Image

നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു

സുനില്‍ മഞ്ഞിനിക്കര (അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ Published on 30 July, 2018
നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു
ന്യൂയോര്‍ക്ക്: 'കലഹാരി റിസോര്‍ട്സ് & കണ്‍വന്‍ഷന്‍ സെന്റര്‍, പോക്കനോസ്, പെന്‍സില്‍വാനിയയില്‍ ജൂലൈ 25 മുതല്‍ 28 വരെ നടന്ന 32-ാമത് നടന്ന നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു.

വിശ്വാസ തീഷ്ണതയില്‍ അടിയുറച്ച ആത്മവിശുദ്ധിയുടേയും സഭാവിശ്വാസത്തിന്റേയും മഹത്വം വിളിച്ചോതി തികച്ചും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ട ഈ കുടുംബമേള പുതുമയാര്‍ന്ന ആശയങ്ങള്‍ കൊണ്ടും, ആത്മീയത നിറഞ്ഞുനിന്ന പ്രോഗ്രാമുകള്‍ കൊണ്ടും ഏറെ സമ്പന്നമായിരുന്നു. ആര്‍ച്ച് ബിഷപ്പും പാത്രിയര്‍ക്കല്‍ വികാരിയുമായ അഭി. യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മേല്‍നോട്ടവും സംഘാടകരുടെ മികച്ച ആസൂത്രണവും കുടുംബ മേളയുടെ വന്‍ വിജയത്തിന് കാരണമായി. അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സഭാംഗങ്ങള്‍ പങ്കെടുത്ത ജൂബിലി കണ്‍വന്‍ഷന് ശേഷം ഈ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ റജിസ്‌ട്രേഷന്‍ നടന്നിട്ടുള്ളത്.

കോണ്‍ഫറന്‍സിന്റെ ആദ്യ ദിനത്തില്‍ നടത്തിയ പ്രതിനിധി സമ്മേളനത്തില്‍ ഭദ്രാസനത്തിന്റെ അഭിവൃദ്ധിക്കും, വളര്‍ച്ചക്കും, സഭാംഗങ്ങളുടെ ക്ഷേമവും, പൊതുജന നന്മയും ലക്ഷ്യമാക്കി ആരംഭിക്കുവാനുദ്ദേശിക്കുന്ന വിവിധ പ്രവര്‍ത്തന പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. അന്ത്യോഖ്യാ സിംഹാസനത്തോടും, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയോടും, ശ്രേഷ്ഠ കാതോലിക്കാ ബാവായോടും, ഇടവക മെത്രാപ്പോലീത്തയോടും, മലങ്കരയിലെ എല്ലാ മെത്രാന്മാരോടുമുള്ള സ്‌നേഹവും, വിധേയത്വവും, കൂറും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന പ്രമേയം വെരി. റവ. ഗീവര്‍ഗീസ് സി തോമസ് കോര്‍ എപ്പിസ്‌ക്കോപ്പാ അവതരിപ്പിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനിയും അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തയും നിലവിളക്കു കൊളുത്തി കുടുംബമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ്ബ് സ്വാഗതവും ട്രഷറര്‍ ബോബി കുര്യാക്കോസ് നന്ദിയും രേഖപ്പെടുത്തി. അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നും വന്നെത്തിയ നൂറു കണക്കിന് വിശ്വാസികള്‍ നാല് ദിവസം നീണ്ടുനിന്ന കുടുംബ മേളയില്‍ പങ്കെടുത്തു.

ഭദ്രാസനകളിലെ വിവിധ വിഭാഗങ്ങളിലുള്ള അവാര്‍ഡ് ജേതാക്കളെ അഭി. യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭയിലെ സുവിശേഷ ധ്യാന ഗുരുവും പ്രാസംഗികനുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തയും പ്രശസ്ത സുവിശേഷ പ്രാസംഗികനും ദൃശ്യ മാധ്യമങ്ങളിലൂടെ ക്രിസ്തു സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്ന പ്രഗത്ഭ വാഗ്മിയും പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റുമായ വന്ദ്യ പാറേക്കര പൗലോസ് കോര്‍ എപ്പിസ്‌കോപ്പായും വിവിധ സമയങ്ങളിലായി നടക്കുന്ന ധ്യാന യോഗങ്ങള്‍ക്കും സുവിശേഷ പ്രസംഗങ്ങള്‍ക്കും നേതൃത്വം നല്‍കി. യുവജനങ്ങളെ അഭിസംബോധന ചെയ്യുവാന്‍ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രസിദ്ധ വാഗ്മി റവ. ഫാ. വാസ്‌ക്കന്‍ മോവ്സേഷ്യന്‍ പ്രത്യേക അതിഥിയായി എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഡയറക്ടര്‍ ഫാ ബെല്‍സണ്‍ കുര്യക്കോസിന്റെ നേതൃത്വത്തില്‍ നടന്ന സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വിബിഎസ് മികവുറ്റതും അടുത്ത തലമുറയെ വിശ്വാസതീഷ്ണരാക്കാനുള്ള ഒരുക്കത്തിന്റെ പൂര്‍ണ്ണതയുമായിരുന്നു.

'നിങ്ങള്‍ പൂര്‍ണ്ണ പ്രസാദത്തിന്നായി കര്‍ത്താവിനു യോഗ്യമാം വണ്ണം നടന്ന്, ആത്മീകമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനം കൊണ്ട് നിറഞ്ഞു വരേണമെന്നും, സകല സത്പ്രവര്‍ത്തിയിലും ഫലം കായ്ച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ വളരേണമെന്നും ...' (കൊലോസ്യന്‍സ് 1 :10) എന്ന സെമിനാറിന്റെ ചിന്താവിഷയത്തെ ആസ്പദമാക്കി, പ്രഗത്ഭ വാഗ്മിയും, പ്രശസ്ത സുവിശേഷ പ്രാസംഗികനുമായ വെരി റവ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പാ മുഖ്യ പ്രഭാഷണം നടത്തി.

കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും കമനീയത നിലനിര്‍ത്തി, മികവുറ്റ രചനകള്‍, സഭാ ചരിത്ര വിവരങ്ങള്‍, വര്‍ണ്ണ ചിത്രങ്ങള്‍ തുടങ്ങി വിവിധയിനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ 'മലങ്കര ദീപം 2018 ' ന്റെ പ്രകാശന കര്‍മ്മവും നടത്തപ്പെട്ടു. മലങ്കര ദീപത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരോടുള്ള നന്ദി ചീഫ് എഡിറ്റര്‍ സിമി ജോസഫ് അറിയിച്ചു.

കൊടി, വര്‍ണ്ണക്കുട, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെ, ചെണ്ട വാദ്യ മേളങ്ങളുടെ താളക്കൊഴുപ്പോടെ, അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരുടേയും വന്ദ്യ വൈദീകരുടേയും, കൗണ്‍സില്‍ അംഗങ്ങളുടേയും നേതൃത്വത്തില്‍, കുട്ടികളും യുവജനങ്ങളും, സ്തീപുരുഷന്മാരും ഒരുമിച്ച് അണിനിരന്ന്, അടുക്കും ചിട്ടയുമായി നടത്തിയ വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്ര അവിസ്മരണീയമായി.

കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ടയനുസരിച്ച് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം പ്രോഗ്രാമുകള്‍, ധ്യാന യോഗങ്ങള്‍, സെമിനാറുകള്‍, യാമപ്രാര്‍ത്ഥനകള്‍, ചര്‍ച്ചാ വേദികള്‍, വിവിധങ്ങളായ കലാപരിപാടികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് ക്രമീകരിച്ച ഈ കുടുംബ സംഗമത്തിന് ശനിയാഴ്ച വി. കുര്‍ബ്ബാനയോടെ സമാപനമായി.
നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു
നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു
നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു
നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു
നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു
നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക