Image

ഇറാനില്‍നിന്നുള്ള എണ്ണ: അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി

Published on 31 March, 2012
ഇറാനില്‍നിന്നുള്ള എണ്ണ: അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി
ഇറാനെതിരായ നടപടികളുടെ ഭാഗമായി അവിടെ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്കു മേലും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാനില്‍നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങുന്ന ഇന്ത്യയെയും ചൈനയെയും ഈ നടപടി ഗുരുതരമായി ബാധിക്കും.

ഇറാനെ ആശ്രയിക്കാതെതന്നെ ലോകവിപണിയില്‍ ആവശ്യത്തിന് എണ്ണ ലഭ്യമാണെന്ന് ഉപരോധം അംഗീകരിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ യു.എസ്. പ്രസിഡന്‍റ് ഒബാമ പറഞ്ഞു. ഉപരോധം വകവെക്കാതെ ഇറാനുമായി സഹകരിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്.

പാശ്ചാത്യരാജ്യങ്ങളെ ധിക്കരിച്ച് ആണവപരിപാടികളുമായി മുന്നോട്ടുപോവുന്ന ഇറാന്റെ വരുമാനമാര്‍ഗം ഉപരോധത്തിലൂടെ കൊട്ടിയടച്ച് ശ്വാസംമുട്ടിക്കാനാണ് അമേരിക്കയുടെ നീക്കം. ഇന്ത്യയെയും ചൈനയെയുംപോലുള്ള രാജ്യങ്ങള്‍ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നതുകൊണ്ട് അമേരിക്കയുടെ ഉപരോധനടപടികള്‍ വേണ്ടത്ര ഫലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്കുമേലും ഉപരോധമേര്‍പ്പെടുത്തുന്നത്.

ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണമെന്ന് അമേരിക്ക ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കെതിരെ നടപടിക്ക് അമേരിക്ക ഒരുങ്ങുന്നതായി വാര്‍ത്തയും വന്നിരുന്നു. പിന്നീടിക്കാര്യം യു.എസ്. അധികൃതര്‍ നിഷേധിച്ചെങ്കിലും ഫലത്തില്‍ ഇന്ത്യയുമിപ്പോള്‍ ഉപരോധഭീഷണിയുടെ നിഴലിലാണ്.
പാശ്ചാത്യ ധനകാര്യസ്ഥാപനങ്ങള്‍ ഇറാനുമായി പണമിടപാട് നടത്താന്‍ തയ്യാറാകാത്തതുകൊണ്ട് ഇപ്പോള്‍ത്തന്നെ എണ്ണയുടെ വില നല്‍കാന്‍ ഇന്ത്യ പ്രയാസപ്പെടുന്നുണ്ട്. എണ്ണയ്ക്കുപകരം ഗോതമ്പും മറ്റു ഭക്ഷ്യധാന്യങ്ങളും ഇറാന് കൈമാറിയാണ് ഇന്ത്യയും ചൈനയുമെല്ലാം ഈ പ്രതിസന്ധി മറികടക്കുന്നത്.
ഇറാനില്‍നിന്നുള്ള എണ്ണ തടയുന്നതോടെ ലോകവിപണിയില്‍ വിലകുതിച്ചുയരുമെന്ന ആശങ്ക അമേരിക്ക തള്ളി. ഈ പ്രതിസന്ധി നേരിടാന്‍ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ലിന്‍റണ്‍ സൗദി അറേബ്യയുമായി ചര്‍ച്ചനടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക