Image

ക്ഷമാപണം (കവിത: റോബിന്‍ കൈതപ്പറമ്പ്)

Published on 19 August, 2018
ക്ഷമാപണം (കവിത: റോബിന്‍ കൈതപ്പറമ്പ്)
ഓണമില്ലിക്കൊല്ലം ഓണമില്ല
കേരളക്കരയില്‍ ഓണമില്ല
മഴക്കാലക്കെടുതിയില്‍ വീണുടഞ്ഞ്
മലയാളനാടിങ്ങുഴറിടുംബോള്‍
അത്തമിടുവാനും ഓണമൊരുങ്ങാനും
ആവതില്ലാര്‍ക്കുമിവിടെ ഓണമില്ല

മഴവെള്ളക്കെടുതിയും ഉരുള്‍പൊട്ടലും
കരകവിഞ്ഞൊഴുകുന്ന അരുവിയും പുഴകളും
നിനച്ചിരിക്കാത്ത നേരത്തു ഭവനത്തില്‍
അതിഥിയായ് എത്തുന്ന ഉറവകളും ....

ഒരു മണ്‍ വിളക്കിന്റെ ഇത്തിരി വെട്ടത്തിന്‍
അരുമക്കിടാങ്ങളെ മാറോട് ചേര്‍ത്തമ്മ
നെഞ്ചകം പൊട്ടി നിലവിളിക്കുന്നു......തന്‍
പിഞ്ചു കിടാങ്ങള്‍ തന്‍ പശിയകറ്റീടുവാന്‍

വെട്ടിപ്പിടിച്ചതും, സ്വരുകൂട്ടി വെച്ചതും
ഉണ്ണാതുടുക്കാതെ ചേര്‍ത്തങ്ങ് വെച്ചതും
നാളേക്കെന്നോര്‍ത്ത് പിടിച്ചിന്നേ വെച്ചതും
ഓര്‍മ്മയായീടുന്നു ഒഴുകിമറയുന്നു.

പ്രകൃതിതന്‍ താടനം താങ്ങുവാനാകാതെ
വിറങ്ങലിച്ചീടുന്നു മാനവകുലങ്ങള്‍....
എങ്ങും നിലവിളികള്‍... ദീര്‍ഘനിശ്വാസങ്ങള്‍
നൊടിയിലായ് എങ്ങോ മറഞ്ഞുപോയ് സാന്ത്വനം

ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം
എവിടെയും നന്മതന്‍ കിരണങ്ങള്‍ നിറയുന്ന
ഒരു മനമോടെ വാണൊരാ കേരളം .....
ഓര്‍മ്മയായ് മാറുമെന്നെപ്പൊഴോ തോന്നവെ

അരുമയായ് പോറ്റിയ മക്കള്‍ മേല്‍ ഭൂമി തന്‍
കോപക്കനലുകള്‍ വീശിയടിക്കുന്നു ....
ഇനിയും ക്ഷമിക്കുവാനാവില്ലെനിക്കെന്ന്
മൂകപ്രക്രിതികള്‍ അട്ടഹസിക്കുന്നു .....

അമ്മേ പൊറുക്കു നിന്‍ മക്കളിന്‍ മേല്‍
ഞങ്ങള്‍ ചെയ്തതൊരാ തെറ്റുകള്‍ ഓര്‍ക്കരുതെ.....
അതിനാല്‍ ഓണമില്ലിക്കൊല്ലം ഓണമില്ല....
മാവേലി മന്നാ നീ വരികവേണ്ട .........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക