Image

സഹായങ്ങള്‍ക്ക് വന്‍ നികുതി ഈടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തുക : നവയുഗം

Published on 20 August, 2018
സഹായങ്ങള്‍ക്ക് വന്‍ നികുതി ഈടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തുക : നവയുഗം
കേരളത്തില്‍ സര്‍വ്വനാശം വിതച്ച പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് ദുരിതാശ്വാസ സഹായമായി വിദേശമലയാളികളും സംഘടനകളും അയയ്ക്കുന്ന സാധനങ്ങള്‍ക്ക് വന്‍തുക നികുതിയായി അടിച്ചെല്‍പ്പിയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അടിയന്തരമായി തിരുത്തണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

വിദേശരാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ അയക്കുന്ന ദുരിതാശ്വാസ സഹായങ്ങള്‍ക്ക് വന്‍ നികുതി ഒടുക്കേണ്ടി വരുന്നതിനാല്‍, വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. പ്രത്യേകിച്ചും സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ സ്വരൂപിച്ച് നാട്ടിലേക്ക് അയക്കുന്ന ലോഡ് കണക്കിന് സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്. അല്ലെങ്കില്‍ വന്‍ നികുതി അടക്കേണ്ട അവസ്ഥയാണ്.

നേരത്തെ കശ്മീരിലും ബീഹാറിലും വലിയ പ്രളയങ്ങള്‍ ഉണ്ടായ സമയത്ത് കേന്ദ്രം പ്രത്യേക ഉത്തരവുകള്‍ ഇറക്കി ഇവിടങ്ങളിലേക്ക് സാധനങ്ങള്‍ അയക്കാന്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. അത്തരത്തില്‍ ഒരു ഇളവും കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തിനായി നല്‍കിയിട്ടില്ല. ഇത് കേരളത്തോടുള്ള അവഗണനയാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന ടണ്‍ കണക്കിന് ദുരിതാശ്വാസ വസ്തുക്കള്‍ വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. കേരളത്തിലേക്ക് ദുരിതാശ്വാസ വസ്തുക്കള്‍ അയക്കുന്ന നിരവധി പേരാണ് കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍ കഴിയാത്തതിലെ നിസഹായവസ്ഥയിലുള്ളത്. നാല് ദിവസം മുമ്പ് ഇത് സംബന്ധിച്ചുള്ള പ്രത്യേക കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിലേക്ക് പോയിരുന്നു. എന്നാല്‍ നാല് ദിവസമായിട്ടും ഒരു തരത്തിലുള്ള മറുപടിയും ഈ കത്തിന് ലഭിച്ചിട്ടില്ല.

ഇക്കാര്യത്തില്‍ കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെ, എല്ലാ പ്രവാസി സംഘടനകളും, മലയാളികളും പ്രതിഷേധം ഉയര്‍ത്തനമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക