Image

ഒരു മാസത്തെ ശമ്പളവും ഇ . ശ്രീധരനും (ശിവകുമാര്‍)

Published on 27 August, 2018
ഒരു മാസത്തെ ശമ്പളവും ഇ . ശ്രീധരനും (ശിവകുമാര്‍)
എന്നും കേരളത്തിനൊപ്പമാണ്, പ്രവാസി മലയാളികള്‍. നാട്ടില്‍ നിന്നും മാറി നില്‍ക്കുന്നത് കൊണ്ടു തന്നെ, നാടിനോടുള്ള സ്‌നേഹം കൂടുതലുമാണവര്‍ക്ക്. കേരളത്തിലെ പ്രളയ ദിനങ്ങളില്‍ ഉണ്ണാതുറങ്ങാതെ, ദുരിതത്തില്‍ പെട്ടവര്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും എത്തിക്കുവാനും റിമോട്ട് റെസ്‌ക്യൂ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും ഒക്കെയായി സത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ പ്രവര്‍ത്തന നിരതരായിരുന്നു.

സഹായിക്കുവാനുള്ള അമിതാവേശം, സന്ദേശം സിനിമയില്‍, ഒരു ഇളനീരിനായി, രണ്ടു പേര്‍ ഒരേ തെങ്ങില്‍ കയറുന്ന രീതിയിലുള്ള സാഹചര്യവും സൃഷ്ടിക്കുകയുണ്ടായി.

കേരളത്തിലെ ദുരന്തം തകര്‍ത്തത് വീടുകളെ മാത്രമല്ല, മറിച്ച് ജീവിതങ്ങളെയുമാണ്. പ്രളയം കവര്‍ന്നത്, സമ്പാദ്യങ്ങളെ മാത്രമല്ല സ്വപ്നങ്ങളെയുമാണ്.

ദുരിതക്കയത്തില്‍ നിന്നും കൂടെപ്പിറപ്പുകളെ കരകയറ്റാന്‍ മലയാളി എന്നുമുണ്ടാവും, നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും!

അതു കൊണ്ട് തന്നെ, മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത് പോലെ ഒരു മാസത്തെ ശമ്പളം നല്‍കാനും മലയാളി സര്‍വ്വാത്മനാ തയ്യാറാവും എന്നതില്‍ സംശയമില്ല.

പക്ഷേ, മാസാവസാനമാവുമ്പോള്‍, കയ്യില്‍ ബാക്കി ഒന്നുമില്ലാതാവുന്നവരാണ് ഭൂരിപക്ഷവും. അവര്‍ അരി വാങ്ങുന്ന പണം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നല്‍കുമ്പോള്‍, അത് വിശ്വാസയോഗ്യമായ തരത്തില്‍ വിനിയോഗിക്കപ്പെടുന്നുണ്ട് എന്നുറപ്പു വരുത്തേണ്ടതുണ്ട്,

25 ലക്ഷം ചിലവഴിച്ച്, കോഴിക്കുട് പോലെയുള്ള ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കുന്ന ജനപ്രതിനിധികളെയും, ചാറ്റല്‍ മഴയില്‍ പോലും തകര്‍ന്ന് പോകുന്ന രീതിയില്‍ റോഡ് നിര്‍മ്മിക്കുന്ന ഉദ്യോഗസ്ഥരെയും കണ്ടിട്ടുള്ള മലയാളികള്‍ക്ക്, സര്‍ക്കാര്‍ സംവിധാനത്തിന് പണം നല്‍കാന്‍ മടി തോന്നിയാല്‍ അതിനവരെ കുറ്റം പറയാന്‍ കഴിയുമോ? ഫണ്ടുകള്‍ കയ്യടക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ അകറ്റി നിര്‍ത്താന്‍ നമ്മുടെ ഇന്നത്തെ സംവിധാനത്തിന് ശക്തിയുണ്ടോ? തുടക്കത്തില്‍ കാര്യങ്ങള്‍ സുതാര്യമായി നടന്നേക്കാമെങ്കിലും ജനങ്ങളുടെ ശ്രദ്ധ മാറിയാല്‍ കേരളത്തെത്തന്നെ വിഴുങ്ങാന്‍ ശക്തിയുള്ള രാഷ്ട്രീയക്കാര്‍ നമ്മുടെ ഇടയിലുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.

ജന നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന കളക്ടര്‍മാര്‍ക്കും മറ്റ് IAS ഉദ്യോഗസ്ഥര്‍ക്കും പണി പോയത് എങ്ങിനെയാണെന്നത് പ്രബുദ്ധ കേരളം മറന്നിട്ടില്ല, എന്ന കാര്യം ഭരണ സംവിധാനം ഓര്‍ക്കേണ്ടതായിട്ടുണ്ട്.

അതു കൊണ്ട് തന്നെ, നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍, കാര്യപ്രാപ്തിക്കൊപ്പം വിശ്വാസ്യതക്കായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടത്.

അങ്ങിനെ ഒരാള്‍ മാത്രമേ ഇന്ന് നമ്മുടെ ഇടയില്‍ ജീവിച്ചിരിപ്പുള്ളു. അത് ഇ . ശ്രീധരനാണ് എന്ന് പറയാന്‍ അഭിമാനമേയുള്ളൂ.

നിയമ തടസ്സമില്ലാത്ത വിധത്തില്‍, ഒരു കേരളാ റീകണ്‍സ്ട്രക്ഷന്‍ കമ്പനി രൂപീകരിച്ച് നേതൃസ്ഥാനം ഇ . ശ്രീധരനെ ഏല്‍പ്പിക്കുകയാണെങ്കില്‍, കേരളത്തിന്റെ നവീകരണ പ്രക്രിയക്ക് പണത്തിന്റെ ഒഴുക്കുണ്ടാവുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. 20,000 കോടി രൂപ വേണ്ടിടത്ത് 30,000 കോടി പോലും വന്നു ചേരാം.

നമ്മള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം, അര്‍ഹരായവരിലേക്കും, കേരളത്തിന്റെ പുന:സൃഷ്ടിക്കും എത്തിച്ചേരും എന്നും, പ്രത്യേകിച്ച് വല്ലവരുടെയും പോക്കറ്റിലേക്ക് പോവില്ല എന്നും ഉള്ള ഉറപ്പോടെ നമ്മുക്ക് പണം നല്‍കാന്‍ കഴിയും. ഇതൊരു നിര്‍ദ്ദേശം മാത്രം. ഇനി ഇതൊന്നുമില്ലെങ്കിലും കൊടുക്കുന്ന പണത്തില്‍ 95% വും അടിച്ചു മാറ്റിയാലും 5% എങ്കിലും അര്‍ഹിക്കുന്നവരില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയില്‍ ഞങ്ങളുണ്ടാവും.

#കേരളത്തിനൊപ്പം, എന്നും എപ്പോഴും മലയാളി ഉണ്ടാവും, സ്വദേശത്തായാലും വിദേശത്തായാലും, ഇ. ശ്രീധരന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും.... നമ്മുടെ കൂടെപ്പിറപ്പുകള്‍ക്കായി, ഒരു നവ കേരളത്തിനായി.....

ഒരു മാസത്തെ ശമ്പളവും ഇ . ശ്രീധരനും (ശിവകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക