Image

രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍; ഇനി ലക്ഷ്യം പുനരധിവാസം: മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 19 August, 2018
രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍; ഇനി ലക്ഷ്യം പുനരധിവാസം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 5645 ക്യാമ്പുകളിലായി 7,24,649 പേരുണ്ടെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദുരന്തഘട്ടത്തില്‍ പരമാവധി ജീവനുകള്‍ രക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. അതില്‍ വിജയം വരിച്ചു. ഇനിയുള്ളത് ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നതാണ്. അതിനാണ് അടുത്ത ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്യാമ്പുകളില്‍ പ്രാദേശിക സഹകരണം നല്ലരീതിയില്‍ ഉറപ്പാക്കണം. ക്യാമ്പുകളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് കുടിവെള്ളം വൈദ്യുതി എന്നിവ ഉറപ്പുവരുത്തും. ശുദ്ധജലം ഉറപ്പാക്കുന്നതിന് മലിനീകരിക്കപ്പെട്ട ജലസ്രോതസുകള്‍ പൂര്‍ണമായി ശുദ്ധീകരിക്കും. അതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വീടുകളിലെ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
പ്രളയക്കെടുതി അനുഭവിക്കുന്ന പഞ്ചായത്തുകളില്‍ ഒരു പഞ്ചായത്തില്‍ ആറ് വീതം ഹെല്‍ത്ത് ഇസ്‌പെക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചു. മാലിന്യവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി പ്രോട്ടോകോള്‍ ഉണ്ടാക്കും. വീടുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിക്കും. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ രോഗം പിടിപെടാന്‍ സാധ്യതയുള്ളവര്‍ക്ക് ചികിത്സ നല്‍കും. ഇതിനായി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളേയും പങ്കാളികളാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഇന്ന് മാത്രം 22,000 പേരെ രക്ഷപെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. പണം സംഭാവന നല്‍കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് മാത്രമേ പണം നല്‍കാവൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. ഇനി ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരിക എന്നതാണ് അടുത്ത ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ വനിതാ പോലീസിനെ നിയമിക്കും. സാഹചര്യം മുതലെടുത്ത് വില കൂട്ടി സാധനങ്ങള്‍ വിറ്റവര്‍ക്കും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും വിവിധ സേനാ വിഭാഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനത്തിന് പുറമെ ഓരോ ബോട്ടിനും ദിവസം 3000 രൂപ വീതവും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പുതിയവ ഉടന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യൂണിഫോമും സര്‍ക്കാര്‍ നല്‍കും. തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടികളും ഉടന്‍ ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക