Image

പ്രശസ്ത തെരുവ് ഗായകന്‍ കൊച്ചിന്‍ ആന്റോ സ്‌നേഹാലയത്തില്‍ മരിച്ച നിലയില്‍

Published on 25 September, 2018
പ്രശസ്ത തെരുവ് ഗായകന്‍ കൊച്ചിന്‍ ആന്റോ സ്‌നേഹാലയത്തില്‍ മരിച്ച നിലയില്‍
പൊന്നാനി: വിവിധ പ്രദേശങ്ങളില്‍ ഗാനമാലപിച്ച് ജിവിച്ചിരുന്ന പ്രശസ്ത ഗായകന്‍ കൊച്ചിന്‍ ആന്റോയെ തൃത്താല സ്‌നേഹാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌നേഹാലയത്തിലെ 20 ഓളം ആളുകളെ പ്രതിമാസ ചികിത്സയ്ക്കായ് കൊപ്പത്തെ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് സ്‌നേഹാലയം നടത്തിപ്പുകാര്‍ അറിയിച്ചു.

പ്രളയക്കെടുതിയില്‍പ്പെട്ട് ഭക്ഷണം പോലും കിട്ടാതെ കൊണ്ടോട്ടിയില്‍ അവശനിലയില്‍ കിടന്നിരുന്ന ഇദ്ദേഹത്തെ സെപ്തംബര്‍ മൂന്നിനാണ് നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് തൃത്താല സ്‌നേഹാലയം നടത്തിപ്പുകാര്‍ കൂട്ടിക്കൊണ്ടുപോയത്. മലപ്പുറം ജില്ലയിലെ തീരദേശ ഗ്രാമങ്ങളിലുള്‍പ്പെടെ ഗാനമാലപിച്ചാണ്ഈ കലാകാരന്‍ ജീവിച്ചിരുന്നത്.

ദേഹമാസകലം നീര് വന്ന നിലയിലാണ് സ്‌നേഹാലയത്തിലെത്തിയത്. ബാഗില്‍ നിന്ന് കണ്ട തിരിച്ചറിയല്‍ രേഖയില്‍ നിന്നാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്. സംസാരിക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ വയ്യാത്ത സ്ഥിതിയിലായിരുന്നു. സ്‌നേഹാലയം പുതിയ വസ്ത്രങ്ങളെല്ലാം നല്‍കി പരിചരിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യമല്ലാം വീണ്ടെടുത്തിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

ഗാനമേളകളിലൂടെയും പിന്നണിഗായകനായും ശ്രദ്ധേയനായ കൊച്ചിന്‍ ആന്റോ സിനിമകളില്‍ സ്ത്രീ ശബ്ദങ്ങളിലും പാടി യിട്ടുണ്ട്.നിരവധിഗാനങ്ങള്‍ രചിച്ച ഇദ്ദേഹം നിരവധി വിപ്ലവ ഗാനങ്ങളുടെ സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. കൊച്ചിക്കാരനായ ആന്റോ ചെറുപ്പത്തില്‍ തന്നെ വീടുവിട്ടിറങ്ങി അര നൂറ്റാണ്ടുകാലം തെരുവു ഗായകനായി ജീവിക്കുകയായിരുന്നു.

പ്രശസ്ത തെരുവ് ഗായകന്‍ കൊച്ചിന്‍ ആന്റോ സ്‌നേഹാലയത്തില്‍ മരിച്ച നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക