Image

ഓണ്‍ലൈന്‍ ഭരണം; ആ തീരുമാനത്തിലേക്ക് പിണറായിയെ എത്തിച്ച ചിന്തകള്‍ (അബ്ദുള്‍ റഷീദ്)

Published on 04 September, 2018
ഓണ്‍ലൈന്‍ ഭരണം; ആ തീരുമാനത്തിലേക്ക് പിണറായിയെ എത്തിച്ച ചിന്തകള്‍ (അബ്ദുള്‍ റഷീദ്)
വ്യക്തിപരമായ, അനിവാര്യമായ കാരണങ്ങളാല്‍ മുഖ്യമന്ത്രിയ്ക്ക് മൂന്നാഴ്ചക്കാലം സംസ്ഥാനത്തുനിന്നു വിട്ടുനില്‍ക്കേണ്ടി വന്നിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍, അത് സംസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തത്തിനു ശേഷം പുനര്‍നിര്‍മ്മാണ പ്രക്രിയകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയവും.

എന്നിട്ടും, തനിക്കൊരു താത്കാലിക പകരക്കാരന്‍ വേണ്ടെന്നും മറ്റൊരു ഭൂഖണ്ഡത്തില്‍ ചികിത്സയിലുള്ള താന്‍തന്നെ, ഓണ്‌ലൈന്‍ ഫയല്‍ സംവിധാനത്തിലൂടെ ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാം എന്നുമുള്ള അദ്ദേഹത്തിന്റെ തീരുമാനം അത്ഭുതകരമാണ്. ആ തീരുമാനത്തിലേക്ക് പിണറായി എന്ന രാഷ്ട്രീയ നേതാവിനെ എത്തിച്ച ചിന്തകള്‍ എന്തായിരിക്കാമെന്നു കൗതുകത്തോടെ ആലോചിച്ചുപോകുന്നു.

മുഖ്യമന്ത്രിക്കൊപ്പം അമേരിക്കയില്‍ അദ്ദേഹത്തിന്റെ ഭാര്യ മാത്രമാണുള്ളത്.
ഒരു സഹായിപോലുമില്ലാത്ത ആശുപത്രി മുറിയിലിരുന്നു സംസ്ഥാനഭരണം മൂന്നാഴ്ച കൈകാര്യം ചെയ്യാമെന്ന നിര്‍ബന്ധബുദ്ധിയുടെ പിന്നിലെ ആ ആശങ്ക എന്താവും?

മന്ത്രിസഭായോഗങ്ങളില്‍ അധ്യക്ഷത വഹിക്കുകയെന്ന, ഭരണഘടനാപരമായി അനിവാര്യമായ ചുമതല ഏല്പിക്കാന്‍പോലും മന്ത്രിസഭയ്ക്ക് പുറത്തുനിന്നിരുന്ന ഇ.പി ജയരാജനെ സത്യപ്രതിജ്ഞ ചെയ്യിച്ചു തിരികെ കൊണ്ടുവരേണ്ടിവന്നു എന്നതുകൂടി ചേര്‍ത്തു ആലോചിക്കുമ്പോള്‍ അത്ഭുതം ഇരട്ടിക്കുന്നു.
പ്രളയത്തിന്റെ പേരില്‍ സ്വന്തം ചികിത്സതന്നെ വൈകിപ്പിച്ച മുഖ്യമന്ത്രി പക്ഷേ, ജയരാജന്റെ സത്യപ്രതിജ്ഞ വൈകിപ്പിച്ചില്ല.

മുഖ്യമന്ത്രിയുമായി വിയോജിപ്പുകള്‍ ഉള്ള തോമസ് ഐസക്കിനെ പരിഗണിക്കുന്നില്ല എന്നുവെച്ചാല്‍പ്പോലും മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ്ണവിശ്വാസമുള്ള കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ വേറെയും ഉണ്ടായിരുന്നു, ചുമതല കൈമാറാന്‍.
എ.കെ ബാലനും കെ.കെ ശൈലജയും മറ്റു കേന്ദ്രകമ്മിറ്റിയംഗങ്ങളായി മന്ത്രിസഭയിലുണ്ട്.

പാര്‍ട്ടി പദവികളിലെ ഹയറാര്‍ക്കി സംസ്ഥാനഭരണത്തില്‍ അത്ര പ്രധാനമൊന്നും അല്ലാത്തതിനാല്‍ കേന്ദ്രകമ്മിറ്റിയംഗം എന്ന പരിഗണന ഒഴിവാക്കി നോക്കിയാലും പിണറായിക്കു എത്രയോ വിശ്വസ്തര്‍ ഉണ്ടായിരുന്നു മന്ത്രിസഭയില്‍. എന്നിട്ടും..?

സവിശേഷമായ ഒരു പ്രതിസന്ധിയില്‍ കേരളത്തെ നയിച്ച രാഷ്ട്രീയനേതാവെന്ന നിലയില്‍ ഇപ്പോള്‍ അണികളും പൊതുസമൂഹവും നല്‍കിയിരിക്കുന്ന പ്രതിച്ഛായ മൂന്നാഴ്ചയിലേക്കുപോലും മറ്റൊരാള്‍ക്ക് കൈമാറാന്‍ പിണറായി ആഗ്രഹിക്കുന്നില്ല എന്നു തോന്നുന്നു.
അഥവാ, പിണറായിക്കു പകരം ഇന്ന് കേരളത്തിലെ പാര്‍ട്ടിയില്‍ മറ്റൊരാളുണ്ട് എന്ന ധാരണ സൃഷ്ടിക്കപ്പെടുന്നത് ഒരു ചെറിയ സമയത്തേക്കുപോലും അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.

അനാരോഗ്യമുള്ള, അല്ലെങ്കില്‍ രോഗിയായ ഒരു നേതാവ് എന്നു അറിയാന്‍ അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെടുന്നില്ല, ഈ എഴുപത്തിമൂന്നാം വയസ്സിലും.
താല്‍കാലിക ചുമതല കേന്ദ്രകമ്മിറ്റി അംഗങ്ങളായ ആര്‍ക്കു നല്‍കിയാലും അത് പിണറായിയെക്കാള്‍ പ്രായക്കുറവുള്ള ആള്‍ ആയിരിക്കും.
തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാള്‍ക്ക് ചുമതല കൈമാറി രോഗചികിത്സക്കായി വിമാനം കയറുന്ന മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹം ഒട്ടും ആഗ്രഹിക്കാത്ത ഒന്നാണ്. അതീവ രഹസ്യമായുള്ള അമേരിക്കന്‍യാത്രതന്നെ അത് സാക്ഷ്യപ്പെടുത്തുന്നു.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍, ഇപ്പോഴത്തെ അസുഖത്തിന്റെ ആദ്യഘട്ടത്തില്‍ നിര്‍ണ്ണയ പരിശോധനയ്ക്കായി എത്തിയ അദ്ദേഹം, വിവരം അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചത് കൗതുകകരമായിരുന്നു, ''എന്തു കുറഞ്ഞുപോയീന്നാ നിങ്ങള്‍ എഴുതിയത്, പ്‌ളേറ്റ്‌ലേറ്റ് കൗണ്ടോ? അതൊക്കെ അങ്ങനെയുള്ള ആളുകളുടെ ആഗ്രഹങ്ങള്‍ ആണ്. അങ്ങനെ ആഗ്രഹിച്ചതുകൊണ്ടു മാത്രം ഒരു മനുഷ്യന് ഒന്നും സംഭവിക്കില്ലല്ലോ. ഒരു പ്രശ്നവും എന്റെ ആരോഗ്യത്തിനു ഇപ്പോള്‍ ഇല്ല. ചിലര്‍ ആഗ്രഹിക്കുന്നുണ്ടാവും, പക്ഷേ ഇപ്പോള്‍ എനിക്ക് അത് വന്നിട്ടില്ല.''

രാഷ്ട്രീയമായ എതിര്‍പ്പുകള്‍ക്കപ്പുറം തന്റെ രോഗം ആഗ്രഹിക്കുന്ന ആരൊക്കെയോ എവിടൊക്കെയോ ഉണ്ടെന്നു പിണറായിത്തന്നെ തുറന്നാരോപിച്ച ആ പ്രതികരണം അപൂര്‍വമായ ഒന്നായിരുന്നു. മുമ്പ് അത്തരമൊരു പ്രതികരണം നേരിട്ടു കേട്ടത് ഒരിക്കല്‍ പദ്മജ വേണുഗോപാലിനോട് സംസാരിച്ചപ്പോഴാണ്, ''ലീഡര്‍ ആരോഗ്യത്തോടെ മടങ്ങിവരില്ലെന്നു ഉറപ്പിച്ചവര്‍, ആഗ്രഹിച്ചവര്‍ ഒരുപാടുണ്ടായിരുന്നു...''

രോഗം സ്വകാര്യതയാണ്.
ആര്‍ക്കും എപ്പോഴും സംഭവിക്കാവുന്നത്.
അത് വെളിപ്പെടുത്തണമോ വേണ്ടയോ എന്നതൊക്കെ വ്യക്തിയുടെ ഇഷ്ടം. ആ സ്വകാര്യതയിലേക്ക് കടക്കാന്‍ ആര്‍ക്കും അവകാശമില്ല. പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തട്ടെ. അടുപ്പമുള്ളവര്‍ പറയുന്നതുവെച്ചു നോക്കിയാല്‍ കൃത്യമായ ചികിത്സയിലൂടെ പരിഹരിക്കാവുന്ന ആരോഗ്യപ്രശ്‌നം മാത്രമേ മുഖ്യമന്ത്രിയ്ക്കുള്ളൂ. നല്ലത്. ആശ്വാസകരം.

ആപ്പോഴും, വന്‍കരകള്‍ക്കപ്പുറം, ഒരു ആശുപത്രിമുറിയിലിരുന്നു, ചികിത്സക്കിടയിലും സംസ്ഥാനത്തിന്റെ ഭരണഫയലുകള്‍ നോക്കുന്ന പിണറായിയുടെ ചിത്രം, മറ്റു പലതിലുമെന്നപ്പോലെ, കുട്ടികളുടെ പിടിവാശിയുള്ള ഒരു വലിയ നേതാവിനെ ഓര്‍മിപ്പിക്കുന്നു എന്നു പറയേണ്ടി വരുന്നതില്‍ ക്ഷമിക്കുക. അത് നമ്മുടെ മാധ്യമങ്ങള്‍പ്പോലും അധികം പറയാന്‍ മടിക്കുന്ന ചില രാഷ്ട്രീയ അന്തര്‍ധാരകളെയും സൂചിപ്പിക്കുന്നു.

വിട്ടുപോയത്: പലര്‍ക്കും ഓര്‍മ്മയുണ്ടാവും, ചികിത്സക്കായുള്ള ഇ.കെ നായനാരുടെ യാത്രകള്‍ പലപ്പോഴും പത്രസമ്മേളനത്തില്‍ നിന്നായിരുന്നു. എല്ലാവരോടും കാര്യങ്ങള്‍ തുറന്നു പറഞ്ഞു എല്ലാവര്‍ക്കും 'ഗുഡ് ബൈ ആള്‍' 'താങ്ക് യു ഓള്‍' പറഞ്ഞു അദ്ദേഹം ചികിത്സയ്ക്ക് പോയിരുന്നു. തന്റെ രോഗം ആഗ്രഹിക്കുന്ന ആരും കേരളത്തില്‍ ഇല്ലെന്നു അദ്ദേഹത്തിന് അത്ര ഉറപ്പുണ്ടായിരുന്നിരിക്കണം.
ഓണ്‍ലൈന്‍ ഭരണം; ആ തീരുമാനത്തിലേക്ക് പിണറായിയെ എത്തിച്ച ചിന്തകള്‍ (അബ്ദുള്‍ റഷീദ്)
Join WhatsApp News
vayanakkaran 2018-09-04 18:50:21
ഈ  ഓൺ ലൈൻ  ഫയൽ  നോട്ടം . ചുമ്മാ  വലിയവനാക്കി  പൊക്കാൻ ഒരു  വാർത്ത . അത്രമാത്രം . ഇതിനു    എന്ന കമ്പ്യൂട്ടർ  അറിയാം . ചുമ്മാ  കിടക്കും , കുത്തിയിരുന്ന്  ടീവീ  കാണും  അത്ര തന്നെ . കുറെ  ഫോൺ വിളിക്കും . തൻ്റെ  ചീഫ്  മിനിസ്റ്റർ  കസേരക്ക്  ഭീഷണി  ഉണ്ടോ  എന്ന്  നോക്കും . എല്ലാം ഒരുതരം  ഗ്യാസ്  മാത്രം . ഇഫ് എനി മിനിസ്റ്റർ സെ ദാറ്റ്  ഐ ആം ഇൻ കണ്ട്രോൾ  എന്ന്  പറഞ്ഞാൽ  കുഴപ്പത്തിൽ  ആകും 
Eliraja 2018-09-05 12:57:30
Pinarai has no serious problem only fear of elipani. Once my threat is gone in three weeks he will be back. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക