Image

ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിക്കുന്നു

Published on 29 July, 2018
ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിക്കുന്നു
ന്യൂജേഴ്സി: മാധ്യമപ്രവര്‍ത്തന വിദ്യാര്‍ഥികള്‍ക്ക് ലോകനിലവാരത്തിലുള്ള പരിശീലനം നല്‍കുന്നതിനായി അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പരിശീലന പരിപാടിയായ സ്റ്റെപ്പിലേക്ക് (STEP- Socially & Technically Educated Press) കേരളത്തില്‍ നിന്ന് അഞ്ചു വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തു.

ചിപ്പി രാജ് കെ.ആര്‍, സുജു ടി ബാബു, സൗമ്യ ആര്‍.കെ, നീതു റോയ്, അജ്ന അസീസ് എന്നീ ജേര്‍ണലിസം വിദ്യാര്‍ത്ഥികളെയാണ് വിവിധ തലങ്ങളിലുള്ള പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷം തിരഞ്ഞെടുത്തത്.

ഇവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനത്തിനു സഹായം നല്‍കുന്നതോടൊപ്പം പഠനത്തിനായി സ്‌കോളര്‍ഷിപ്പും നല്‍കും. പദ്ധതിയുടെ നടത്തിപ്പിന് പ്രസ് ക്ലബിന്റെ എക്സിക്യൂട്ടിവ് യോഗം അംഗീകാരം നല്‍കി .

മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മികതയും മാനുഷിക മൂല്യവും നഷ്ടപ്പെടുത്താതെ ഉത്തരവാദിത്വ മാധ്യമപ്രവര്‍ത്തനത്തിനു വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതികൊണ്ട് ഇന്ത്യ പ്രസ് ക്ലബ്
ഉദ്ദേശിക്കുന്നത് . അതോടൊപ്പം ലോകോത്തര നിലവാരത്തിലുള്ള മാധ്യമപ്രവര്‍ത്തനരീതികള്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് അനുഭവിച്ചറിയുന്നതിനും പദ്ധതി സംവിധാനമൊരുക്കുന്നു.

കഴിഞ്ഞ ജനുവരി ഏഴിനു കൊല്ലത്ത് ആഗോള മാധ്യമ സമ്മേളന വേദിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് സ്റ്റെപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എഴുത്തു പരീക്ഷയെ തുടര്‍ന്ന് രണ്ടു ഘട്ടങ്ങളിലായി നടന്ന അഭിമുഖത്തിനു ശേഷമാണ് വിദ്യാര്‍ഥികളെ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്.

ആദ്യഘട്ട അഭിമുഖത്തില്‍ ഡോ:എം.വി പിള്ള, മാധ്യമ പ്രവര്‍ത്തകരായ ജെ ഗോപീകൃഷ്ണന്‍, അനില്‍ അടൂര്‍ എന്നിവരായിരുന്നു പരിശോധകര്‍. രണ്ടാം ഘട്ടത്തില്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ (ഫ്ളവേഴ്സ് ), പി. വിജയന്‍ ഐപിഎസ് (ഐ.ജി), സന്തോഷ് ജോര്‍ജ്ജ് (മനോരമ ഓണ്‍ലൈന്‍) എന്നിവര്‍ നേതൃത്വം നല്‍കി.

കുട്ടികളും അവരുടെ രക്ഷിതാക്കളും ഇന്ത്യ പ്രസ് ക്ലബുമായി ധാരണാപത്രം ഒപ്പിടുന്നതോടെ ഒരു വര്‍ഷം നീണ്ട പരിശീലനത്തിനു തുടക്കമാകും.

പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളെ സംബന്ധിച്ച് ഇന്ത്യ പ്രസ് ക്ലബിന്റെ ബോര്‍ഡ് അംഗങ്ങളും എക്സിക്യൂട്ടിവും സംയുക്ത യോഗം ചേര്‍ന്നു ചര്‍ച്ചചെയ്തു.

ഇന്ത്യ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് റെജി ജോര്‍ജ്ജിന്റെ ചുമതലയില്‍ ജോര്‍ജ്ജ് ചെറയില്‍ കോര്‍ഡിനേറ്ററായ സമിതിയാണ് പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത്. 
ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക