ്ടാകട്ടെ. പ്രഭാഷണങ്ങളുണ്ടാകട്ടെ. ആദികവി മേയാതെ വിട്ട ഒരുപാടിടങ്ങള്‍ ഇനിയും ശേഷിക്കുന്നുണ്ട് രാമായണത്തില്‍. മതകീയാന്ധ്യങ്ങളില്‍ നിന്ന് രാമായണം മുക്തമാകട്ടെ. പുതിയ ഒരു കാവ്യാനുശീലന സംസ്‌കാരത്തിലേക്ക് രാമായണത്തിന് ശാപമോക്ഷം കിട്ടുമെങ്കില്‍ സന്തോഷമേയുള്ളു. അതാകട്ടെ ആത്യന്തിക ലക്ഷ്യം. കുട്ടികളെ കോമാളി വേഷം കെട്ടിക്കുന്ന ശോഭായാത്രക്ക് വികലാനുകരണമൊരുക്കിയതു പോലെ ഒരു വൈകൃതം ആകാതിരിക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക