Image

സാലറി ചലഞ്ച്‌ നിര്‍ബന്ധ പിരിവാക്കുന്നതിനോട്‌ സിപിഎമ്മിലും മുന്നണിയിലും അതൃപ്‌തി

Published on 26 September, 2018
സാലറി ചലഞ്ച്‌ നിര്‍ബന്ധ പിരിവാക്കുന്നതിനോട്‌ സിപിഎമ്മിലും മുന്നണിയിലും  അതൃപ്‌തി

തിരുവനന്തപുരം: സാലറി ചലഞ്ചിനോട്‌ അനുകൂലമായി പ്രതികരിക്കാതിരുന്നവരെ ഭീഷണിപ്പെടുത്തുകയും നടപടികളെടുക്കുകയും ചെയ്യുന്ന രീതിക്ക്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പ്രോത്സാഹനം നല്‍കുന്നതിനെതിരെ സിപിഎമ്മിലും ഇടതുമുന്നണിയിലും അതൃപ്‌തി.

മഹാപ്രളയത്തെ നേരിടുന്നതിന്‌ അസാധാരണമായ ഇച്ഛാശക്തി പ്രകടിപ്പിച്ചും രക്ഷാപ്രവര്‍ത്തനങ്ങളെയും ദുരിതാശ്വാസത്തെയും ഏകോപിപ്പിക്കുന്നതില്‍ സമര്‍ത്ഥമായ നേതൃത്വം നല്‍കുകയും ചെയ്‌ത മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വെട്ടിലാക്കുന്ന രീതിയാണ്‌ ഇതെന്ന വിമര്‍ശനമാണ്‌ ഉയരുന്നത്‌.

പ്രതിപക്ഷം ഈ വിഷയം തുടര്‍ച്ചയായി ഉന്നയിക്കുന്നതും സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നതും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളും മുന്നണി ഘടകകക്ഷികളും ചൂണ്ടിക്കാട്ടുന്നു. സിപിഐ നേതൃത്വം ഇക്കാര്യത്തിലെ അതൃപ്‌തി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട്‌ അറിയിക്കുമെന്നാണ്‌ സൂചന.

പ്രതിപക്ഷം ഈ പ്രചാരണം ശക്തമായി നടത്തുന്നത്‌ സര്‍ക്കാരിനെതിരായി ഇടത്‌ അനുകൂല സര്‍വീസ്‌ സംഘടനാ പ്രവര്‍ത്തകരിലും കുടുംബങ്ങളിലുംപോലും അമര്‍ഷമുണ്ടാക്കിയെന്നാണ്‌ സിപിഎമ്മിലെയും എല്‍ഡിഎഫിലെയും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക