Image

തെണ്ടിപ്പൊണ്ണക്കാര്യമെന്ന് നമ്മള്‍ പറയും (ലേഖനം: സാം നിലമ്പള്ളില്‍)

Published on 30 August, 2018
തെണ്ടിപ്പൊണ്ണക്കാര്യമെന്ന് നമ്മള്‍ പറയും (ലേഖനം: സാം നിലമ്പള്ളില്‍)
എന്നുമുതലാണ് ഇന്‍ഡ്യക്ക് വിദേശസഹായം സ്വീകരിക്കുന്നത് അഭിമാനപ്രശ്‌നമായി തീര്‍ന്നതെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ഈ ആധുനികകാലത്ത് ഒരുരാജ്യത്തിന് എന്തെങ്കിലും ദുരന്തമുണ്ടായാല്‍ ലോകരാഷ്ട്രങ്ങളെല്ലാം സഹായവുമായി ഓടിയെത്തുക എന്നുള്ളത് സ്വാഭാവികമാണ്. സമ്പന്നരാജ്യങ്ങളായ അമേരിക്കയും ചൈന്യയുംവരെ ഇത്തരം സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ ന്യൂ ഓര്‍ലീന്‍സില്‍ കത്രീനാ ദുരന്തമുണ്ടായപ്പോള്‍ സഹായവുമായി എത്തിയരാജ്യങ്ങളുടെ കൂട്ടിത്തില്‍ ദരിദ്രരാജ്യമായ ഇന്‍ഡ്യയും ഉണ്ടായിരുന്നു. അമേരിക്ക ആ സഹായം ഇരുകൈകളുംനീട്ടി സ്വീകരിച്ചെങ്കില്‍, സമ്പന്നരാജ്യങ്ങളായ ചൈനയും ജപ്പാനുംവരെ ഇത്തരം സഹായങ്ങള്‍ സ്വീകരിക്കുമെങ്കില്‍, അടുത്തകാലത്ത് പുത്തന്‍പണക്കാരായ ഇന്‍ഡ്യക്കത് അഭിമാനപ്രശ്‌നമായി തോന്നുന്നെങ്കില്‍ നമ്മളതിനെ തെണ്ടിപ്പൊണ്ണക്കാര്യമെന്ന് വിളിക്കും.

ഇന്‍ഡ്യന്‍ ജനത ദാരിദ്രത്താല്‍ കഷ്ടപ്പെട്ട ഒരുകാലമുണ്ടായിരുന്നു. 1964 കാലഘട്ടത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് കെന്നഡിയാണ് ദരിദ്രരാജ്യങ്ങളെ സഹായിക്കാനുള്ള ഫുഡ്ഡ് ഫോര്‍ പീസ് (Food for Peace) എന്നൊരു പദ്ധതിക്ക് തുടക്കംകുറിച്ചത്. PL 480 എന്നറിയപ്പെപ്പെടുന്ന ഈ പദ്ധതിപ്രകാരം ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ഭക്ഷ്യസഹായം കിട്ടിയത് ഇന്‍ഡ്യക്കാണെന്നുള്ളത് പുത്തന്‍പണക്കാരായ അര്‍ണോബ് ഗോസ്വാമിമാര്‍ക്കും ആറെസ്സുകാര്‍ക്കും അറിയില്ലായിരിക്കും. അവരുടെ മാതാപിതാക്കളോട് ചോദിച്ചാല്‍ അവര്‍പറയുമായിരിക്കും അമേരിക്കനല്‍കിയ സൗജന്യഭക്ഷണംകഴിച്ചാണ് അവര്‍ ജീവന്‍നിലനിറുത്തിയതെന്ന്. ഇന്‍ഡ്യന്‍ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ഒരു പാട്ടീല്‍ (മുഴുവന്‍പേര് ഓര്‍ക്കുന്നില്ല) അമേരിക്കയില്‍ചെന്ന് യാചിച്ചതിന്റെ ഫലമായി അന്നത്തെ പ്രസിഡണ്ടായിരുന്ന ലിന്‍ഡന്‍ ജോണ്‍സണ്‍ 3.5 മില്ല്യണ്‍ ഭക്ഷ്യധാന്ന്യം അടിയന്തിരമായി ഇന്‍ഡ്യയിലേക്ക് കയറ്റിവിടാന്‍ ഓര്‍ഡര്‍ നല്‍കുകയുണ്ടായി. ഇതൊന്നും വടക്കേഇന്‍ഡ്യന്‍ ഗോസായികള്‍ക്കും പ്രധാനമന്ത്രി മോദിക്കും അറിയില്ലെങ്കില്‍ വിക്കിപീഡിയയില്‍ പരതിയാല്‍ മതിയാകും, അവിടെ ഇതെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്‍ഡ്യ സമ്പന്നരാജ്യമായി തീര്‍ന്നെന്ന് കേന്ദ്രഗവണ്മന്റും ആറെസ്സുകാരും ആഘോഷിക്കുന്നു ഈ രാജ്യത്ത് പട്ടിണിപ്പാവങ്ങള്‍ എത്രശതമാനമുണ്ടെന്ന് പറയാമോ; വീടില്ലാത്തവര്‍ കൂരകളില്‍ കഴിയുന്നവര്‍; തെരുവില്‍ക്കിടന്ന് ഉറങ്ങുന്നവര്‍; വെളിമ്പറമ്പില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നവര്‍ (പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍) കോടിക്കണക്കുണ്ടെന്ന് നിങ്ങള്‍ക്കറിയാം. അടുത്തിട ഒരു വിദേശസഞ്ചാരി ഇന്‍ഡയെപ്പറ്റി പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കുന്ന. India is crowdy, dirty, smelly and noisy. എത്ര പരമാര്‍ത്ഥമാണ് അദ്ദേഹം പറഞ്ഞത്. പിന്നെ എന്തിന്റെപേരില്‍ അഭിമാനിക്കുന്നു?

ഗള്‍ഫുരാജ്യങ്ങള്‍ മലയാളിക്ക് രണ്ടാംതറവാടുപോലെയാണ്. കേരളം ഇന്നുകാണുന്ന പുരോഗതി ഇന്‍ഡ്യാ ഗവണ്മെന്റിന്റെ സാമ്പത്തികസഹായംകൊണ്ട് കൈവരിച്ചതല്ല. അറബിരാജ്യങ്ങള്‍ പെട്രോള്‍ ഊറ്റാന്‍ തുടങ്ങിയകാലംമുതല്‍ മലയാളികളുടെ ഒഴുക്കായിരുന്നു ആനാടുകളിലേക്ക്. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആനാടുകളുടെ പുരോഗതിക്കുവേണ്ടി മലയാളി ഒഴുക്കിയ വിയര്‍പ്പിന്റെ നന്ദിസൂചകമായിട്ടാണ ദുരന്തത്തില്‍് കേരളത്തെ സഹായിക്കാന്‍ അവര്‍ മുന്നോട്ടുവന്നത്. വികസനത്തിന്റെ എല്ലാമേഘലകളിലും കേരളത്തെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിദേശസഹായംപോലും തടഞ്ഞതിന്റെപിന്നിലെ ദുഷ്ടത എത്രഭീകരമാണെന്ന് ആലോചിച്ചുനോക്കു. വികസനത്തിനായി വടക്കേയിന്‍ഡ്യന്‍ സംസ്ഥനങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുമ്പോള്‍ കേരളത്തിനുനല്‍കുന്ന പിച്ചക്കാശുവാങ്ങിക്കൊണ്ട് എത്രനാള്‍ യൂണിയനില്‍ കഴിയാന്‍ സാധിക്കുമെന്ന് ചിന്തിച്ചുപോവുകയാണ്. കേരളത്തെ പിടിച്ചുലച്ച പ്രളയദുരന്തത്തില്‍ സഹായിക്കാന്‍പോലും മനസില്ലാത്ത കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍തുടരണമോ എന്നുപോലും മലയാളി ആലോചിച്ചുതുടങ്ങിയിരിക്കുന്നു.

കേരളത്തോടുള്ള ചിറ്റമ്മനയം മോദിസര്‍ക്കാരിന്റെമാത്രം സംഭാവനയല്ല. നെഹ്‌റുവിന്റെ കാലംമുതല്‍ തുടങ്ങിയതാണ്. കേന്ദ്രംഭിരിച്ചിരുന്ന ഒരുസര്‍ക്കാരും നമ്മുടെ സംസ്ഥാനത്തോട് ദയാപൂര്‍വ്വമായ നയം സ്വീകരിച്ചിട്ടില്ല. നമ്മള്‍ തെരഞ്ഞെടുത്തുവിട്ട എംപിമാര്‍ ഡല്‍ഹിയില്‍ചെന്ന് ഏറാന്‍മൂളികളായിട്ട് നിന്നിട്ടുള്ളതല്ലാതെ തമിഴ്‌നാട്ടുകാരന്‍ ചെയ്യുന്നതുപോലെ ഭീഷണിപ്പെടുത്തി അര്‍ഘിക്കുന്നതിനപ്പുറം വാങ്ങന്‍ തയ്യാറായിട്ടില്ല. ചോദിക്കുന്നതുകൊടുത്തില്ലെങ്കല്‍ തമിഴന്‍ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് കേന്ദ്രംഭരിക്കുന്ന ഏമാന്മാര്‍ക്കറിയാം.

കേരളത്തിലെ ബിജെപ്പിക്കാര്‍ ഇപ്പോള്‍ തിന്നാനുംവയ്യ തുപ്പാനുംവയ്യ എന്ന അവസ്ഥയിലാണ്. മോദിസര്‍ക്കാറിന്റെ ചിറ്റമ്മനയത്തെ എതിര്‍ക്കാനും വയ്യ അംഗീകരിക്കാനുംവയ്യ. എതിര്‍ത്താല്‍ അവരുടെ തലതൊട്ടപ്പന്മാരായ ആര്‍ എസ് എസ്സ് ചെവിതിരുകി പൊന്നാക്കും അംഗീകരിച്ചാല്‍ കേരളജനത അവരെ ഓടിച്ചിട്ടുതല്ലും. അതുകൊണ്ടാണ് അവരിപ്പോള്‍ നുണപ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്. കേന്ദ്ര ഗവണ്മന്റ് കേരളത്തിന് 15000 കോടിരൂപാ അനുവദിച്ചിട്ടുണ്ടെന്നാണ് അവരിപ്പോള്‍ പറഞ്ഞുനടക്കുന്നത്. അതിന്റെ സത്യാവസ്ഥയിലേക്ക് കണ്ണോടിച്ചാല്‍ ഇതുപലതും വര്‍ഷങ്ങളായിട്ടുള്ള പഴയപദ്ധതിപ്രകാരം ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്. മോദിയുടെ ഇലക്ഷന്‍ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് ഭവനനിര്‍മ്മാണപദ്ധതിയും റോഡുനിര്‍മ്മാണവും. ഇതൊന്നും 19ലെ പാര്‍ലമെനന്റ് ഇലക്ഷന്‍കഴിഞ്ഞാല്‍ കിട്ടണമെന്നില്ല. പാലംകടക്കുവോളം ….. എന്നുപറയുന്നതുപോലെ. ഇപ്പോഴത്തെ ദുരന്തത്തിന് 600 കോടി അനുവദിച്ചെന്നുമാത്രം നമുക്കറിയാം. ഇനിയും തരുമെന്ന് കേരള ഗവര്‍ണറോട് പറഞ്ഞെന്നും അറിയാം. എന്തുകൊണ്ട് കേരള സര്‍ക്കാറിനോട് പറഞ്ഞില്ല എന്നൊരു സംശയം നിലനില്‍ക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനോട് ഒരുവാക്ക്.

പ്രളയം കേരളത്തെ മൂടിയപ്പോള്‍ താങ്കള്‍ സ്തുത്യര്‍ഘമായി പ്രവര്‍ത്തിച്ചത് നാട്ടുകാര്‍ക്കെല്ലാം അറിയാവുന്നതാണ്. ഇനി രണ്ടാംഘട്ടം ദുരിതനിവാരണവും മൂന്നാം ഘട്ടം നവകേരളനിര്‍മ്മിതിയുമാണ്. അതിനെപ്പറ്റി താങ്കള്‍ ആലോചിച്ചുതുടങ്ങിയെന്നുള്ളത് അഭിനന്ദനീയമാണ്. ഇതെല്ലാം എങ്ങനെ പ്രയോഗികമാക്കണണെന്ന് ഞങ്ങളാരും പറയാതെതന്നെ അങ്ങേക്ക് അറിയാം. മാലിന്യമുക്തമായ കേരളം, ഗ്രാമങ്ങളില്‍പോലും രണ്ടുവരിപാതകള്‍; ഇതുരണ്ടുമാണ് പ്രധാനമായിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെങ്കിലും ലക്ഷക്കണക്കിനുവരുന്ന പ്രവാസിമലയാളികള്‍ നവകേരളനിര്‍മ്മിതിയില്‍ പങ്കാളികളാകുമെന്ന് തീര്‍ച്ചായായും താങ്കള്‍ക്ക് പ്രതീക്ഷിക്കാം. സ്വിറ്റ്‌സര്‍ലാന്‍ഡുപോലെ മനോഹരമായ ഒരുകേരളത്തെ സൃഷ്ടിക്കാന്‍ താങ്കള്‍ക്കാകട്ടെയെന്ന് ആശംസിക്കുന്നു. ആഴ്ച്ചതോറുമുള്ള ഹര്‍ത്താല്‍ ഒഴിവാക്കാന്‍ സാധിക്കുമോയെന്ന് ആലോചിക്കണം. അതിന് താങ്കളുടെപാര്‍ട്ടി മാതൃക കാട്ടണം.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോട് രണ്ടുവാക്ക്.

താങ്കള്‍ ഇപ്പോള്‍ പുലമ്പിക്കൊണ്ടിരിക്കുന്ന പലകാര്യങ്ങളും യുക്തിക്ക് നിരക്കാത്തതാണ്. മൂന്നാംകിട രാഷ്ട്രീയ സര്‍ക്കസ്സ്. കോണ്‍ഗ്രസ്സുകാര്‍പോലും തങ്കളുടെ യുക്തിരഹിമായ സംസാരംകേട്ട് ചിരിക്കയാണന്ന് താങ്കള്‍ക്ക് അറിയില്ലെന്നുതോന്നുന്നു. ഇപ്പോള്‍ ജനങ്ങള്‍ ദുരിതത്തില്‍നിന്ന് കരകയറാന്‍ പാടുപെടുമ്പോള്‍ താങ്കളുടെ മൂന്നാംകിട രാഷ്ട്രീയം കേള്‍ക്കാന്‍ അവര്‍ക്ക് താത്പര്യമില്ലെന്ന് മനസിലാക്കുക. ഏതെല്ലാംവിധത്തില്‍ അവരെ സഹായിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശിച്ചുകൊടുക്കുക, അവരെ അതിലേക്ക് നയിക്കുക. അതാണ് ബുദ്ധിമാനായ ഒരു നേതാവിന്റെ ലക്ഷണം.

കേന്ദ്രമന്ത്രി കണ്ണന്താനത്തോട് മറ്റൊരുവാക്ക്.

ദുരിതാശ്വാക്യാമ്പില്‍ ചൗക്കാളംവിരിച്ച് അതില്‍ക്കിടന്ന് ഉറങ്ങി പരിഹാസപാത്രമായത് എന്തിനാണ്.? ബി ജെ പി യുടെ മുഖപ്പത്രംപോലും താങ്കളുടെ പ്രവൃത്തിയെ പരിഹസിച്ചു. അതിനുപകരം ഒരു കൈലിയുമുടുത്ത് ഷവ്വലുമായി ഏതെങ്കിലും പാവപ്പെട്ടവന്റെവീട് വൃത്തിയാക്കാന്‍ ചെന്നിരുന്നെങ്കില്‍ കേരളീയര്‍ കയ്യടിച്ചേനെ. ഇനിയെങ്കിലും ഒരു പ്രവൃത്തിചെയ്യുന്നതിനുമുന്‍പ് രണ്ടുവട്ടം ആലോചിക്കുക.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക