Image

ലാന സമ്മേളനത്തിന് മുഖ്യാതിഥി സതീഷ് ബാബു പയ്യന്നൂര്‍

എം. പി. ഷീല Published on 23 September, 2018
ലാന സമ്മേളനത്തിന് മുഖ്യാതിഥി സതീഷ് ബാബു പയ്യന്നൂര്‍
ഫിലഡല്‍ഫിയ: സാഹിത്യ രംഗത്തെ മുന്‍നിര എഴുത്തുകാരില്‍ ശ്രദ്ധേയനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂര്‍ ആണ് ഒക്ടോബര്‍ 5,6,7 തീയതികളില്‍ ഫിലഡല്‍ഫിയയില്‍ നടക്കുന്ന ലാന സമ്മേളനത്തിന്റെ മുഖ്യാതിഥി .

2017 ലെ മലയാറ്റൂര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ കഥ, കവിത, പ്രബന്ധരചന തുടങ്ങി വിവിധ വിഷയങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടി തന്റെ സാഹിത്യ പാടവം തെളിയിച്ചിരുന്നു.

പത്രപ്രവര്‍ത്തന രംഗത്ത് മികവുറ്റ സംഭാവനകള്‍ നല്‍കിയിട്ടുള്ള സതീഷ് ബാബുകോളേജ് വിദ്യാഭ്യാസ കാലത്ത് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ആദ്യത്തെ കാമ്പസ് പത്രമായ'കാമ്പസ് ടൈംസി 'ന് നേതൃത്വം നല്‍കി പ്രസിദ്ധീകരിച്ചു. 80 കളില്‍ ആനുകാലികങ്ങളില്‍ നിറഞ്ഞു നിന്ന പയ്യന്നൂരിന്റെ കൃതികള്‍ വായനക്കാരുടെ മുക്തകണ്ഠപ്രശംസ പിടിച്ചുപറ്റിയിരുന്നു. എഴുത്തിലെ ലാളിത്യം ഇദ്ദേഹത്തിന്റെ രചനാവൈശിഷ്ട്യം വെളിവാക്കുന്നു.

കലാകൗമുദി, മാതൃഭുമി, കുങ്കുമംതുടങ്ങിയ വാരികകളിലും എല്ലാ പ്രമുഖ ദിനപ്പത്രങ്ങളുടെ വാരാന്ത പതിപ്പിലുംഇദ്ദേഹം എഴുതിയ വേറിട്ട വിഷയങ്ങള്‍ ജനഹൃദയങ്ങളില്‍ ഇടം നേടി. തെയ്യം കൊട്ടു കലാകാരന്‍മാരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍, അസ്തമിച്ചു പോകുന്ന ഗ്രാമചന്ത തുടങ്ങിയ വിഷയങ്ങള്‍ക്കു പുറമേ പ്രസിദ്ധരായ പലരുടെ ജീവിത വഴികളെ പകര്‍ത്തിവായനാലോകത്തിന് ഇദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥ 'എന്നിലൂടെ' തയ്യാറാക്കിയതും മനുഷ്യ സ്‌നേഹിയായഈ എഴുത്തുകാരനാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച സതീഷ് ബാബു സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെമെമ്പര്‍ സെക്രട്ടറിയായി അഞ്ചു വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പടിപടിയായി വളര്‍ന്ന ഈ എഴുത്തുകാരന്റെ സാഹിത്യ ജീവിതം ഇന്ന് ഒരു വന്‍മരമായി പന്തലിച്ചു നില്‍ക്കുമ്പോള്‍ ഇദ്ദേഹം മലയാളത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. സിനിമ രംഗത്തും ടെലിവിഷന്‍ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചസതീഷ്ബാബു മലയാള സാഹിത്യ ലോകത്തിന് അഭിമാനമാണ്.

അദ്ദേഹത്തിന്റെ ഏതാനും കൃതികള്‍ പരിചയപ്പെടുത്തുന്നു.
ചെറുകഥാ സമാഹാരം:മഴയിലുണ്ടായ മക്കള്‍, പേരമരം (കേരള സാഹിത്യ അവാര്‍ഡ്) ഒരു തുവലിന്റെ സ്പര്‍ശം, ദൈവപ്പുര, ഖമറുന്നീസയുടെ കൂട്ടുകാരി (മലയാറ്റൂര്‍ അവാര്‍ഡ് )
നോവലൈറ്റ് സമാഹരം: ഹൃദയ ദൈവതം
നോവല്‍:
മഞ്ഞ സൂര്യന്റെ നാളുകള്‍
കുടമണികള്‍ കിലുങ്ങിയ രാവില്‍
മണ്ണ്
വിളപ്പവൃക്ഷത്തിലെ കാറ്റ്
ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ തിരക്കഥ
ഉള്‍ഖനനങ്ങള്‍ (അബുദാബി ശക്തി അവാര്‍ഡ്)
സിനിമ
ഇന്നലെ (അസേസിയേറ്റ് ഡയറക്ടര്‍)
നക്ഷത്ര കൂടാരം (തിരക്കഥ)
ഓ ഫാബി (തിരക്കഥ )
ടെലിവിഷന്‍ സീരീസ്
മദ്ധ്യവേനല്‍
വാടാമലരുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക