Image

ബോധധാരാ സമ്പ്രദായത്തില്‍ ഒരു തെലുങ്ക് ചിത്രത്തിനു വേണ്ടി എഴുതുന്ന തിരക്കഥ (സുനില്‍ തോമസ് തോണിക്കുഴിയില്‍)

സുനില്‍ തോമസ് തോണിക്കുഴിയില്‍ Published on 04 September, 2018
ബോധധാരാ സമ്പ്രദായത്തില്‍ ഒരു തെലുങ്ക്  ചിത്രത്തിനു വേണ്ടി എഴുതുന്ന തിരക്കഥ (സുനില്‍ തോമസ് തോണിക്കുഴിയില്‍)
 ഞാന്‍ മേജര്‍ അലക്‌സ് കുര്യന്‍ കോശി. തിരുവല്ലായി ലാണ് താമസം. കുര്യന്‍ അപ്പനാണ് . കോശി വല്യപ്പനും.
കാര്‍ഗില്‍ യുദ്ധത്തിനിടെ എന്റെ നേരെ വന്ന ഒരു വെടിയുണ്ട തക്ക സമയത്തിന് മാറിയതു കാരണം ഇടുപ്പിലാണ് കൊണ്ടത്. അതു കൊണ്ട് നടക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്.

പട്ടാള സിനിമയൊക്കെ പിടിക്കുന്ന ഇരവിപ്പിള്ള എന്റെ ജുനിയറായിരുന്നു. ഞാന്‍ പഠിപ്പിച്ച ചില ടെക്‌നിക് ഒക്കെ നിങ്ങള്‍ ഇരവീടെ പടത്തില്‍ കണ്ടുകാണും യുദ്ധസീന്‍ എടുക്കുമ്പോള്‍ സംശയം തീര്‍ക്കാന്‍ ഇരവി എന്നെ വിളിക്കാറുണ്ട്.
കഴിഞ്ഞ തവണ കണ്ടപ്പോഴാണ് പുതിയ ഒരു തെലുങ്ക് പടത്തിന് പറ്റിയ കഥ വേണമെന്ന് ഇരവി പറഞ്ഞത്.

എന്റെ കഥ തന്നെ എഴുതി ത്തരാം എന്ന് പറഞ്ഞിരിക്കുകയാണ്. അന്നു മുതല്‍ ഞാന്‍ വിവിധ രചനാ സങ്കേതങ്ങളേക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. ബോധ ധാരാ സങ്കേതമാണ് കൂട്ടത്തില്‍ എനിക്കേറെ ഇഷ്ടം. മനസ്സിനുള്ളില്‍ ഒരു ക്യാമറ വെച്ച് ബോധധാരാ സമ്പ്രദായത്തില്‍ ഒരു തിരക്കഥ വികസിപ്പിച്ചിട്ടുണ്ട്. വില്യം ജയിംസിന്റെ പുസ്തകം മുതല്‍ ജയിംസ് ജോയ്‌സും വെര്‍ജീനിയാവുള്‍ഫും വരെ വായിച്ചു. മഹാത്മാഗാന്ധി യൂണിവേര്‍സിറ്റില്‍ ബോധധാരാ സമ്പ്രദായം ബാറ്റണ്‍ ബോസിന്റെ കൃതികളില്‍ എന്ന വിഷയത്തേപ്പറ്റി ഏതോ ഒരു ടീച്ചര്‍ വെച്ച പ്രബന്ധം എനിക്ക് നന്നെ പിടിച്ചു. ഇനി തിരക്കഥയിലേക്ക് കടക്കാം.

എന്റെ കഥയുടെ നായകന്‍ ഞാന്‍ തന്നെയാണ്. എനിക്ക് നടക്കാന്‍ ബുദ്ധിമുട്ടായതു കൊണ്ട് ഇരവി എക്‌സേട്ടനെ (X-ഏട്ടന്‍ -> x ഒരു വേരിയബിളാണ് ഏട്ടന്‍ കോണ്‍സ്റ്റന്റും. പൊങ്കാല വേണ്ട ) കാസ്റ്റ് ചെയ്യും. തെലുങ്കില്‍ ബാലകൃഷ്ണയുടെ മാര്‍ക്കറ്റത്ര പോര. കൂടാതെ പട്ടാളക്കാരന് ഇത്തിരി കുടവയര്‍ നല്ലതാ. എന്നേപ്പോലെയല്ലെ നായകന്‍ ഇരിക്കേണ്ടത്.

ഇനി ഓപണിംഗ് സീനിലേക്ക് വരാം.

ലൊക്കേഷന്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനാണ്. ഷുട്ട് ചെയ്യുമ്പോള്‍ സ്റ്റേഷന്‍ ബോര്‍ഡ് നല്‍ഗോണ്ടാന്ന് തെലുങ്കിലെഴുതണം.

ഞാന്‍ (എക്‌സേട്ടന്‍ ) ട്രയിനില്‍ ഇറങ്ങുന്ന സീനാണാദ്യം. ഷുസില്‍ ഫോക്കസ് ചെയ്യണം . പിന്നെ പതിയെ കാല്‍ ,കുടവയറൊഴിവാക്കി നെഞ്ച് അവിടുത്തെ നക്ഷത്രം മുഖം മീശ എന്നിങ്ങനെ . പിറകില്‍ ഫേഡ് ഓട്ടയി ഒരു ഖദര്‍ ധാരി രണ്ട് പോലീസുകാരോടൊപ്പം നടന്നു വരണം. സാരേ ജഹാം സെ അച്ഛാ സിത്താറില്‍ ബീജി എം.

ഇനി സ്റ്റേഷന്റെ വാതില്‍ക്കലേക്ക് ക്യാമറ. ഖദര്‍ ഇന്നോവ ക്രിസ്റ്റയിലേക്ക് കയറുന്നു. ( തെലുങ്കില്‍ ഓഡിയാകാം ) . പെട്ടെന്ന് എന്റെ(എക്‌സേട്ടന്റെ ) ഉള്ളിലുള്ള ക്യാമറ ചലിക്കുന്നു.(സംഗതി ബോധ ധാരാ സമ്പ്രദായമല്ലെ ) ഞാന്‍ (എക്‌സേട്ടന്‍ ) ബോധ ധാരയില്‍ ഓടുന്ന സീന്‍.

സ്റ്റേഷനു പുറത്ത് നില്‍ക്കുന്ന ഒരു ഓട്ടോക്കാരനെ ഞാന്‍ (എക്‌സേട്ടന്‍ ) വണ്ടിയില്‍ നിന്ന് ചവുട്ടി പുറത്തിടുന്നു
'സോറി ബ്രോ ' (വളരെപ്പതിയെ)

ഞാന്‍ (എക്‌സേട്ടന്‍ ) ഓട്ടോ ഡ്രൈവര്‍ സീറ്റില്‍.

ഇനി ചേസ് സീനാണ്
(ബോധധാരാ സമ്പ്രദായത്തില്‍ ചേസ് എങ്ങിനെ നടത്താം എന്ന് യേല്‍ യൂണിവേര്‍സിറ്റിയില്‍ ഒരു പഠനമുണ്ട്.).

ഇന്നോവ mc റോഡിലേക്ക് തിരിയുന്നു. ( ബോര്‍ഡുകള്‍ തെലുങ്കില്‍ വേണമെന്ന് കലാ സംവിധായകനോട് നിര്‍ദേശിക്കണം)

അഞ്ചു മിനിട്ട് ചേസ് നടത്താം. ഇടക്ക് മുളകുപാടം, ആട്ടിന്‍പറ്റം, നഴ്‌സറിക്കുട്ടികള്‍ തുടങ്ങിയവ ആവശ്യാനുസരണം. (സംവിധായകന്റെ ക്രാഫ്റ്റിനുള്ള അവസരമാണ് പാഴാക്കരുത്.)

പന്തളം, കുളനട ഭാഗത്ത് വെച്ച് ഓട്ടോ ഇന്നോവയുടെ മുന്നില്‍ക്കയറി സന്ധന്‍ ബ്രേക്കിടണം. (ശബ്ദം മറക്കരുത്)

ഇനി ഞാന്‍ (എക്‌സേട്ടന്‍ ) ഓട്ടോയില്‍ നിന്ന് സകല ഗ്രേ സോടും കൂടി ചാടി ഇറങ്ങും. ഖദറും പോലിസുകാരും ഞെട്ടി ഇറങ്ങുന്നതു ഫേഡ് ആയി കാട്ടാം. ഞാന്‍ (എക്‌സേട്ടന്‍ ) ഇന്നോവയുടെ അടുത്തേക്ക് മാര്‍ച്ച് ചെയ്യുന്നു.

ഞാന്‍ (എക്‌സേട്ടന്‍ ) ഇന്നോവയുടെ മുന്നില്‍ തല തിരിച്ച് കെട്ടിയിരിക്കുന്ന ദേശിയ പതാക അഴിച്ച് നേരാം വണ്ണം കെട്ടുന്നു. പതാകയെ
ഞാന്‍ (എക്‌സേട്ടന്‍ ) സല്യൂട്ട് ചെയ്യുന്നു. ദേശിയ ഗാനം ബിജിഎം . എന്റെ (എക്‌സേട്ടന്റെ ) യൂണിഫോം ത്രിവര്‍ണ്ണത്തിലേക്ക് ഫേ ഡാകുന്നു.

സ്‌ക്രിനില്‍ ടൈടില്‍ ''ഒപറേഷന്‍ ഒറാംഗ് ഒട്ടാംഗ് ' . നല്ല ഉരുണ്ട അക്ഷരം വേണം. തെലുങ്ക് അക്ഷരങ്ങള്‍ക്ക് നല്ല ചന്തമാണ്.

ആ പ്രബന്ധത്തിലെ ടെക്‌നിക്കുകള്‍ ഇവിടുത്തെ ഫാന്‍സിന് മനസിലാകാന്‍ ആരേക്കൊണ്ടേലും ഒരു ലേഖനം മാറുമില്‍ എഴുതിക്കണം .
പടം തമിഴില്‍ റീമേക്ക് ചെയ്തിട്ട് മലയാളത്തിലോട്ട് ഡബ് ചെയ്താല്‍ നന്നായിരിക്കും.

പി സ് : എന്റെ ഫാന്‍സിനെ ബ്ലോക്കും. അതാ ട്രെന്റ്

ജീവിച്ചിരിക്കുന്നവരുമായോ ഇനി ജീവിക്കാനിരിക്കുന്നവരുമായോ ഉള്ള സാമ്യം തികച്ചും യാദൃശ്ചികം
ബോധധാരാ സമ്പ്രദായത്തില്‍ ഒരു തെലുങ്ക്  ചിത്രത്തിനു വേണ്ടി എഴുതുന്ന തിരക്കഥ (സുനില്‍ തോമസ് തോണിക്കുഴിയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക