Image

മഹാകാലപൂരുഷന്‍ (കവിത: ജോസഫ് തോമസ്, മണ്ണാറപ്രായില്‍)

Published on 17 July, 2018
മഹാകാലപൂരുഷന്‍ (കവിത: ജോസഫ് തോമസ്, മണ്ണാറപ്രായില്‍)
പരമാത്മാവില്‍ പര
മാണു ദര്‍ശിക്കാന്‍ പര
ബ്രഹ്മത്തില്‍ പിണ്ഡാണ്ഡത്തിന്‍
ദിവ്യചൈതന്യം കാണാന്‍
അറിവിന്നുറവിടം
തേടിയുള്ളൊരെന്‍ യാത്ര
ഏവിടെ ത്തുടങ്ങിയെ
ന്നോര്‍മ്മയില്ലെന്നാലു,മി
മിന്നി,വിടെ വിരാട്പുരു
ഷന്നുടെ സവിധത്തില്‍,
രാശികളാലേ തീര്‍ത്ത
ദേഹത്തിന്‍ തിരുമുന്നില്‍
സ്തബ്ധനായ് സംഭീതനായ്
കമ്പിതാംഗനായ് പിന്നെ
വിസ്മയാവേഗത്തോടെ
നിന്നു ഞാന്‍ കുറച്ചിട!
എന്തൊരുഗഭീരമാ
തേജസിന്നതുപോലെ
യെങ്ങൊരു രൂപംകാണാ
നാവുമീയുലകത്തില്‍?
ശിരസ്സായ് മാറീ മേട
മിടവം മുഖമായും
മിഥുനത്താലേ തീര്‍ത്തൂ
തോളുകള്‍, മാറായ്ത്തീര്‍ന്ന
കര്‍ക്കടകത്തേക്കട
ന്നകമേ തുടിക്കുന്ന
ഹൃദയം സിംഹാകാരം
പൂണ്ടതാം ചിങ്ങം രാശി. 
കന്നിരാശിയായ് ചമ
ഞ്ഞീടുന്നൊരുദരത്തിന്‍
പിന്നിലായ് പൃഷ്ടം തുലാം 
രാശിയു, മടുത്തായി
വൃശ്ചികരാശിതന്നെ 
ജനനേന്ദ്രിയമായി
നില്‍ക്കവേ ധനുരാശി
തുടയായ് ചമഞ്ഞല്ലോ.
മകരം കാല്‍മുട്ടായി
കുംഭമോ പാദങ്ങളായ്
മീനരാശിയായ് ഭവി
ച്ചീടുന്നൂ തൃച്ചേവടി!
നിശ്ചലം ഞാനീകാഴ്ച
കണ്ടു നില്‍ക്കവേ സ്വയം
വിസ്മൃതനായീ, മുന്നില്‍
മായയാല്‍ സര്‍വ്വം മൂടി
തീണ്ടുവാന്‍ തക്കം പാര്‍ത്തു
നിന്നതാം ഗ്രഹങ്ങള്‍ വ
ന്നാണ്ടുകേറുന്നുണ്ടംഗ
രാശിയിലോരോന്നിലും!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക