Image

മാര്‍ത്തമറിയം വനിതാ സമാജം പത്താമത് വാര്‍ഷിക കോണ്‍ഫറന്‍സ് വെള്ളിയാഴ്ച ആരംഭിക്കും

ജോയിച്ചന്‍ പുതുക്കുളം Published on 25 September, 2018
മാര്‍ത്തമറിയം വനിതാ സമാജം പത്താമത് വാര്‍ഷിക കോണ്‍ഫറന്‍സ് വെള്ളിയാഴ്ച ആരംഭിക്കും
ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ 2018-ലെ വാര്‍ഷിക കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 28-നു വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചു നടത്തുന്നതാണ്.

സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട വിവിധ ഇടവകകളില്‍പ്പെട്ട ഏകദേശം 350 പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതാണ്. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരവും തുടര്‍ന്ന് ഭദ്രാസന അസി. മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം സമ്മേളനം ഉദ്ഘാടനം ചെയ്യും. ഭദ്രാസന സെക്രട്ടറി റവ.ഫാ. ഫിലിപ്പ് ഏബ്രഹാം ആശംസകള്‍ നേരും. 'ദാഹിക്കുന്നവന് ഞാന്‍ ജീവ നീരുറവയില്‍ നിന്ന് സൗജന്യമായി കൊടുത്തു' (വെളിപാട് 21: 6 7) എന്നതാണ് ഈവര്‍ഷത്തെ മുഖ്യചിന്താവിഷയം. അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം, റവ.ഡോ. തിമോത്തി തോമസ്, റവ.ഫാ. ജോര്‍ജ് പൗലോസ് ഓണക്കൂര്‍ എന്നിവര്‍ വിവിധ ക്ലാസുകള്‍ നയിക്കും.

സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഡാളസ്, പ്ലെയിനോ വികാരി റവ.ഫാ. തോമസ് മാത്യു, ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി റവ.ഫാ. രാജേഷ് ജോണ്‍ എന്നിവര്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് സന്ധ്യാനമസ്കാരത്തെ തുടര്‍ന്നു ധ്യാനയോഗവും നയിക്കുന്നതാണ്. മാര്‍ത്തമറിയം ഭദ്രാസന സെക്രട്ടറി ശാന്തമ്മ മാത്യു ബൈബിള്‍ ക്ലാസിനു നേതൃത്വം നല്‍കും. ഡാളസിലുള്ള വിവിധ ഇടവകാംഗങ്ങള്‍ ഉള്‍പ്പെട്ട ഗായകസംഘം ഗാനശുശ്രൂഷയും കലാപരിപാടികളും അവതരിപ്പിക്കും. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍ സ്വാഗതവും മാര്‍ത്തമറിയം ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. ബിന്നി കുരുവിള കൃതജ്ഞതയും അറിയിക്കും.

ഡാളസിലുള്ള വിവിധ ഇടവകകളുടെ സഹകരണത്തില്‍ നടത്തപ്പെടുന്ന ഈ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. ബിനു മാത്യു, മാര്‍ത്തമറിയം വനിതാ സമാജം ഭദ്രാസന സെക്രട്ടറി ശാന്തമ്മ മാത്യു, കോണ്‍ഫറന്‍സ് കണ്‍വീനറായ മെറി മാത്യു, സൂസന്‍ തമ്പാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക