Image

ഭക്ഷ്യവസ്തുക്കള്‍ സിപിഎം പാര്‍ട്ടി ഓഫീസിലെത്തിക്കാന്‍ ശ്രമം; ദുരിതാശ്വാസ ക്യാമ്പില്‍ സംഘര്‍ഷം

Published on 20 August, 2018
ഭക്ഷ്യവസ്തുക്കള്‍ സിപിഎം പാര്‍ട്ടി ഓഫീസിലെത്തിക്കാന്‍ ശ്രമം; ദുരിതാശ്വാസ ക്യാമ്പില്‍ സംഘര്‍ഷം

കൊച്ചി: വൈപ്പിന്‍ നായരമ്പലത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്ന ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസിന്റെ ശ്രമം സംഘര്‍ഷാവസ്ഥയുണ്ടാക്കി. നായരമ്പലം ഭഗവതീവിലാസം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 

നാലായിരത്തോളം പേര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പാണിത്. ക്യാമ്പിലേക്കെത്തിയ സാധനങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ ഉല്ലാസും ഒരു സംഘമാളുകളും ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞതോടെയാണ് വലിയ തോതിലുള്ള സംഘര്‍ഷാവസ്ഥയുണ്ടായത്. സിപിഎമ്മുകാര്‍ വേണ്ടപ്പെട്ടവരോട് വിവേചനം കാണിക്കുകയാണെന്നാണ് ക്യാമ്പില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. പ്രദേശവാസികളും മറ്റിടങ്ങളില്‍ നിന്ന് എത്തിയവരും ക്യാമ്പില്‍ ഉണ്ടായിരുന്നു.

സംഘര്‍ഷാവസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് പോലീസെത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. ഇതോടെ വസ്തുക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച് വിതരണം ചെയ്യാമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, ഉല്ലാസും സംഘവും ഇതിനനുവദിച്ചില്ല. ഉല്ലാസ് പോലീസുദ്യോഗസ്ഥന്റെ തലയില്‍ ചാക്കെടുത്ത് വെക്കാന്‍ ശ്രമിക്കുന്നത് ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നാണ് ഉല്ലാസിന്റെ വാദം. സിപിഎമ്മിന് മേധാവിത്വമുള്ള സ്ഥലമാണ് ഇതെന്നും കോണ്‍ഗ്രസുകാരാണ് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതെന്നുമാണ് ഉല്ലാസ് പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക