കുറെ ദിവസങ്ങള്‍ക്കു മുമ്പ് ഇമെയില്‍, ഫേസ്ബുക്ക്, വാട്‌സാപ്പ്, ബ്ലോഗ് തുടങ്ങിയ നവമാധ്യമങ്ങളില്‍ കൂടി, നിയമ പരിഷ്‌കരണ കമ്മീഷന്റെ ചെയര്‍മാനായിരുന്ന അന്തരിച്ച ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ തയ്യാറാക്കി കേരള സര്‍ക്കാരിന് സമര്‍പ്പിച്ച കേരള ക്രൈസ്തവസഭകളുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റ് ബില്ലിന്റെ കരടുനിയമം, പ്രസിദ്ധം ചെയ്തിരുന്നത് എല്ലാവരുംതന്നെ വായിച്ചു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ആ കരടു നിയമത്തിന്റെ പശ്ചാത്തലത്തില്‍ പള്ളിനിയമത്തിന്റെ അനിവാര്യതയെപ്പറ്റിയുള്ള ഒരു പഠനമാണ് ഈ ചെറിയ ലേഖനം.
ക്രൈസ്തവസഭകളുടെ ഉത്ഭവത്തെക്കുറിച്ച് പ്രാദേശികമായി ചിന്തിച്ചാല്‍ രണ്ട് സ്രോതസ്സുകളാണുള്ളത്-ഒന്ന് റോമന്‍ സാമ്രാജ്യപരിധിയിലും മറ്റൊന്ന് ഭാരതത്തിലുമായിരുന്നു. അപ്പോള്‍ ശരിയായ അപ്പോസ്തലസഭകള്‍ റോമന്‍സഭയും ഭാരതസഭയുമാണ്. ഭാരതസഭ യേശുശിഷ്യനായ മാര്‍ തോമായാല്‍ ഒന്നാംനൂറ്റാണ്ടില്‍ത്തന്നെ സ്ഥാപിക്കപ്പെട്ടുയെന്ന് നാം വിശ്വസിക്കുന്നു.
ഭാരതനസ്രാണിസഭയ്ക്ക് ഭാരതത്തിന്റെ സാമൂഹ്യ-ആധ്യാത്മിക ചുറ്റുപാടില്‍ വളര്‍ന്ന് വികസിക്കാന്‍ സാധിച്ചു. അതിനുകാരണം ഒരു പ്രത്യേക മതമോ ഈശ്വരദര്‍ശനമോ ഭാരതത്തിലെ രാജാക്കന്മാരുടെ പ്രീണനത്തിന് ഇടയാക്കിയിരുന്നില്ല എന്ന യാഥാര്‍ഥ്യമാണ്. കൂടാതെ, ഭാരത മതസമൂഹത്തില്‍ നിലനിന്നിരുന്ന മതനിരപേക്ഷ മനോഭാവം ഏറെ സഹായകമായിരുന്നു. റോമന്‍സഭ കാലക്രമേണ റോമന്‍ സാമ്രാജ്യാതൃത്തിയുടെ അടിസ്ഥാനത്തില്‍ പാശ്ചാത്യ/പൗരസ്ത്യ സഭകളായി വേര്‍തിരിക്കപ്പെട്ടു.
റോമന്‍ സാമ്രാജ്യ രാഷ്ട്രീയ സംഭവവികാസങ്ങള്‍ റോമന്‍ പാശ്ചാത്യ/പൗരസ്ത്യസഭകളെ ഗുരുതരമായി ബാധിച്ചു. കോണ്‍സ്റ്റന്റ്റൈന്‍ ചക്രവര്‍ത്തിയുടെ ഇടപെടലുകളും ദൈവശാസ്ത്രപരമായ ചേരിതിരുവുകളുമായിരുന്നു, അതില്‍ മുഖ്യം. ചക്രവര്‍ത്തിയുടെ ഇടപെടല്‍മൂലം പള്ളികളുടെ സമൂഹ സമ്പത്ത് റോമന്‍ രാഷ്ട്ര ഭരണംപോലെ പുരോഹിതരിലായി. അങ്ങനെ റോമന്‍ പാശ്ചാത്യ/പൗരസ്ത്യസഭകളുടെ ഭൗതികഭരണവും ആധ്യാത്മിക ശുശ്രൂഷയും പുരോഹിത പിടിയിലായി. അതാണ് റോമന്‍ പാശ്ചാത്യ/പൗരസ്ത്യസഭകളുടെ പള്ളിഭരണ ചരിത്രപശ്ചാത്തലം.
ആദിമസഭയില്‍ ക്രിസ്തുശിഷ്യരായ അപ്പോസ്തലന്മാര്‍ ദൈവവചനപ്രഘോഷണത്തിലും പ്രാര്‍ത്ഥനയിലും വ്യാപരിക്കാന്‍ തീരുമാനിച്ച് ഭക്ഷണവിതരണംപോലുള്ള ഭൗതികഭരണം തെരഞ്ഞെടുക്കപ്പെട്ട സഹോദരരെ ഏല്പിച്ചു (അപ്പ. പ്രവ. 6: 2-4). വിശുദ്ധഗ്രന്ഥാടിസ്ഥാനത്തിലുള്ള ശരിയായ ക്രൈസ്തവ രൂപമാതൃകയിലായിരുന്നു, ഭാരതസഭയുടെ ഭൗതികകാര്യങ്ങളിലെ ഭരണഘടന. അതായത്, ആധ്യാത്മികകാര്യനിര്‍വ്വഹണം സഭാശുശ്രൂഷകരായ പുരോഹിതരും പള്ളികളുടെ ഭൗതികവസ്തുക്കളുടെ ഭരണം പള്ളിയോഗങ്ങള്‍വഴി സഭാസമൂഹവും നിര്‍വ്വഹിച്ചിരുന്നു. പള്ളിയുടെ ഭൗതിക ഭരണത്തെയും ആദ്ധ്യാത്മിക ശുശ്രൂഷകളെയും ഇന്ത്യയിലെ ക്രൈസ്തവസമൂഹം ബൈബിള്‍ നിര്‍ദ്ദേശമനുസരിച്ച് രണ്ടായി കണ്ടു.
റവ. ഡോ. പ്ലാസിഡ് പൊടിപാറ, സി.എം.ഐ., റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. എ. എം. മുണ്ടാടന്‍, സി.എം.ഐ., റവ. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍, റവ. ഡോ. ജോസ് കുറിയേടത്ത്, സി.എം.ഐ., പ്രഫ. ജോസഫ് പുലിക്കുന്നേല്‍, ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍, റവ. ഡോ. ജോസഫ് തെക്കേടത്ത് തുടങ്ങിയ പ്രശസ്ത സഭാചരിത്രകാരന്മാര്‍ മാര്‍തോമാ ക്രിസ്ത്യാനികളുടെ പള്ളികളുടെ ഭരണം പൂര്‍ണമായി പള്ളിയോഗത്തില്‍ നിക്ഷിപ്തമായിരുന്നു എന്നും, തികച്ചും ജനാധിപത്യരീതിയിലുമാണ് ഭൗതികകാര്യങ്ങള്‍ നിര്‍വ്വഹിച്ചുപോന്നിരുന്നത് എന്നും സമ്മതിക്കുന്നു. വടവാതൂര്‍ സെമിനാരി സഭാചരിത്ര പ്രഫസര്‍, കേരള ക്രൈസ്തവരുടെ പൂര്‍വ്വ പാരമ്പര്യം സംബന്ധിച്ച അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവ് എല്ലാമായിരുന്ന കൂടപ്പുഴ അച്ചന്റെ പള്ളിഭരണസംബന്ധമായ വിവരണംമാത്രം ഇവിടെ ഉദ്ധരിക്കട്ടെ: ''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍ നിന്ന് തല്ക്കാലത്തേക്ക് പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു.
പ്രാദേശികതാല്പര്യമുള്ള വിഷയങ്ങളെപ്പറ്റി പല ഇടവകകളുടെ പ്രതിപുരുഷന്മാര്‍ ഒരുമിച്ചുകൂടി തീരുമാനമെടുത്തിരുന്നു. പൊതുതാല്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളിലെയും പ്രതിനിധികള്‍ ഒരുമിച്ചുകൂടിയാണ് തീരുമാനിച്ചിരുന്നത്.'' (ഭാരതസഭാചരിത്രം, പേജ് 198, 199). മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളുടെ പള്ളികളുടെ ഭരണം പൂര്‍ണ്ണമായി പള്ളിയോഗത്തില്‍ നിക്ഷിപ്തമായിരുന്നു എന്നും, തികച്ചും ജനാധിപത്യരീതിയിലാണ് ഭൗതികകാര്യങ്ങള്‍ നിര്‍വ്വഹിച്ചുപോന്നിരുന്നത് എന്നും അതില്‍നിന്ന് വ്യക്തമാണ്. അപ്പോള്‍ മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളുടെ പള്ളിഭരണ ചരിത്ര പശ്ചാത്തലം റോമന്‍ പാശ്ചാത്യ/പൗരസ്ത്യ സഭകളില്‍നിന്ന് വ്യത്യസ്തമാണ്. തന്നെയുമല്ല, റോമന്‍ സാമ്രാജ്യാതിര്‍ത്തിയിലുള്ള പൗരസ്ത്യസഭാ മെത്രാപ്പോലീത്തമാര്‍ മാര്‍തോമാ നസ്രാണികള്‍ക്ക് ആധ്യാത്മിക ശുശ്രൂഷകള്‍ ചെയ്തുതന്നിട്ടുണ്ടെങ്കിലും ഭാരതത്തിലെ മാര്‍തോമാ നസ്രാണിസഭ ഭരണതലത്തില്‍ ഒരുകാലത്തും റോമന്‍ പൗരസ്ത്യസഭകളുടെ ഭാഗമോ കീഴിലോ ആയിരുന്നിട്ടില്ല.
ആധ്യാത്മിക ശുശ്രൂഷകനായ മെത്രാന് ഇടവകകളുടെ ആഭ്യന്തര ഭരണത്തില്‍ ഇടപെടാനോ അധികാരം പ്രയോഗിക്കാനോ നസ്രാണിസഭാഘടനാസംബ്രദായം അനുവദിച്ചിരുന്നുമില്ല. ആദിമസഭയെ അനുകരിച്ച് പള്ളിയോഗങ്ങള്‍വഴിയുള്ള പള്ളിഭരണം മാര്‍തോമാക്രിസ്ത്യാനികളുടെ അസ്തിത്വത്തിന്റെ ഭാഗമായിരുന്നു; 'മാര്‍തോമായുടെ മാര്‍ഗവും വഴിപാടും' മാര്‍തോമാക്രിസ്ത്യാനികളുടെ ദൈവശാസ്ത്ര പൈതൃകത്തിന്റെ ഭാഗവുമായിരുന്നു. നമ്മുടെ പൂര്‍വീകര്‍ എന്തുമാത്രം ത്യാഗം സഹിച്ചും, യാതനകളനുഭവിച്ചുമാണ് അനന്തര തലമുറകളിലേയ്ക്ക് മാര്‍തോമാ പൈതൃകത്തെ കൈമാറിയത് എന്ന് പഠിക്കുമ്പോളാണ് ഇന്നത്തെ മെത്രാന്മാര്‍ ഒരു ലജ്ജയുമില്ലാതെ പള്ളികളുടെ ഭൗതികഭരണം സ്വയം ഏറ്റെടുത്തതിന്റെ ഗൗരവം നാം തിരിച്ചറിയുന്നത്.
റോമന്‍ കത്തോലിക്കരായിരുന്ന പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടെ (പതിനഞ്ചാം നൂറ്റാണ്ട്) ഭാരത നസ്രാണിസഭയുടെ ചരിത്രത്തില്‍ പുതിയ ഒരു അധ്യായം ആരംഭിച്ചു. മലങ്കരയിലെത്തിയ പോര്‍ട്ടുഗീസുകാര്‍ക്ക് വാണിജ്യലക്ഷ്യത്തിനുപുറമെ മതപരമായ ലക്ഷ്യങ്ങള്‍കൂടി ഉണ്ടായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മിഷനറി പാതിരിമാര്‍ മലങ്കരയിലെത്തിത്തുടങ്ങി. 1534-ല്‍ ഗോവാ രൂപതയും 1558-ല്‍ കൊച്ചി രൂപതയും സ്ഥാപിക്കപ്പെട്ടു. അതോടെ മാര്‍തോമാ ക്രിസ്ത്യാനികളുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ ആരംഭിച്ചു.
നസ്രാണി സഭയില്‍ നിലനിന്നിരുന്ന മല്പാന്‍ വൈദിക പരിശീലന സമ്പ്രദായത്തെയും പള്ളിയോഗത്തിന്റെ ദേശക്കുറി (ഇടവകക്കാരുടെ ചിലവില്‍ ഇടവകക്കുവേണ്ടി മല്പാന്റെ കീഴില്‍ പഠിക്കുന്ന വൈദികാര്‍ത്ഥിക്ക് പട്ടം നല്‍കാന്‍ അനുവദിച്ചും അഭ്യര്‍ത്ഥിച്ചുംകൊണ്ട് പള്ളിപൊതുയോഗം മെത്രാന് നല്‍കുന്ന കത്ത്) സമ്പ്രദായത്തെയും അവഗണിച്ച് പോര്‍ട്ടുഗീസുകാര്‍ മാര്‍തോമാ ക്രിസ്ത്യാനികളില്‍ നിന്നുള്ളവര്‍ക്ക് സെമിനാരി പരിശീലനവും പട്ടവും നല്‍കിത്തുടങ്ങി.
കൂടാതെ, നസ്രാണി വൈദികരും ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്ന നിര്‍ദേശവും മുന്‍പോട്ടുവെച്ചു. അതിനുംപുറമെ, പാശ്ചാത്യ സമ്പ്രദായത്തിലുള്ള രഹസ്യകുമ്പസാരം, സ്ഥൈര്യലേപനം, അന്ത്യകൂദാശ എന്നീ ചടങ്ങുകളും പൂജാവസ്ത്രങ്ങളും മിഷ്യനറിമാരുടെ സമ്മര്‍ദംമൂലം നസ്രാണിസഭയില്‍ നടപ്പിലാക്കാന്‍ ആരംഭിച്ചു. എന്തിനധികം, 1599-ല്‍ ഗോവാ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന അലക്സിസ് മെനേസിസ് (Alexis Menesis) ഉദയമ്പേരൂര്‍ എന്ന സ്ഥലത്ത് നസ്രാണികളുടെ പള്ളിപ്രതിപുരുഷയോഗം വിളിച്ചുകൂട്ടി. ഉദയമ്പേരൂര്‍ സൂനഹദോസ് എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.
മാര്‍തോമാ ക്രിസ്ത്യാനികളുടെ തനിമയാര്‍ന്ന പള്ളിസംസ്‌കാരത്തെ തകര്‍ത്ത് പാശ്ചാത്യ മതരീതി കൊളോണിയല്‍ ആക്രമണത്തില്‍കൂടി അടിച്ചേല്‍പ്പിച്ച സംഭവമായിരുന്നത്. ഉദയമ്പേരൂര്‍ സൂനഹദോസിനുശേഷം മാര്‍തോമാ ക്രിസ്ത്യാനികളുടെ രൂപതാ ആസ്ഥാനമായിരുന്ന അങ്കമാലിയില്‍ ഫ്രാന്‍സിസ് റോസ് എസ്. ജെ. (Francis Ros S. J., 1559-1624) നസ്രാണികളുടെ ആദ്യത്തെ പാശ്ചാത്യ മെത്രാനായി നിയമിക്കപ്പെട്ടു. ആ മെത്രാന്‍ 'റോസിന്റെ നിയമാവലി' എന്നപേരില്‍ നിയമമുണ്ടാക്കി നസ്രാണികളുടെ പള്ളിയോഗത്തെ ദുര്‍ബലപ്പെടുത്തി പള്ളിസ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. നമ്മുടെ കാരണവന്മാര്‍ അതിനെയെല്ലാം അതിജീവിച്ചെങ്കിലും അവസാനം കൂനന്‍കുരിശു സത്യത്തില്‍ (1653) ചെന്നവസാനിക്കുകയാണുണ്ടായത്.
അതിനുശേഷം നാട്ടുമെത്രാനായ മാര്‍ മാത്യു മാക്കീലാണ് (1851-1914) നസ്രാണികളുടെ പള്ളിസ്വത്തുക്കള്‍ മെത്രാന്റെ കീഴിലാക്കാന്‍ പരിശ്രമിച്ചത് (അദ്ദേഹത്തിന്റെ പള്ളിനിയമ 'ദെക്രേത്തുപുസ്തകം' കാണുക). പ്രോട്ടുഗീസുകാരുടെ വരവിനുശേഷം പാശ്ചാത്യമാതൃകയിലുള്ള പള്ളിഭരണം സ്ഥാപിച്ചെടുക്കാന്‍ പല കാലഘട്ടങ്ങളിലും പല മെത്രാന്മാരും ശ്രമിച്ചെങ്കിലും നമ്മുടെ പൂര്‍വീകരുടെ പള്ളിയോടുള്ള സ്‌നേഹവും ജാഗ്രതയും കാരണം അവരുടെ ശ്രമങ്ങള്‍ മുഴുവനായി ഫലപ്രദമായില്ല. 1991-ലെ പൗരസ്ത്യ കാനോന്‍നിയമം റോമന്‍ പൗരസ്ത്യ സഭകളില്‍ പെടാത്ത മാര്‍തോമാ നസ്രാണിസഭയായ സീറോ-മലബാര്‍ സഭയിലും പൗരസ്ത്യ തിരുസംഘം കെട്ടിയേല്പിച്ചതുവഴിയാണ് നസ്രാണി സഭയുടെ പള്ളിസ്വത്തുക്കള്‍ പൂര്‍ണമായി മെത്രാന്മാരുടെ അധീനതയിലായത്.
അങ്ങനെ സുവിശേഷാധിഷ്ഠിതമായ നമ്മുടെ പഴയ പള്ളിഭരണ സമ്പ്രദായത്തെ, മാര്‍തോമാ ക്രിസ്ത്യാനികളുടെ പള്ളിഭരണ പാരമ്പര്യത്തെ, പൗരസ്ത്യ കാനോന്‍ നിയമത്തിലൂടെ റോം അട്ടിമറിച്ചു. അതിന്റെ പരിണതഫലമോ? വികാരിയെ ഉപദേശിക്കാന്‍മാത്രം അവകാശമുള്ള ലത്തീന്‍ സഭയിലെ ഇടവക പാരിഷ്‌കൗണ്‍സില്‍ സമ്പ്രദായം സീറോ-മലബാര്‍ സഭയില്‍ നടപ്പിലാക്കി, ഇടവകകളുടെയും രൂപതയുടെയും സാമ്പത്തിക ഭരണകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ടായിരുന്ന പള്ളിയോഗത്തെ ഫലപ്രദമായി കൊന്ന് കുഴിച്ചുമൂടി. നമ്മുടെ മെത്രാന്മാര്‍ അതിന് കൂട്ടുനിന്നുയെന്നത് ദുഃഖസത്യമാണ്. ആ അട്ടിമറിക്കലിന്റെ ഭവിഷത്തുകള്‍ ഇന്നുനാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. മാര്‍പാപ്പയെ മാത്രം കണക്കുബോധിപ്പിക്കാനേ തനിക്ക് കടമയൊള്ളൂയെന്ന ധിക്കാരം പറയാന്‍ സീറോ-മലബാര്‍ സഭാ മേലധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ധൈര്യം നല്‍കിയത് കാനോന്‍ നിയമമെന്ന കാട്ടാളനിയമമാണെന്ന സത്യം നാം ഒരിക്കലും മറക്കരുത്. സത്യം ക്രൂശിക്കപ്പെടും; കുഴിയില്‍ അടക്കപ്പെടും; എങ്കിലും അത് ഒരുനാള്‍ ഉയര്‍ത്തെഴുനേല്‍ക്കും.
പള്ളിസ്വത്തുക്കള്‍ കാനോന്‍ നിയമപ്രകാരമല്ലാ ഭരിക്കപ്പെടേണ്ടത്. അതിന് പല കാരണങ്ങളുണ്ട്. ക്രിസ്തു പഠിപ്പിച്ച പരസ്പരസ്‌നേഹത്തെ ആധാരമാക്കി ക്രോഡീകരിച്ച ഒരു നിയമമല്ല കാനോന്‍ സമയം. സ്‌നേഹത്തിന്റെ പശ അതില്‍ തൊട്ടുതേച്ചിട്ടില്ല. വിശ്വാസിയെ വരിഞ്ഞുകെട്ടാനും മെത്രാന് പരമാധികാരം ഉറപ്പാക്കാനുംവേണ്ടി സമാഹരിച്ച ഒരു നിയമമാണത്. ആദിമക്രൈസ്തവ പാരമ്പര്യത്തിനോ മാര്‍തോമാ നസ്രാണി സഭാ പാരമ്പര്യത്തിനോ ചേര്‍ന്ന ഒരു പള്ളിനിയമമല്ലത്. റോമാസാമ്രാജ്യത്തിനുള്ളില്‍ വളര്‍ന്ന പാശ്ചാത്യ/പൗരസ്ത്യസഭകള്‍ക്ക് നിയമതലത്തില്‍ പൊതുവായ പൈതൃകമാണുള്ളത്. പാശ്ചാത്യസഭയില്‍ എല്ലാ അധികാരങ്ങളും മെത്രാനില്‍ കേന്ദ്രീകൃതമായിരുന്നു.
എന്നാല്‍ മാര്‍തോമാ ക്രിസ്ത്യാനികളുടെ പൈതൃകം വ്യത്യസ്തമാണ്. ഇന്ത്യയിലെ ഓരോ പള്ളിയും സ്വതന്ത്ര ഭരണമേഖലയായിരുന്നു. ആധ്യാത്മിക ശുശ്രൂഷകരായ മെത്രാന്‍, പുരോഹിതര്‍ എന്നിവര്‍ക്ക് പള്ളിവസ്ത്തുക്കളുടെമേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ആ പൈതൃകത്തെ പുനഃസ്ഥാപിച്ച് സഭാസ്വത്തുക്കളുടെ ഭരണം സര്‍ക്കാര്‍ നിര്‍മ്മിത നിയമത്തിലൂടെ സുതാര്യമാക്കണമെങ്കില്‍ ട്രസ്റ്റ് ബില്‍ പാസാക്കി നടപ്പിലാക്കേണ്ടിയിരിക്കുന്നു. മുസ്ലിം, സിഖ്, ക്രിസ്ത്യന്‍, ഹിന്ദു എന്നിങ്ങനെ നാല് മുഖ്യ മതവിഭാഗങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നു. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടേതായ സാമൂഹ്യസമ്പത്തുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മുസ്ലിം, സിഖ്, ഹിന്ദു മതസമൂഹങ്ങളുടെ പൊതുസമ്പത്ത് പുരോഹിതപിടിയില്‍നിന്നും നിയമനിര്‍മാണത്തിലൂടെ വിമുക്തമാക്കി.
എന്നാല്‍ ഭാരതത്തിലെ ക്രൈസ്തവരുടെ പള്ളികള്‍ ഭരിക്കുന്നത് സംബന്ധിച്ച് നിയമങ്ങളൊന്നും അവര്‍ നിര്‍മിച്ചില്ല. അതിന് പ്രധാന കാരണം ക്രൈസ്തവരുടെ സമൂഹസമ്പത്ത് പുരോഹിതര്‍ ഒരിക്കലും അടക്കിഭരിച്ചിരുന്നില്ല എന്നതാണ്. ഇന്ത്യയിലെ പള്ളികളുടെ ഭരണ ചരിത്രപശ്ചാത്തലമാണ് ബ്രിട്ടീഷുകാര്‍പോലും നിയമനിര്‍മ്മാണം ചെയ്തില്ല എന്നതിന്റെ പ്രധാന കാരണം.
ട്രസ്റ്റ് ബില്ലിനെ പഠനവിധേയമാക്കിയശേഷം അതിന്റെ അടിസ്ഥാനഘടകങ്ങള്‍ ഏതൊക്കെയാണ് എന്ന് വ്യക്തമാക്കട്ടെ. 'ട്രസ്റ്റ് ബില്‍' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭാരതീയമായ പാരമ്പര്യവും വീക്ഷണവും സഭയുടെ ഭൗതിക ഭരണത്തില്‍ പുനര്‍നിവേശിപ്പിക്കുക എന്നതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കൊന്ന് കുഴിച്ചുമൂടപ്പെട്ട പള്ളിയോഗ ഭരണ സമ്പ്രദായത്തിന്റെ ഉയര്‍ത്തെഴുനേല്‍പ്പാണത്. സഭാവിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവം അര്‍ഹിക്കുന്ന ട്രസ്റ്റ് ബില്ലിന്റെ രൂപരേഖയുടെ അടിസ്ഥാന ഘടകങ്ങള്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതാണ്. ഈ ബില്ലുവഴി കേരളത്തിലെ ക്രിസ്തവ സഭകളുടെ മതപരമായ ആസ്തികളുടെ ഭരണത്തില്‍ പൂര്‍വകാലത്തെപ്പോലെയും ബൈബിളധിഷ്ഠിതമായുമുള്ള ശരിയായ ജനാധിപത്യ ചട്ടക്കൂട് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇടവക/രൂപത/സംസ്ഥാന തലങ്ങളിലെ സാമ്പത്തികഭരണം തെരഞ്ഞെടുക്കപ്പെട്ട ഇടവക പ്രതിനിധികളുടെ ട്രസ്റ്റ് കമ്മറ്റികള്‍വഴി നിര്‍വഹിക്കപ്പെടുന്നു.
1. യേശുക്രിസ്തുവിനെ ദൈവവും രക്ഷകനിമായി വിശ്വസിക്കുന്ന വ്യക്തി ക്രിസ്ത്യാനി ആകുന്നു. 18 വയസ്സ് പൂര്‍ത്തിയായ എല്ലാ അംഗങ്ങളും വോട്ടവകാശത്തോടുകൂടി ഇടവക ട്രസ്റ്റ് അസംബ്ളി (സമാജം) രൂപീകരിക്കും. ഇടവക ട്രസ്റ്റ് അസംബ്ളി അംഗങ്ങളില്‍നിന്നും ട്രസ്റ്റ് കമ്മിറ്റി യെയും ഇടവകയുടെ കണക്കു പരിശോധിക്കാന്‍ മൂന്ന് അംഗങ്ങളെയും തെരഞ്ഞെടുക്കുന്നു.
2. ഇടവക ട്രസ്റ്റ്, രൂപതാ/സംസ്ഥാനട്രസ്റ്റുകളിലേയ്ക്ക് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പിന്റെ വിശദാശംസങ്ങള്‍ ട്രസ്റ്റ് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. രൂപതാ/സംസ്ഥാന ട്രസ്റ്റുകള്‍ അവകളുടെ കണക്ക് പരിശോധിക്കാന്‍ മൂന്ന് അംഗങ്ങളെവീതം തെരഞ്ഞെടുക്കുന്നു.
3. ഇടവക/രൂപത/സംസ്ഥാനതല ട്രസ്റ്റുകള്‍ മാനേജിംഗ് ട്രസ്റ്റികളെ തെരഞ്ഞെടുക്കുന്നു. ന്യായമായ കാരണങ്ങള്‍ക്ക് മാനേജിംഗ് ട്രസ്റ്റിയെയോ കണക്ക് പരിശോധകരെയോ നീക്കം ചെയ്യാനും പുതിയ മേല്‍ പറഞ്ഞവരെ തെരഞ്ഞെടുക്കാനും ഉള്ള അധികാരം ബന്ധപ്പെട്ട ട്രസ്റ്റ് സമാജങ്ങളില്‍ നിക്ഷിപ്തമാണ്.
4. അയോഗ്യരായവരെ ഉത്തരവാദിത്വപ്പെട്ട ചുമതലകളില്‍നിന്നും ഒഴിവാക്കിയിരിക്കുന്നു.
5. ട്രസ്റ്റിലെ എല്ലാ അംഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍, സ്ഥാവരജംഗമസ്വത്തുക്കള്‍, മാറ്റുസ്വത്തുക്കള്‍ തുടങ്ങിയവകളില്‍മേല്‍ കൂട്ടായ ഉടമസ്ഥാവകാശംവും അധികാരവും ഉണ്ടായിരിക്കും.
6. എല്ലാ ക്രൈസ്തവ ചാരിറ്റബിള്‍ ട്രസ്റ്റുകളും രജിസ്റ്റര്‍ ചെയ്യണം.
7. ത്രിതല ട്രസ്റ്റുകളുടെ ഭരണത്തിനും നടത്തിപ്പിനും ന്യായമായ ചിലവുകള്‍ ട്രസ്റ്റ് കമ്മിറ്റി നല്‍കേണ്ടതാണ്.
8. കണക്കുപുസ്തകങ്ങള്‍ ട്രസ്റ്റ് കമ്മിറ്റികള്‍ സൂക്ഷിക്കുകയും കണക്കുകള്‍ പരിശോധിക്കേണ്ടതുമാണ്.
9. ഇടവക ട്രസ്റ്റ് അസംബ്ളി/കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ വികാരി, രൂപതാ ട്രസ്റ്റ് അസംബ്ളി/കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ മെത്രാന്‍, സംസ്ഥാന ട്രസ്റ്റ് അസംബ്ളി/കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ സംസ്ഥാനതല ആത്മീയാചാര്യന്‍ ആയിരിക്കും. മേല്പറഞ്ഞയാള്‍ നിയോഗിക്കുന്ന ആള്‍ക്കും അദ്ധ്യക്ഷനാകാവുന്നതാണ്.
10. ത്രിതല ട്രസ്റ്റിന്റെ അനുദിനഭരണം ബന്ധപ്പെട്ട ട്രസ്റ്റ് കമ്മിറ്റികളില്‍ നിക്ഷിപ്തമാണ്.
11. ത്രിതല ട്രൂസ്റ്റുകളുടെ അവകാശങ്ങളും കടമകളും ട്രസ്റ്റ് ബില്ലില്‍ വിവരിച്ചിട്ടുണ്ട്.
12. വരുന്ന വര്‍ഷത്തെ ബഡ്ജറ്റും പൂര്‍ത്തിയായ വര്‍ഷത്തെ കണക്കു പരോശോധനാ റിപ്പോര്‍ട്ടും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സാക്ഷ്യപ്പെടുത്തലോടെ സമര്‍പ്പിക്കേണ്ടതാണ്.
13. ട്രസ്റ്റ് ബില്‍ നിയമമാകുമ്പോള്‍ അതിലെ വ്യവസ്ഥകളിലേതെങ്കിലും ലംഘിക്കുന്നത് രാജ്യത്തെ സിവില്‍/ക്രിമിനല്‍ നിയമത്തിന്‍കീഴില്‍ ശിക്ഷാര്‍ഹമാണ്.
ട്രസ്റ്റ് ബില്ലില്‍റെ വ്യക്തതയ്ക്കായി ഏതാനും ചില വ്യവസ്ഥകള്‍കൂടി ഉള്‍ക്കൊള്ളിക്കേണ്ടിയിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം. ട്രസ്റ്റ് അസംബ്ലിയിലെ അംഗമാകാനുള്ള യോഗ്യത, ഭരണസമിതിയില്‍ സ്ത്രീകള്‍ക്കുള്ള സംവരണം, ട്രസ്റ്റ് കമ്മിറ്റി അധ്യക്ഷനുള്ള വോട്ടവകാശം, വികാരി/മെത്രാന്‍ തുടങ്ങിയവരുടെ നിയമന മാനദണ്ഡം, മെത്രാന്മാരും സിനഡുകളും, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രൈബ്യൂണുകള്‍, ട്രൈബ്യൂണലിന്റെ രൂപഘടനയും അധികാരങ്ങളും, സര്‍ക്കാരിന്റെ ഇടപെടല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ട്രസ്റ്റ് ബില്ലില്‍ കൂട്ടിച്ചേര്‍ക്കുകയും വ്യക്തമാക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്.
സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന കരടുബില്ലാണിത്. ഈ ബില്ലിനെ സംബന്ധിച്ച് വളരെയധികം പഠനങ്ങള്‍ നടക്കേണ്ടതായിട്ടുണ്ട്. സഭയോട് ആത്മാര്‍ത്ഥതയും കൂറുമുള്ള വിശ്വാസികളും സഭാ മേലധികാരികളും മുന്‍പോട്ടുവന്ന് ഈ ബില്ലിനെപ്പറ്റി പഠിച്ച് വേണ്ട തിരുത്തലുകളോടെ അത് നിയമമായി കിട്ടാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യേണ്ടതാണ്.
അപ്പോസ്തലന്മാര്‍ സഭയുടെ ഭൗതികഭരണത്തില്‍നിന്നും ഒഴിഞ്ഞുനിന്നു എന്ന് നമുക്കറിയാം. അതുപോലെ, സഭയിലെ ആധ്യാത്മികശുശ്രൂഷകരായ മെത്രാന്മാരും വൈദികരും സഭയുടെ ഭൗതക കാര്യ നിര്‍വഹണത്തില്‍നിന്നും പൂര്‍ണമായും ഒഴിഞ്ഞുമാറി, വിശ്വാസി സമൂഹത്തിന്റെ ആധ്യാത്മികശുശ്രൂഷയില്‍ മുഴുകാന്‍ നിര്‍ദിഷ്ട ട്രസ്റ്റ് ബില്‍ സഹായകമാകുമെന്നതില്‍ സംശയമില്ല.
'ദൈവത്തെയും മാമോനെയും ഒപ്പം സേവിക്കാന്‍ നിങ്ങള്‍ക്കു സാധ്യമല്ല.' (മത്താ: 6 -24)
ഇപ്പോള്‍ അച്ചനും ബിഷപ്പുമൊക്കെ കുറച്ചൊക്കെ കക്കുമെന്നേയുള്ളു. സര്‍ക്കാരിനെ അടുപ്പിച്ചാല്‍ അവരുടെ മോഷണം കൂടി വിശ്വാസികള്‍ സഹിക്കേണ്ടി വരും.
സഭാ സ്വത്ത് പള്ളീ യോഗത്തിന്റെ കയ്യിലിരുന്നാലും ബിഷപ്പിന്റെ കീഴിലിരുന്നാലുംഅതു നീതിപൂര്‍വം ഭരിക്കപ്പെടുക എന്നതാണു പ്രധാനം. മെത്രാന്റെ നിയന്ത്രണത്തിലായറ്റു കൊണ്ട് എന്തു കുഴപ്പം?
ആകെ വേണ്ടത് സ്വത്തു ചെലവ്‌ഴിക്കുന്നതില്‍ വിശ്വാസികള്‍ക്ക് കൂടുതല്‍ അധികാരം വേണമെന്നതാണ്. ഇതിനുള്ള സംവിധാനം ഒരുക്കാന്‍ സഭയില്‍ തന്നെയാണു ആവശ്യം ഉന്നയിക്കേണ്ടത്. അല്ലാതെ വേലിയേലിരിക്കുന്ന സര്‍ക്കാരിനെ എടുത്ത് വേണ്ടാത്തിടത്ത് കൊണ്ടു പോയി വയ്ക്കുകയല്ല വേണ്ടത്.
ബിഷപ്പും അച്ചന്മാരും വിശ്വാസ കാര്യം മാത്രം നോക്കിയിരുന്നെങ്കില്‍ കേരളത്തില്‍ ഒരൊറ്റ സ്‌കൂളോ കോളജോ അശുപതിയോ ഉണ്ടാകുമായിരുന്നില്ല.
അതു കൊണ്ട് സഭാ സ്വത്തിനെപറ്റി വ്യാകുലപ്പെടുന്ന അവിശ്വാസികള്‍ മിണ്ടാതിരുന്നാല്‍ മതി.