Image

പ്രളയകാലത്തെ ജര്‍മ്മന്‍ യാത്ര; മന്ത്രി കെ.രാജു തിരിച്ചെത്തി, പോയത് പാര്‍ട്ടി അറിവോടെയെന്ന് മന്ത്രി; മന്ത്രിയുടെ വീഴ്ച കഴിഞ്ഞ പ്രളയകാലത്തും

Published on 20 August, 2018
പ്രളയകാലത്തെ ജര്‍മ്മന്‍ യാത്ര; മന്ത്രി കെ.രാജു തിരിച്ചെത്തി, പോയത് പാര്‍ട്ടി അറിവോടെയെന്ന് മന്ത്രി; മന്ത്രിയുടെ വീഴ്ച കഴിഞ്ഞ പ്രളയകാലത്തും
തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ ജര്‍മ്മന്‍ സന്ദര്‍ശനത്തിന് പോയ മന്ത്രി കെ. രാജു തിരിച്ചെത്തി. യാത്ര പാര്‍ട്ടിയുടെ അനുമതിയോടെ ആയിരുന്നുവെന്ന് കെ. രാജു പറഞ്ഞു. യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരേയും അറിയിച്ചിരുന്നു. നിയമപരമായ അനുമതിയും വാങ്ങിയിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കെ. രാജു പറഞ്ഞു. താന്‍ പോകുമ്പോള്‍ സ്ഥിതിഗതികള്‍ രൂക്ഷമായിരുന്നില്ലെന്നും തിരിച്ചെത്തിയ ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പ്രളയക്കെടുതി രൂക്ഷമായിരിക്കെ കോട്ടയം ജില്ലയുടെ ചുമതല ഉണ്ടായിരുന്ന കെ. രാജു വിദേശ പര്യടനത്തിന് പോയത് വന്‍ വിവാദമായിരുന്നു. ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല കെ. രാജുവിനായിരുന്നു. കോട്ടയത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കെയാണ് കെ. രാജു ജര്‍മ്മനിയിലേക്ക് പോയത്. സംഭവം വിവാനമായതോടെ പാര്‍ട്ടി ഇടപെട്ട് മന്ത്രിയെ തിരികെ വിളിച്ചിരുന്നു. എന്നാല്‍ വിമാന ടിക്കറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും മടക്കയാത്ര വൈകിപ്പിക്കുകയായിരുന്നു. 

കെ. രാജുവിന്റെ ജര്‍മ്മന്‍ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാജുവിന്റെ യാത്ര ശരിയായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. അടുത്ത മാസം ചേരാനിരിക്കുന്ന സി.പി.ഐ സംസ്ഥാന നേതൃയോഗത്തില്‍ വിവാദം ചര്‍ച്ചയായേക്കും. സംസ്ഥാന കൗണ്‍സിലിലും വിവാദം ചര്‍ച്ച ചെയ്യും. 

കഴിഞ്ഞ പ്രളയ കാലത്തും മന്ത്രി കെ. രാജു ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വൈകിയിരുന്നു. മന്ത്രിയുടെ അലംഭാവം വാര്‍ത്തയായതോടെ ഒറ്റ ദിവസത്തെ അവലോകന യോഗവും സന്ദര്‍ശനവും നടത്തി മന്ത്രി മടങ്ങി. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ സന്ദര്‍ശന വേളയിലും കെ. രാജു ജില്ലയില്‍ എത്തിയിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക