Image

അബുദാബിയില്‍ മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടം 2020-ല്‍ പൂര്‍ത്തിയാകും

Published on 29 March, 2012
അബുദാബിയില്‍ മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടം 2020-ല്‍ പൂര്‍ത്തിയാകും
അബൂദാബി: ഗതാഗത മേഖലയില്‍ വന്‍ മാറ്റത്തിന്‌ വഴിയൊരുക്കുന്ന മെട്രോ, ലൈറ്റ്‌ റെയില്‍ ട്രാന്‍സിറ്റ്‌ (ട്രാം) സര്‍വീസിന്‍െറ മാതൃക സംബന്ധിച്ച്‌ പഠനം തുടങ്ങി. ഗതാഗത വകുപ്പ്‌ നേരത്തെ തയാറാക്കിയ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ്‌ നടപ്പാക്കുക. റെയില്‍വേ സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച്‌ തുടര്‍ച്ചയായ ബസ്‌ സര്‍വീസുമുണ്ടാകും. അബൂദബി സിറ്റിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മെട്രോ സര്‍വീസിന്‌ പുറമെ സിറ്റി കേന്ദ്രീകരിച്ച്‌ രണ്ട്‌ ട്രാം സര്‍വീസുകളുമുണ്ടാകും.
ഇപ്പോഴത്തെ പദ്ധതി പ്രകാരം 2020ല്‍ മെട്രോയുടെ ആദ്യ ഘട്ടം പ്രവര്‍ത്തനസജ്ജമാകും. അതിനു മുമ്പ്‌ തന്നെ, 2018ല്‍ ട്രാം സര്‍വീസ്‌ വരും. മെട്രോ ലൈനിന്‍െറ നീളം 131 കിലോമീറ്ററും ട്രാം ലൈന്‍ ആദ്യ ഘട്ടത്തില്‍ 40 കിലോമീറ്ററുമാണ്‌.

2020ല്‍ 18 കിലോമീറ്ററിലാണ്‌ മെട്രോ സര്‍വീസ്‌ തുടങ്ങുക. അബൂദബി ബസ്‌ സ്‌റ്റേഷന്‍, അല്‍ വഹ്‌ദ മാള്‍, വടക്കന്‍ ദ്വീപ്‌, അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍റര്‍, സായിദ്‌ സ്‌പോര്‍ട്‌സ്‌ സിറ്റി എന്നിങ്ങനെയാണ്‌ ആദ്യ ഘട്ടത്തിലെ റൂട്ട്‌. അല്‍ സആദ സ്‌ട്രീറ്റ്‌ മുതല്‍ കോര്‍ണിഷ്‌ വരെ, റീം, ലുലു, സൗഹ എന്നീ ദ്വീപുകള്‍ ഉള്‍പ്പെടുന്ന ഭാഗമാണ്‌ വടക്കന്‍ ദ്വീപ്‌ മേഖല. ഓരോ സ്‌റ്റേഷനും ഇടയില്‍ ട്രെയിനിന്‍െറ വേഗത മണിക്കൂറില്‍ 80 മുതല്‍ 100 വരെ കിലോമീറ്ററായിരിക്കും. എന്നാല്‍, സ്‌റ്റേഷനില്‍ നിര്‍ത്തുന്ന സമയം കൂടി കണക്കിലെടുത്താല്‍ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായിരിക്കും.
ആദ്യ ഘട്ടത്തില്‍ 40 കിലോമീറ്റര്‍ നീളമുള്ള ട്രാം സര്‍വീസ്‌ രണ്ട്‌ ലൈനുകളിലാണ്‌. ആദ്യ ലൈന്‍ മറീന മാളില്‍നിന്ന്‌ തുടങ്ങി ഇലക്ട്ര സ്‌ട്രീറ്റ്‌, സൗഹ ദ്വീപ്‌ വഴി റീം ദ്വീപിലേക്കായിരിക്കും. ഈദ്‌ ഗ്രൗണ്ട്‌ മുതല്‍ ബസ്‌ സ്‌റ്റേഷന്‍, കോര്‍ണിഷ്‌ റോഡ്‌, സലാം സ്‌ട്രീറ്റ്‌, സാദിയാത്ത്‌ ദ്വീപ്‌ വരെയാണ്‌ രണ്ടാമത്തെ ലൈന്‍. സ്‌റ്റേഷനുകളില്‍ നിര്‍ത്തുന്ന സമയം ഉള്‍പ്പെടെ മണിക്കൂറില്‍ 20 കിലോമീറ്ററാണ്‌ വേഗത. 2018ല്‍ ട്രാം സര്‍വീസ്‌ തുടങ്ങാനാണ്‌ പദ്ധതി. ഓരോ സ്‌റ്റേഷനിലും ഒരേ സമയം 1,000 യാത്രക്കാര്‍ക്ക്‌ സൗകര്യമുണ്ടാകും. രണ്ട്‌ ബോഗിയുള്ള 15 ട്രാമുകളാണ്‌ സര്‍വീസ്‌ നടത്തുക. അഞ്ച്‌ മിനിറ്റാണ്‌ ട്രാമുകള്‍ തമ്മിലെ ഇടവേള.

2016 ആകുമ്പോഴേക്കും അബൂദബിയില്‍ സര്‍ക്കുലര്‍ ബസ്‌ റാപിഡ്‌ ട്രാന്‍സിറ്റ്‌ (ബി.ആര്‍.ടി) നിലവില്‍ വരും. സൗഹ ദ്വീപ്‌, സെന്‍ട്രല്‍ മാര്‍ക്കറ്റ്‌, കള്‍ച്ചറല്‍ ഫൗണ്ടേഷന്‍, അബൂദബി മുനിസിപ്പാലിറ്റി എന്നിങ്ങനെയാണ്‌ റൂട്ട്‌. ബസ്‌ സര്‍വീസിന്‌ പ്രത്യേക ട്രാക്കുണ്ടാകും.

സാദിയാത്ത്‌ ദ്വീപ്‌, റീം ദ്വീപ്‌, സൗഹ ദ്വീപ്‌, സെന്‍ട്രല്‍ മാര്‍ക്കറ്റ്‌, അല്‍ വഹ്‌ദ മാള്‍, മെയിന്‍ ബസ്‌ സ്‌റ്റേഷന്‍, കള്‍ച്ചറല്‍ ഫൗണ്ടേഷന്‍, മുശ്രിഫ്‌ മാള്‍, അല്‍ ജസീറ ക്‌ളബ്‌, സായിദ്‌ സ്‌പോര്‍ട്‌സ്‌ സിറ്റി എന്നിവ പുതിയ ഗതാഗത സംവിധാനത്തിലൂടെ ബന്ധിപ്പിക്കും. നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം സായിദ്‌ സിറ്റി, അബൂദബി വിമാനത്താവളം എന്നിവക്ക്‌ പുറമെ ശംകയിലേക്കും മെട്രോ ലൈനുണ്ടായിരുന്നു. അതുപോലെ ഖലീഫ സിറ്റി, മസ്‌ദര്‍, അല്‍ റീഫ്‌, യാസ്‌ ദ്വീപ്‌ എന്നിവക്ക്‌ പുറമെ വിമാനത്താവളത്തെയും ബന്ധിപ്പിച്ചാണ്‌ നേരത്തെ ട്രാം സര്‍വീസ്‌ റൂട്ട്‌ തയാറാക്കിയത്‌. പുതിയ റൂട്ടില്‍ ഇവയില്ലെന്നാണ്‌ സൂചന. 2030 ആകുമ്പോഴേക്കും പൊതുഗതാഗത സംവിധാനം പ്രതിദിനം 8,23,000 യാത്രക്കാര്‍ പ്രയോജനപ്പെടുത്തുമെന്നാണ്‌ പ്രതീക്ഷ. പ്രതിദിനം നാല്‌ ലക്ഷം റോഡ്‌ ട്രിപ്പുകളും 1,05,000 കാര്‍ ട്രിപ്പുകളും വടക്കന്‍ ദ്വീപില്‍നിന്ന്‌ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.
2015 ആകുമ്പോഴേക്കും ഗതാഗതക്കുരുക്ക്‌ കാരണമുള്ള സമയ നഷ്ടത്തിന്‍െറ മൂല്യം കണക്കാക്കിയത്‌ 2.5 ബില്യന്‍ ദിര്‍ഹമാണ്‌. 2030ല്‍ 5.9 ബില്യനും. പൊതുഗതാഗത സംവിധാനം ശക്തിപ്പെട്ടാല്‍ പ്രതിവര്‍ഷം 23,000 അപകടങ്ങള്‍ ഇല്ലാതാക്കാമെന്നും ഗതാഗത വകുപ്പിന്‍െറ പഠന റിപ്പോര്‍ട്ട്‌ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക