Image

കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ചെറുവിമാനങ്ങളുടെ സര്‍വീസ് തുടങ്ങി

Published on 20 August, 2018
കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ചെറുവിമാനങ്ങളുടെ സര്‍വീസ് തുടങ്ങി
 പ്രളയക്കെടുതിയില്‍ നെടുമ്ബാശേരി വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ചെറുവിമാനങ്ങളുടെ സര്‍വീസ് തുടങ്ങി. 19 കൊല്ലത്തിനു ശേഷമാണ് വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുമായി ആഭ്യന്തര സര്‍വീസ് നടക്കുന്നത്. എയര്‍ ഇന്ത്യയുടെ അലയന്‍സ് എയറിന്റെ എടിആര്‍ വിമാനമാണ് തിങ്കളാഴ്ച രാവിലെ 7.20നു ബംഗളൂരുവില്‍ നിന്നു യാത്രക്കാരുമായി സേനാ വിമാനത്താവളത്തിലെത്തിയത്.

നെടുമ്ബാശേരി വിമാനത്താവളം 26 വരെ അടച്ചതോടെയാണ് നാവിക സേനാ വിമാനത്താവളത്തില്‍നിന്നും യാത്രക്കാരുമായി വിമാന സര്‍വീസ് നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയത്. ബംഗളരു കൂടാതെ കോയമ്ബത്തൂരിലേക്കും സര്‍വീസുണ്ടാകും. തിങ്കളാഴ്ച രാവിലെ 8.10ന് കൊച്ചിയില്‍ നിന്നും യാത്രക്കാരുമായി ബംഗളൂരുവിലേക്ക് മടങ്ങി. 

കോയമ്ബത്തൂരിലേക്കും ബംഗളൂരുവിലേക്കും തിങ്കളാഴ്ച മൂന്നു സര്‍വീസുകള്‍ നടത്തി. വൈകിട്ടായിരുന്നു കൊച്ചി കോയമ്ബത്തൂര്‍ ഫ്‌ളൈറ്റ്. ചൊവ്വാഴ്ച മുതല്‍ നാലു സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. കൂടാതെ ഇന്‍ഡിഗോയുടെ സര്‍വീസും ചൊവ്വാഴ്ച തുടങ്ങും. ജെറ്റ് എയര്‍വെയ്‌സും സര്‍വീസ് ആരംഭിക്കും. എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ, സിഐഎസ്‌എഫ്, എയര്‍ ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലാണ് യാത്ര സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

1999 ജൂണ്‍ 10ന് നെടുമ്ബാശേരിയില്‍ നിന്നും വിമാന സര്‍വീസ് ആരംഭിച്ചതോടെയാണ് വെല്ലിങ്ടണ്‍ ഐലന്റിലെ നാവിക സേനയുടെ വിമാനത്താവളത്തില്‍ നിന്നും യാത്രാ വിമാനങ്ങള്‍ പറക്കാതായത്. ദമാമില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനമാണ് നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമായി ഇറങ്ങിയത്. 26ന് ശേഷം വിമാനമിറങ്ങാന്‍ സജ്ജമായാല്‍ നെടുമ്ബാശേരിയില്‍ നിന്നും വീണ്ടും വിമാനങ്ങള്‍ സര്‍വീസ് നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക