Image

പ്രളയപ്രദേശങ്ങളിലെ കിണറുകളിലെ ജലത്തില്‍ ക്രമാതീതമായ അളവില്‍ അമ്ലാംശം

Published on 22 September, 2018
പ്രളയപ്രദേശങ്ങളിലെ കിണറുകളിലെ ജലത്തില്‍ ക്രമാതീതമായ അളവില്‍ അമ്ലാംശം

തിരുവനന്തപുരം: പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കിണര്‍ വെള്ളത്തില്‍ അമ്ലഗുണം കൂടിയെന്നും ഓക്‌സിജന്റെ അളവു കുറഞ്ഞെന്നും പഠന റിപ്പോര്‍ട്ട്‌.

ഒരു ലീറ്റര്‍ വെള്ളത്തില്‍ കുറഞ്ഞതു നാലു മില്ലിഗ്രാം ഓക്‌സിജന്‍ വേണമെന്നിരിക്കെ പ്രളയപ്രദേശങ്ങളിലെ കിണറുകളില്‍ നിന്നുള്ള സാംപിളുകളിലെ അളവു മൂന്നിനും താഴെയാണ്‌.

പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലെ 4348 കിണറുകളിലെ വെള്ളമാണു ഫിഷറീസ്‌ സമുദ്ര പഠന സര്‍വകലാശാലയിലെ സോയില്‍ ആന്‍ഡ്‌ വാട്ടര്‍ അനാലിസിസ്‌ ലാബില്‍ (കുഫോസ്‌) പഠനവിധേയമാക്കിയത്‌.

കുടിക്കാന്‍ യോഗ്യമല്ലാത്ത വിധം കിണര്‍ വെള്ളത്തില്‍ അമ്ലാംശം കൂടിയെന്നു കണ്ടെത്തിയതായി പഠനത്തിനു നേതൃത്വം നല്‍കിയ കെമിക്കല്‍ ഓഷ്യനോഗ്രഫി വിഭാഗത്തിലെ ഡോ. അനു ഗോപിനാഥ്‌ വ്യക്തമാക്കി. 6.5 മുതല്‍ 8.5 വരെ പിഎച്ച്‌ മൂല്യം രേഖപ്പെടുത്തുന്ന വെള്ളമാണ്‌ രാജ്യാന്തര ദേശീയ നിലവാരത്തില്‍ കുടിക്കാവുന്ന വെള്ളമായി കണക്കാക്കുന്നത്‌.

പരിശോധിച്ച സാംപിളുകളിലെ പിഎച്ച്‌ മൂല്യം നാലിനും ആറിനും ഇടയിലായിരുന്നു. എറണാകുളം ജില്ലയില്‍ പെരിയാറിന്റെ കരയില്‍ വ്യവസായമേഖലകളോടു ചേര്‍ന്ന പ്രദേശങ്ങളിലെ കിണറുകളിലാണ്‌ അമ്ലഗുണം കൂടിയ അളവില്‍ കണ്ടത്‌.

വൃത്തിയാക്കിയ മണലും ചിരട്ടക്കരിയും ചേര്‍ന്ന മിശ്രിതം കിഴികെട്ടി ആഴ്‌ചയില്‍ നാലു ദിവസമെന്ന തോതില്‍ വെള്ളത്തില്‍ താഴ്‌ത്തി കിണര്‍ ശുദ്ധീകരിക്കുന്ന പരമ്പരാഗത ഫില്‍ട്ടര്‍ രീതിയും ഫലപ്രദമാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക