Image

ഇറാനെതിരേയുള്ള നടപടിക്ക്‌ ഖത്തറിന്റെ മണ്ണ്‌ വിട്ടുകൊടുക്കില്ല: ഖത്തര്‍ പ്രധാനമന്ത്രി

Published on 29 March, 2012
ഇറാനെതിരേയുള്ള നടപടിക്ക്‌ ഖത്തറിന്റെ മണ്ണ്‌ വിട്ടുകൊടുക്കില്ല: ഖത്തര്‍ പ്രധാനമന്ത്രി
ദോഹ: ഇറാനെതിരെ ശത്രുതാപരമായ ഒരു പ്രവര്‍ത്തനത്തിനും ഖത്തറിന്റെ മണ്ണ്‌ ഒരിക്കലും അനുവദിക്കില്ലെന്ന്‌ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്‌ ഹമദ്‌ ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി വ്യക്തമാക്കി. ഇറാനെതിരായ സൈനിക നടപടിയെ ഖത്തര്‍ എതിര്‍ക്കുന്നു. അതുകൊണ്ടുതന്നെ ഖത്തറിലെ അല്‍ഉദൈദ്‌ അമേരിക്കന്‍ സൈനിക ക്യാമ്പ്‌ ഇറാനെതിരെ ഉപയോഗപ്പെടുത്തുന്നത്‌ ഒട്ടും സ്വീകാര്യമല്ല. ഖത്തറിന്റെഈ നിലപാട്‌ ഇറാനും അമേരിക്കക്കും അറിയാവുന്നതാണ്‌. അതേസമയം, ഇരുപക്ഷവും പരസ്‌പരം പ്രകോപനമുണ്ടാക്കുന്നതില്‍ നിന്ന്‌ വിട്ടുനില്‍ക്കണമെന്നും സിറിയന്‍ വിഷയത്തിലും മറ്റും അഭിപ്രായാന്തരങ്ങളുണ്ടെങ്കിലും ഇറാനുമായി മികച്ച ബന്ധമാണ്‌ ഗള്‍ഫ്‌ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അല്‍ജസീറ ചാനല്‍ ഇന്നലെ രാത്രി സംപ്രേഷണം ചെയ്‌ത `അതിരുകളില്ലാതെ' അഭിമുഖപരിപാടിയില്‍ പ്രധാനമന്ത്രി വിശദീകരിച്ചു.

അമേരിക്കയുമായി ഖത്തറിന്‌ മികച്ച ബന്ധമാണുള്ളത്‌. ഖത്തറില്‍ സൈനിക ക്യാമ്പ്‌ അനുവദിച്ചത്‌ പരസ്‌പര ധാരണപ്രകാരമാണ്‌. കൃത്യമായി കരാര്‍ പുതുക്കുകയും ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നുണ്ട്‌.

രാഷ്ട്ര താല്‍പര്യം മുന്‍നിര്‍ത്തി ഏത്‌ രാജ്യവുമായും, പരസ്‌പരം എതിര്‍ചേരിയില്‍ നില്‍ക്കുന്ന രാജ്യങ്ങളുമായും ഒരേ സമയം മികച്ച ബന്ധം സ്ഥാപിക്കുക, എല്ലാവരുമായും ബന്ധം നിലനിര്‍ത്തുക, ചര്‍ച്ചകള്‍ നടത്തുക എന്നതാണ്‌ ഖത്തറിന്റെനയമെന്ന്‌, പിശാചുക്കളുമായും മാലാഖമാരുമായും ഒരേസമയം ബന്ധം നിലനിര്‍ത്തുന്നതില്‍ വൈരുധ്യമില്ലേ എന്ന ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്‌ നല്‍കുന്ന പിന്തുണ അടക്കമുള്ള വിവിധ വിഷയങ്ങളില്‍ അമേരിക്കയോട്‌ ഖത്തറിന്‌ എതിര്‍പ്പുണ്ട്‌. അത്തരം വിഷയങ്ങള്‍ പരസ്‌പരം ചര്‍ച്ച ചെയ്യാറില്ല. അല്‍ജസീറയെ നിലനിര്‍ത്തുന്നതടക്കമുള്ള വിഷയങ്ങളില്‍ അമേരിക്കക്ക്‌ ഖത്തറിനോടും എതിര്‍പ്പുണ്ട്‌.

ഇസ്രായേലുമായി ഖത്തറിനുള്ള ബന്ധം സമാധാനമോ യുദ്ധമോ അല്ല. ഇസ്രായേലുമായുള്ള ബാന്ധവത്തെകുറിച്ച പെരുപ്പിച്ച മാധ്യമപ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. അറബ്‌ ലീഗിന്റെതീരുമാനങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ സിറിയയില്‍ രാഷ്ട്രീയ പരിഹാരം ഇനിയും സാധ്യമാണ്‌. കൊലപാതകങ്ങള്‍ അവസാനിപ്പിക്കുക, ജനങ്ങള്‍ക്ക്‌ അന്താരാഷ്ട്ര സഹായമെത്തിക്കാന്‍ സൗകര്യമൊരുക്കുക, നിരീക്ഷകരെ അനുവദിക്കുക, മാധ്യമങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ വ്യവസ്ഥകള്‍ അംഗീകരിക്കുകയാണ്‌ ആദ്യം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക