Image

അച്ചോ, എന്നോടിത് വേണ്ടായിരുന്നു ? (നര്‍മ്മം: ജയന്‍ വര്‍ഗീസ്)

Published on 09 September, 2018
അച്ചോ, എന്നോടിത് വേണ്ടായിരുന്നു ? (നര്‍മ്മം: ജയന്‍ വര്‍ഗീസ്)
കന്യാസ്ത്രീ മരിച്ചപ്പോള്‍ അച്ചന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. അവസാനത്തെ പ്രാര്‍ത്ഥനാ യോഗത്തില്‍ കന്യാസ്ത്രീ വിളന്പിയതും, പൊതിയിലാക്കി ബാഗില്‍ വച്ച് തന്നതുമായ കാരറ്റ് ഹല്‍വയുടെ രുചി കണ്ണുനീരോടെ അച്ഛന്‍ അനുസ്മരിച്ചു. കരുണാമയിയായ കന്യാസ്ത്രീ ഇന്ന് തന്നെ സ്വര്‍ഗ്ഗത്തില്‍ അബ്രഹാമിന്റെയും, ഇസഹാക്കിന്റെയും, യാക്കോബിന്റെയും* മടിയില്‍ വിശ്രമിക്കുമെന്നും നിരുദ്ധ കണ്ഠനായി അച്ഛന്‍ ആശീര്‍വദിച്ചു.

അച്ചന്റെ പ്രാര്‍ത്ഥനയുടെ ആഴം കൊണ്ടായിരിക്കണം, ആകാശ വീഥികളില്‍ ഒളിഞ്ഞിരിക്കുന്ന ആത്മാവു പിടുത്തക്കാരായ, ആകല്‍ക്കറുസായുടെ ഗറില്ലാപ്പോരാളികളെ * ഒരു വിധത്തില്‍ വെട്ടിച് കന്യാസ്ത്രീ സ്വര്‍ഗ്ഗത്തിലെത്തിച്ചേര്‍ന്നു.

അബ്രഹാമിന്റെയു, ഇസഹാക്കിന്റെയും, യാക്കോബിന്റെയും മടികളില്‍ കന്യാസ്ത്രീ മാറിമാറി ഇരുന്നെങ്കിലും, ഒരു സുഖക്കുറവ്. ഒരു വല്ലായ്മ. അവരുടെ നീണ്ടു പിരിഞ്ഞിറങ്ങിയ ക്രാതാവുകളും, * നീണ്ടിട തിങ്ങിയ വെള്ള കരിം താടിയും, കറുത്ത ചട്ടിത്തൊപ്പിയും, ബലിക്കായി പണ്ട് വെട്ടിക്കൊന്ന കാളക്കുട്ടികളുടെയും, ആട്ടു കൊറ്റന്മാരുടെയും ചീറ്റിച്ചിതറി തെറിച്ച ചൂട് ചോരയുടെ കുളിച്ചിട്ടും, കുളിച്ചിട്ടും മാറാത്ത രൂക്ഷ ഗന്ധവും കന്യാസ്ത്രീയില്‍ മനം പുരട്ടലുണ്ടാക്കിയെങ്കിലും, ഇത്തരമൊരു സ്വര്‍ഗ്ഗത്തില്‍ പോകാന്‍ വേണ്ടിയാണല്ലോ താന്‍ കന്യാവ്രതം സ്വീകരിച്ചത് എന്ന് സ്വയം പഴിച്ച് കന്യാസ്ത്രീ സഹിച്ചിരുന്നു.

അങ്ങിനെയിരിക്കെ ഒരു ദിവസം ലോകം അവസാനിക്കുന്നു.* ന്യായ വിധിക്കുള്ള എമര്‍ജന്‍സി അലര്‍ട്ട് കന്യാസ്ത്രീക്കും ലഭിക്കുന്നു. കുറവിലങ്ങാട് വലിയ പള്ളി സെമിറ്റേരിയിലെ നാലാം ബ്ലോക്കില്‍ നിന്ന് * പുനര്‍ധരിക്കപ്പെട്ട ശരീരമെന്ന പുറം ചട്ടയുമണിഞ് പിതാവായ ദൈവത്തിന്റെ തിളങ്ങുന്ന ന്യായാസനത്തിന് മുന്നില്‍, നാനാജാതി മതസ്ഥരുടെ ഉന്തിലും,തള്ളിലും പെട്ടെങ്കിലും വീഴാതെ കന്യാസ്ത്രീ വിധി കേള്‍ക്കാന്‍ നിന്നു.

ഭയങ്കരങ്ങളായ കണക്കു പുസ്തകങ്ങള്‍ * വിടര്‍ത്തപ്പെടുകയും, കന്യാസ്ത്രീയുടെ കുറ്റങ്ങള്‍ വായിക്കപ്പെടുകയും ചെയ്തപ്പോള്‍, കന്യാസ്ത്രീ പോലും മറന്നു പോയ ചില പഴയ കുറ്റങ്ങളുടെ പേരില്‍ നരകം തന്നെ കന്യാസ്ത്രീക്ക് കിട്ടി.

വിസിറ്റിങ്ങ് വിസയില്‍ കടന്നുകൂടി കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാത്തതിന് അമേരിക്കയില്‍ നിന്നും ഡീബാര്‍ ചെയ്തയക്കപ്പെടുന്ന ഇന്ത്യാക്കാരന്റെ മനോഭാവത്തോടെ അന്നാദ്യമായി കന്യാസ്ത്രീ ഒന്ന് പിറുപിറുത്തു:

" എങ്കില്‍പ്പിന്നെ എന്നെ എന്തിനാ അങ്ങ് സ്വര്‍ഗ്ഗത്തിലേക്ക് കെട്ടിയെഴുന്നള്ളിച്ചത് ?"

കെടാത്ത തീയുടെയും, ചാകാത്ത പുഴുവിന്റെയും ഇടയില്‍ ഒരുവിധത്തില്‍ കന്യാസ്ത്രീ പിടിച്ചു നിന്നു. എങ്കിലും അടിയില്‍ നിന്നുള്ള ഒരുത്തന്റെ തള്ളലിനെയാണ് ഒരു തരത്തിലും കന്യാസ്ത്രീക്ക് സഹിക്കാനാവാതെ വന്നത്. കന്യാസ്ത്രീയുടെ ചെറുത്തു നില്പിനെ ബലമായി ഒരു വശത്തേക്ക് തള്ളിമാറ്റി അയാള്‍ മുകളില്‍ വന്നപ്പോള്‍ കന്യാസ്ത്രീയുടെ കണ്ണ് മഞ്ഞളിച്ചു പോയി അച്ചന്‍ !ക

കടുത്ത ദുഖവും, നിരാശയും ഉള്ളിലൊതുക്കി പുറത്തു വന്ന കേവലം രണ്ടു വാക്കുകളില്‍ കന്യാസ്ത്രീ പ്രതികരിച്ചു :

" എന്നോടിത് വേണ്ടായിരുന്നച്ചോ ?"

അച്ചന്റെ മുഖത്തെ പരിഭ്രമം കന്യാസ്ത്രീ വായിച്ചെടുത്തു. കരുവാളിച്ച സ്വന്തം ചുണ്ടുകളില്‍ ചൂണ്ടു വിരലമര്‍ത്തി കന്യാസ്ത്രീയുടെ ചെവിയില്‍ അച്ചന്‍ അടക്കം പറഞ്ഞു :

" ശ്..ശ്..ശ് ..ശ് ..ശ് ....പതുക്കെ. ബിഷപ്പ് തിരുമേനി അടിയിലുണ്ട്."


* * * * * ഈ സൂചനകള്‍ ശരിക്കും ആസ്വദിക്കണമെങ്കില്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ അച്ചടിച്ചിറക്കിയിട്ടുള്ള പ്രാര്‍ത്ഥനകളും, അനുഷ്ഠിക്കപ്പെടുന്ന ആചാരങ്ങളും കുറെയെങ്കിലും അറിഞ്ഞിരിക്കണം.

ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പികങ്ങള്‍ മാത്രം. ജീവിച്ചിരിക്കുന്നവരോ, മരിച്ചു പോയവരോ ആയ ആരുമായും ഇവര്‍ക്ക് ബന്ധമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക